Source: freepik
LIFE

ഒരു നുള്ള് ഉപ്പ് മതി... ഗുണങ്ങളേറെ!

ഒരു നുള്ള് ഉപ്പ ചേർത്ത വെള്ളം ഹെൽത്ത് ഡ്രിങ്ക് പോലെയാണ് പ്രവർത്തിക്കുക

Author : ന്യൂസ് ഡെസ്ക്

ഭക്ഷണത്തിൽ ഉപ്പ് ഒഴിവാക്കുക എന്നത് അപൂർവമായി മാത്രം ചെയ്യുന്ന കാര്യമാണ്. അത്ര കഠിനമായ ആരോഗ്യ പ്രശ്നങ്ങളിൽ മാത്രമാണ് ഉപ്പ് പൂർണമായും ഉപേക്ഷിക്കേണ്ടി വരിക. ഉപ്പ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം സംശയങ്ങളുണ്ട്. ഉപ്പ് ബ്ലഡ് പ്രഷര്‍ കൂടുന്നതിന് കാരണമാകുന്നു എന്നതുകൊണ്ടു തന്നെ പലർക്കും അൽപ്പം ഭീതിയുണ്ട്. മിതമായ അളവിൽ ഉപ്പ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. മാത്രവുമല്ല ഉപ്പിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.

ഒരു നുള്ള് ഉപ്പിന് പോലും നമ്മുടെ ശരീരത്തിൽ ഗുണകരമായ മാറ്റങ്ങൾ വരുത്താൻ സാധിക്കും. ഒരു നുള്ള് ഉപ്പ ചേർത്ത വെള്ളം ഹെൽത്ത് ഡ്രിങ്ക് പോലെയാണ് പ്രവർത്തിക്കുക. വ്യായാമം ചെയ്യുമ്പോഴും വിയര്‍ക്കുമ്പോഴും മൂത്രമൊഴിക്കുമ്പോഴും ശരീരത്തില്‍നിന്ന് സോഡിയം പോലുള്ള ഇലക്ട്രോലൈറ്റുകള്‍ നഷ്ടപ്പെടാനിടയാകുന്നു. കുടിവെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകള്‍ വീണ്ടും നിറയാന്‍ സഹായിക്കുന്നു.

വെള്ളത്തില്‍ ഇലക്ട്രോലൈറ്റുകള്‍ പ്രത്യേകിച്ച് സോഡിയം ചേര്‍ക്കുന്നത് നമ്മുടെ ശരീരം വെള്ളം ആഗീരണം ചെയ്യാനും കോശങ്ങളില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. ശരീരത്തിലെ പേശികളുടെയും നാഡികളുടേയും പ്രവര്‍ത്തനത്തിന് ആവശ്യമായ സോഡിയം പൊട്ടാസ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകള്‍ ഉപ്പിലുണ്ട്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സ്‌പോര്‍ട്‌സ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നു.

ഇനി നിർജലീകരണം തടയാനും ഉപ്പിന് സാധിക്കും. വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കുടിക്കുന്നത് നിര്‍ജലീകരണം തടയാനും ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയാനും സഹായിക്കും. ഉപ്പ് ചേര്‍ത്ത വെളളം വായിലെ ഉമിനീര്‍ ഗ്രന്ധികളെ ഉത്തേജിപ്പിക്കുകയും ആമാശയത്തില്‍ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ഭക്ഷണം എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കും.

ചര്‍മ്മത്തിലെ വിഷാംശങ്ങളെ പുറംതള്ളുന്നതിനും, ശരീരത്തില്‍ കുരുക്കളും പാടുകളും ഉണ്ടാകുന്നത് തടയാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഉപ്പ് വെള്ളം സഹായിക്കും. മറ്റൊന്ന് പേശിവലിവ് തടയുന്നതാണ്. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുമ്പോൾ സംഭവിക്കുന്ന പേശിവലിവ് ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ്. വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് പേശികള്‍ക്ക് ആശ്വാസം നല്‍കും.

ഇനി ഇത്രയൊക്കെ ഗുണമുണ്ടെന്ന് കരുതി ഉപ്പ് അധികം കഴിച്ചാൽ പണി കിട്ടും. അളവ് പ്രധാനമാണ്. ഒരു ലിറ്റര്‍ വെളളത്തില്‍ ഒരുനുളള് ഉപ്പ് മാത്രമേ ചേർക്കാവൂ. സാധാരണ ടേബിള്‍ സാള്‍ട്ടിനേക്കാള്‍ മിനറലുകള്‍ അടങ്ങിയ ഹിമാലയന്‍ പിങ്ക് സാള്‍ട്ടാണ് അൽപ്പം കൂടി ആരോഗ്യകരം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,വൃക്ക രോഗങ്ങള്‍ എന്നിവയുളളവര്‍ ഡോക്ടറുടെ നിർദേശം അനുസരിച്ച് വേണം ഉപ്പ് ഉപയോഗിക്കാൻ. അമിതമായ അളവിൽ ഉപ്പ് വെള്ളത്തിഷ ചേർത്ത് കുടിച്ചാൽ അത് ദാഹം വര്‍ധിപ്പിക്കും. നിര്‍ജലീകരണത്തിനും വഴിയൊരുക്കും.

SCROLL FOR NEXT