LIFE

നരകജീവിതം, പ്രതിഫലം, ഇഷ്ടഭക്ഷണം; സുനിത വില്യംസിൻ്റെ തിരിച്ചുവരവിൽ മാധ്യമങ്ങളുടെ വ്യത്യസ്ത അപ്രോച്ച്

ശാസ്ത്ര വള‍ർച്ചയെകുറിച്ചും അതിരുകളില്ലാത്ത പ്രപ‍ഞ്ച രഹസ്യങ്ങളക്കുറിച്ചുമെല്ലാം ലോകം ച‍ർച്ച ചെയ്യേണ്ട സമയം

Author : അഹല്യ മണി

'സുനിത വില്യംസിനെ കാത്തിരിക്കുന്നത് നരകജീവിതം! പക്ഷെ ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതിഫലം! സുനിത വില്യംസിന് ഇഷ്ടം ബീറ്റുറൂട്ട് ഹൽവയും വാനില ഐസ്ക്രീമും! സുനിത ഒരു തികഞ്ഞ ​ഗണേശ ഭക്ത!'

ഒമ്പത് മാസം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം സുനിതാ വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി തിരിച്ച് ഭൂമിയിലെത്തി. ആശങ്കയും ആകാംക്ഷയും ആഹ്ലാദത്തിന് വഴിമാറിയ നിമിഷമാണ്. ശാസ്ത്ര വള‍ർച്ചയെകുറിച്ചും അതിരുകളില്ലാത്ത പ്രപ‍ഞ്ച രഹസ്യങ്ങളക്കുറിച്ചുമെല്ലാം ലോകം ച‍ർച്ച ചെയ്യേണ്ട സമയം. എന്നാൽ കേരളത്തിൽ ചില മാധ്യമങ്ങൾ സുനിതയുടെ തിരിച്ച് വരവിന് ഒരു വ്യത്യസ്തതരം അപ്രോച്ചാണ് സ്വീകരിച്ചിരിക്കുന്നത്...

മൈക്രോഗ്രാവിറ്റിയില്‍ നിന്ന് ഭൂഗുരുത്വാകര്‍ഷണത്തിലേക്ക് തിരിച്ചെത്തുന്ന മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ശാരീരികപ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടിയായിരിക്കാം മാധ്യമങ്ങളുടെ നരകജീവിതം റിപ്പോ‍ർട്ടിങ്. ഭൂമിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിത സാഹചര്യത്തിൽ ഒൻപത് മാസത്തോളം ജീവിക്കേണ്ടി വന്ന ഒരു ബഹിരാകാശ യാത്രിക നേരിടുന്നത് പലതരത്തിലുള്ള പ്രശ്നങ്ങളായിരിക്കും. നാലാം തവണ നടത്തിയ ദൗത്യത്തിൽ ഒമ്പത് മാസം ബഹിരാകാശത്ത് അസാധാരണമായ ധൈര്യത്തോടെ കഴിഞ്ഞ് തിരിച്ചെത്തിയ ഇവ‍ർക്ക് ഇതും നിഷ്പ്രയാസം മറികടക്കാനാകില്ലേ?

ഏറ്റവുമധികം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോഡ് തന്റെ പേരിലാക്കിയാണ് ഗുജറാത്തിൽ വേരുകളുള്ള സുനിതാ ലിൻ വില്യംസ് മടങ്ങിയത്. 150ലധികം പരീക്ഷണങ്ങളാണ് ബഹിരാകാശ കേന്ദ്രത്തിൽ സുനിതയും വിൽമോറും നടത്തിയത്. സുനിത നരകിക്കുമോ, പ്രതിഫലം കേട്ട് ഞെട്ടുമോ, ഇഷ്ടഭക്ഷണം കഴിക്കുമോ എന്നൊക്കെ ചിന്തിച്ച് കാട് കയറുന്നവ‍ർ വല്ലപ്പോഴും അവർ കീഴടക്കിയിരിക്കുന്ന ഉയരങ്ങളും കൂടി ഒന്ന് നോക്കണേ.

SCROLL FOR NEXT