സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു പുതുക്കിയതിനു പിന്നാലെ കുട്ടികൾക്ക് ഫ്രൈഡ് റൈസും ബിരിയാണിയുമൊക്കെയാണ് നൽകുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കാസർഗോഡ് കാഞ്ഞിരപ്പുഴ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ചിക്കൻ മന്തി നൽകാനാണ് പിടിഐ തീരുമാനിച്ചത്. സർക്കാർ നൽകുന്ന അതേ അരി ഉപയോഗിച്ചാണ് ഭക്ഷണം തയാറാക്കുന്നത്.
അധിക ചിലവായതിനാൽ ഫണ്ട് എങ്ങനെ കണ്ടെത്തണമെന്ന സംശയം പിടിഎയ്ക്കുണ്ടായി. ചില സ്പോൺസർമാരുടെ കൂടി സഹായം ഉണ്ടായതോടെ മന്തി കൊടുക്കാനുള്ള തീരുമാനം അന്തിമമായി. സ്കൂളിൽ ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അതേ അരി ഉപയോഗിച്ചാണ് മന്തി തയ്യാറാക്കിയത്. ആദ്യം ചില സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും രക്ഷിതാക്കൾ തന്നെ പരീക്ഷണം നടത്തി വിജയിക്കുമെന്ന് ഉറപ്പായത്തിനു ശേഷമാണ് 500ലേറെ പേർക്ക് ഭക്ഷണം തയ്യാറാക്കിയത്. ഉച്ചയോടെ ഇതുവരെ ലഭിച്ചിട്ടില്ലാത്ത മന്തി പ്ലേറ്റിൽ എത്തിയതോടെ കുട്ടികളും സന്തോഷത്തിലായി.
ഫ്രൈഡ് റൈസും ബിരിയാണിയും സദ്യയും ഉൾപ്പെടെയുള്ളവ നേരത്തെ തയ്യാറാക്കി നൽകിയിട്ടുണ്ടെങ്കിലും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഇത് പുതിയ അനുഭവമായിരുന്നു. പരീക്ഷണം വിജയിച്ചതോടെ മാസത്തിലൊരിക്കൽ മന്തി നൽകാനാണ് പിടിഎയുടെ തീരുമാനം.