മഴക്കാലമായതോടെ പല തരം പനികളാണ് സംസ്ഥാനത്തൊട്ടാകെ പടർന്നുപിടിക്കുന്നത്. അതിൽ പ്രധാനിയാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനി ഗുരുതരമാകുന്നതോടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുകയും, അത് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പനി, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
അസ്ഥിമജ്ജയിലെ രക്തകോശങ്ങളാണ് പ്ലേറ്റ്‌ലെറ്റുകൾ. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തിൽ ഒന്നര ലക്ഷം മുതൽ നാല് ലക്ഷം വരെ പ്ലേറ്റ്‌ലെറ്റുകൾ ഉണ്ടാകും. ഡെങ്കിപ്പനി ബാധിക്കുന്നതോടെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും, ത്രോംബോസൈറ്റോപീനിയ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്ലേറ്റ്‌ലെറ്റുകളിൽ സംഭവിക്കുന്ന കുറവ് ജീവന് പോലും ഭീഷണിയായേക്കും.
എന്നാൽ, പ്ലേറ്റ്‌ലെറ്റുകൾ വർധിപ്പിക്കുന്നതിനായി സഹായിക്കുന്ന ചില പഴങ്ങളും പച്ചക്കറി വർഗങ്ങളുമുണ്ട്. അവ കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടെ, പ്ലേറ്റ്‌ലെറ്റുകൾ കുറയുന്നതിനെ തടയാനും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർധിപ്പിക്കാനും സാധിക്കും. അവ ഏതാണെന്ന് നോക്കാം...
- മാതളം
മാതളം രോഗ പ്രതിരോധശേഷി കൂട്ടാൻ നല്ലതാണ്. ഇവയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കും. സന്ധി വേദന പോലെയുള്ള പ്രശ്നങ്ങളെ മാറ്റാൻ നല്ലതാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൂട്ടാൻ സഹായിക്കും. മാതളം നേരിട്ട് കഴിക്കുകയോ ജ്യൂസ് അടിച്ച് കുടിക്കുകയോ ചെയ്യാം. ഇതിന്റെ കുരുവും ഭക്ഷ്യയോഗ്യമാണ്.
- പപ്പായ
ഡെങ്കിപ്പനി ഉള്ളവർ കൂടുതലായി കഴിക്കുന്ന പഴമാണ് പപ്പായ. പച്ചയ്‌ക്കോ പഴുപ്പിച്ചോ കഴിക്കാവുന്നതാണ്. വിറ്റാമിൻ എ, സി എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ആരോഗ്യത്തിനും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനും പപ്പായ നല്ലതാണ്. ഇതിലെ പല ഘടകങ്ങളും ആരോഗ്യത്തിന് നല്ലതാണ്. രോഗപ്രതിരോധ ശേഷി കൂട്ടാൻ വൈറ്റമിൻ സി ഏറെ സഹായിക്കും. പൊട്ടാസ്യം, ബീറ്റാ കരോട്ടിൻ, ലൈകോപെനിൻ എന്നിവയും അടങ്ങിയിട്ടുണ്ട്.
- ചീര
ഇലക്കറികളിലെ പ്രധാനിയാണ് ചീര. ചീര കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനും ഇത് സഹായിക്കും. ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ കെ എന്നിവ അടങ്ങിയ ചീര, പ്ലേറ്റ്‌ലെറ്റുകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായി രക്തം കട്ടപിടിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. സമ്മർദ്ദം, ഉത്കണ്ഠ പോലെയുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും ചീര നല്ലതാണ്. വീടുകളിൽ ചീര പല രീതിയിൽ പാകം ചെയ്യാറുണ്ട്.
- ബീറ്റ്റൂട്ട്
രക്തം കൂട്ടാൻ സഹായിക്കുന്ന പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. ഇതിൽ അടങ്ങിയിരിക്കുന്ന അയൺ, ഫോളേറ്റ്, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ വേഗത്തിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൂട്ടാൻ സഹായിക്കും. ബീറ്റ്റൂട്ടിൽ ബെറ്റാനിൻ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഇവ മെറ്റബോളിസത്തിനും നല്ലതാണ്.
- മത്തങ്ങ
മത്തങ്ങയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്‌ലെറ്റ് വികസന പ്രക്രിയയെ സഹായിക്കുകയും, ശരീരത്തിലെ കോശങ്ങൾ നിർമ്മിക്കുന്ന പ്രോട്ടീനുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന് ആവശ്യമായ പല ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.