LIFE

ആഗോള റോബോട്ടിക്സ് മത്സരത്തിന്റെ ജഡ്ജിങ് പാനലില്‍ മലയാളിത്തിളക്കം

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പ് ആണ് യുണിക് വേള്‍ഡ് റോബോട്ടിക്‌സ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ എസ് ടി ഇ എം (സ്റ്റെം - സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്) പ്രോത്സാഹക സംഘടനയായ 'ഫസ്റ്റ്' (FIRST- For Inspiration and Recognition of Science and Technology) അമേരിക്കയിലെ ഇന്‍ഡിയാനയില്‍ സംഘടിപ്പിച്ച പ്രമുഖ രാജ്യാന്തര മത്സരത്തിന്റെ വിധിനിര്‍ണയ സമിതിയിലേക്ക് പ്രമുഖ റോബോട്ടിക്സ് വിദഗ്ധനും ദുബായ് ആസ്ഥാനമായ യൂണീക് വേള്‍ഡ് റോബോട്ടിക്സ് സ്ഥാപകനുമായ ബന്‍സണ്‍ തോമസ് ജോര്‍ജ്ജ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പ് ആണ് യുണിക് വേള്‍ഡ് റോബോട്ടിക്‌സ്.

ആഗോള സാങ്കേതിക വിദഗ്ധര്‍ അണിനിരന്ന ഉന്നതതല പാനലിലെ ഏക ഇന്ത്യന്‍ പൗരനും മലയാളിയും ബന്‍സണ്‍ തോമസ് ജോര്‍ജ്ജ് ആയിരുന്നുവെന്നത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിനും കേരളത്തിനും അഭിമാനമായി മാറി.

ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യകളില്‍ നേരിട്ട് പ്രായോഗിക പരിചയം നേടാനും സമൂഹത്തെ സ്വാധീനിക്കുന്ന പ്രോജക്ടുകള്‍ വികസിപ്പിക്കാനും എഫ് ടിസി പോലുള്ള വേദികള്‍ വലിയ അവസരമാണ് നല്‍കിയതെന്ന് ബന്‍സണ്‍ തോമസ് ജോര്‍ജ്ജ് പറഞ്ഞു. ഈ വിധി നിര്‍ണയ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാനും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെയും കേരളത്തെയും പ്രതിനിധീകരിക്കാന്‍ സാധിച്ചതും വലിയൊരു ബഹുമതിയായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ആഗോളതലത്തില്‍ ഏറ്റവും സ്വാധീനമുള്ള സംഘടനയായ 'ഫസ്റ്റ്', 12 മുതല്‍ 18 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരമായിരുന്നു 'ഫസ്റ്റ് ടെക് ചലഞ്ച്'. യുഎസിലെ ഇന്‍ഡിയാന സ്റ്റേറ്റിലെ സൗത്ത് ബെന്‍ഡില്‍ നടന്ന 'എഫ്ടിസി മിഷിഗാനാ പ്രീമിയര്‍ ഇവന്റ് 2026'-ല്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഏകദേശം 106 പ്രമുഖ ടീമുകളാണ് പങ്കെടുത്തത്.

റോബോട്ടിക്സ്, നിര്‍മ്മിത ബുദ്ധി (എഐ), സ്പേസ് ടെക്, ഐഒടി , എആര്‍/വിആര്‍, പ്യൂര്‍ സയന്‍സ്, ഗണിത ശാസ്ത്രം തുടങ്ങി അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിച്ച ഈ സംഘടനയ്ക്ക് നാസ, യു.എസ് പ്രതിരോധ വകുപ്പ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ടെസ്ല, ഓപ്പണ്‍ എഐ തുടങ്ങിയ നൂറിലധികം ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ പിന്തുണയുണ്ടായിരുന്നു.

'ഫസ്റ്റ്' പ്രധാനമായും മൂന്ന് ആഗോള മത്സരങ്ങളാണ് സംഘടിപ്പിച്ചത്: ഫസ്റ്റ് ടെക് ചലഞ്ച് , ഫസ്റ്റ് റോബോട്ടിക്‌സ് കോമ്പറ്റീഷന്‍, ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ച് എന്നിവയായിരുന്നു അവ.

മത്സരത്തില്‍ പങ്കെടുത്ത ടീമുകളുടെ റോബോട്ടുകളുടെ നിര്‍മ്മാണം (രൂപകല്‍പ്പന, കോഡിങ്, നവീകരണം), എഞ്ചിനീയറിംഗ് പ്രോസസ്സ്, ഡോക്യുമെന്റേഷന്‍, ടീം വര്‍ക്ക്, കമ്മ്യൂണിറ്റി സ്വാധീനം എന്നിവ കര്‍ശനമായ മാനദണ്ഡങ്ങളിലൂടെയാണ് വിലയിരുത്തപ്പെട്ടത്. ഇതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്ക് എം.ഐ.റ്റി ബോസ്റ്റണ്‍ , യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ, കാര്‍നെഗി മെലന്‍, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയ മുന്‍നിര ആഗോള സര്‍വകലാശാലകളില്‍ പ്രവേശനത്തിന് അവസരം ലഭിച്ചു. ഏകദേശം 80 മില്യണ്‍ യുഎസ് ഡോളറിലധികം മൂല്യമുള്ള സ്‌കോളര്‍ഷിപ്പുകളും ഇവരെ തേടിയെത്തി.

ഡെവലപ്മെന്റ്, ഇന്നവേഷന്‍, കണക്ട്, ഔട്ട്രീച്ച്/ഇംപാക്ട്, സസ്‌റ്റൈനബിലിറ്റി, മാച്ച് പെര്‍ഫോമന്‍സ് എന്നീ ആറ് പ്രധാന അവാര്‍ഡ് വിഭാഗങ്ങളിലാണ് ടീമുകളുടെ ശാസ്ത്ര- സാങ്കേതിക നേട്ടങ്ങള്‍ ബന്‍സണ്‍ തോമസ് ജോര്‍ജ്ജ് ഉള്‍പ്പെട്ട വിധികര്‍ത്താക്കളുടെ പാനല്‍ വിലയിരുത്തിയത്.

SCROLL FOR NEXT