LIFE

ജക്രാന്തകള്‍ തീര്‍ത്ത വയലറ്റ് വിസ്മയം; ഇതാണ് ഈ വസന്തത്തിലെ മൂന്നാര്‍

അമേരിക്കക്കാരിയായ ജക്രാന്തക്ക് നീല വാകയെന്നും വിളിപ്പേരുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: സൗന്ദര്യമൊളിപ്പിക്കുന്ന അത്ഭുത ഭൂമിയാണ് മൂന്നാര്‍. സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കി ജക്രാന്ത മരങ്ങള്‍ നീലവസന്തം തീര്‍ത്ത കാഴ്ചയാണ് ഇപ്പോള്‍ മുന്നാറിലുള്ളത്. തേയിലകാടുകള്‍ക്ക് ഇടയിലെ വയലറ്റ് നിറംകൊണ്ട് അഴക് വിരിയിക്കുന്ന ജക്രാന്ത മരങ്ങള്‍ പള്ളിവാസലിലും വാഗുവരൈയിലുമാണ് അധികവും പൂത്തുനില്‍ക്കുക.

വേനലിലും മഞ്ഞ് മൂടിയ മലനിരകള്‍ക്കിടയില്‍ വയലറ്റ് കാന്തി വിരിക്കുന്ന ജക്രാന്ത പൂമരങ്ങള്‍ മൂന്നാറിന്റെ മാറ്റ് കൂട്ടുന്നു. നനുത്ത മഞ്ഞിന്റെ കുളിരും പരന്ന് കിടക്കുന്ന തേയിലച്ചെടികളുടെ വശ്യഭംഗിക്കും പുറമെയാണ് ഈ കാഴ്ച.

മൂന്നാറിലെ തേയില തോട്ടങ്ങളില്‍ കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷ് വംശജരാണ് പാതയോരങ്ങളിലും ബംഗ്ലാവുകളുടെ പരിസരത്തും ജാക്രാന്ത മരങ്ങള്‍ വച്ച് പിടിപ്പിച്ചത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ വരണ്ടുണങ്ങുന്ന പ്രകൃതിക്ക് മാറ്റു നല്‍കിയാണ് ജക്രാന്ത മരങ്ങള്‍ പൂവിടാറ്. അതേസമയം ദേശിയപാത നവീകരണത്തിന്റെ ഭാഗമായി പള്ളിവാസല്‍ ഭാഗത്തെ ജക്രാന്ത മരങ്ങള്‍ മുറിച്ച് നീക്കാനുള്ള സാധ്യത മുമ്പില്‍ കണ്ട് മരങ്ങള്‍ സംരക്ഷിച്ച് റോഡ് നവീകരണം നടത്തണമെന്ന ആവശ്യം ശക്തമാണ് .

ലാറ്റിന്‍ അമേരിക്കയിലേയും കരീബിയന്‍ പ്രദേശങ്ങളിലേയും ഉഷ്ണ മേഖലാ പ്രദേശങ്ങളില്‍ നിന്നുള്ള ബിഗ്‌നോണിയേസി കുടുംബത്തിലെ 49 ഇനം പൂച്ചെടികളുടെ ഒരു ജനുസ്സില്‍പ്പെട്ടതാണ് ജക്രാന്ത. അമേരിക്കക്കാരിയായ ജക്രാന്തക്ക് നീല വാകയെന്നും വിളിപ്പേരുണ്ട്.

SCROLL FOR NEXT