ലോകത്തിൻ്റെ ഏത് മൂലയിലുമായിക്കോട്ടെ, ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ അവാർഡുകളിൽ ഒന്നാണ് ഇൻ്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡുകൾ അഥവാ ഐപിഎ. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർ, 14000 ഓളം ഫോട്ടോകൾ. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുക എന്നത് ഒരാളുടെ കഴിവിനുള്ള ആദരം തന്നെയാണ്. എന്നാൽ ഇത്തവണ ആ അവാർഡുകളിൽ ഒന്ന് എത്തിയത് നമ്മുടെ കേരളത്തിലേക്കാണ്. പ്രൊഫഷണൽ ഫോട്ടോഗ്രഫി മത്സരത്തിലെ 11 വിഭാഗങ്ങളിൽ ഒന്നായ 'ഇവന്റ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ 2025' കാറ്റഗറിയിലാണ് മലയാളി ഫോട്ടോഗ്രാഫർ സവാദിൻ്റെ ഫോട്ടോ തിരഞ്ഞെടുക്കപ്പെട്ടത്.
തൃശൂർ തിരുവില്വാമല സ്വദേശിയാണ് സവാദ്മോൻ അവലച്ചംവീട്ടിൽ. 144 വർഷങ്ങളുടെ ഇടവേളയിൽ നടക്കുന്ന മഹാകുംഭമേളയിലെ ചിത്രങ്ങളാണ് സവാദിന് അവാർഡ് നേടിക്കൊടുത്തത്. കുംഭമേളയിലെ ഏറ്റവും വ്യത്യസ്തമായ ഒരു കാഴ്ച സവാദ് തൻ്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തു. ഭസ്മം പൂശിയ നാഗ സന്യാസിമാർ പുലർച്ചെ ഗംഗയിൽ മുങ്ങിത്താഴുന്ന ദൃശ്യമായിരുന്നു സവാദ് പകർത്തിയത്. പിന്നാലെ അവാർഡും തേടിയെത്തി. ഒക്ടോബർ 5 ന് ഗ്രീസിൽ വെച്ച് നടക്കുന്ന ഗാല ഐപിഎ 2025 ഇവന്റിൽ വെച്ച് സവാദ് അവാര്‍ഡ് ഏറ്റുവാങ്ങും.
ഇവന്റ് കാറ്റഗറിയിലെ കൾചർ ആൻഡ് ട്രെഡിഷൻ എന്ന സബ് കാറ്റഗറിയിലാണ് സവാദ് തൻ്റെ ഫോട്ടോ സമർപ്പിച്ചത്. ഇവന്റ് കാറ്റഗറിക്ക് കീഴിൽ മാത്രം തന്നെ മറ്റ് ആറോളം സബ് കാറ്റഗറികളുണ്ടാകും. ലോകത്തിൻ്റെ പല കോണിൽ നിന്നുള്ള നിരവധി ഫോട്ടോകളിൽ നിന്നാണ് കുംഭമേളയിൽ നിന്നുള്ള സവാദിൻ്റെ ഫോട്ടോ തിരഞ്ഞെടുത്തത്.
ഐപിഎ അവാർഡുകളിൽ ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതും സവാദിൻ്റെ ചിത്രമാണ്. ജൂറി അംഗം അലക്സ് ചിത്രത്തെക്കുറിച്ച് നടത്തിയ പരാമർശം ഇങ്ങനെയാണ്. "ഈ ചിത്രം ടോപ്പ് ഫൈവ് ഇമേജ് ലിസ്റ്റിൽ ഉൾപെടുത്തുന്നതിനുള്ള തീരുമാനത്തിലേക്കെത്താന്‍ ഞാന്‍ കുറച്ച് സമയമെടുത്തു. ചിത്രത്തിന് പിന്നിലുള്ള കഥ മാത്രമല്ല, 144 വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാ കുംഭമേള പോലുള്ള ഒരു വലിയ ഉത്സവം, അതുപോലെ ലോകത്തെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ഒരു ഇവന്റ് തന്നെ ഔട്ട്സ്റ്റാൻഡിങ് ആയ ഒരു സബ്ജെക്ട് ആണ്. ഈ ചിത്രത്തിന്റെ മികവ് എന്നത് ഫോട്ടോഗ്രഫർ അസാധാരണ നിമിഷം പകർത്താൻ അനുയോജ്യമായ സമയവും ഏറ്റവും മികച്ച ഫ്രെയിമും കണ്ടെത്തി എന്നതാണ്. കൂടാതെ ഈ ചിത്രത്തിന്റെ യൂണിക് കമ്പോസിഷനിലെയും ലൈറ്റിങ്ങിലെയും ഡീറ്റൈയിലിങ്ങിലെയും മികവ് കൂടിയാണ്,". അവാർഡ് ജൂറിയുടെ ഈ വാക്കുകളും സവാദിൻ്റെ പുരസ്കാരത്തിൻ്റെ മൂല്യം കൂട്ടുന്നു.
ഏറ്റവും മികച്ച ഫോട്ടോഗ്രഫർമാരെ നിർണയിക്കുന്ന, ലോകത്തിലെ അഞ്ച് അവാർഡുകളിൽ ഏറ്റവും സുപ്രധാനമായ ഒരു അവാർഡായാണ് ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡ് പരിഗണിക്കപ്പെടുന്നത്. ആറ് മാസത്തോളം നീണ്ടുനിൽക്കുന്ന മൾട്ടി ലെവൽ ജഡ്ജ്മെന്റ് പ്രോസസ്സാണ് നടക്കുക. പ്രൊഫഷണൽ ഫോട്ടോഗ്രഫി അവാർഡിനായി 11 കാറ്റഗറികളിലായി ഫോട്ടോകൾ സമര്‍പ്പിക്കാം. ഓരോ കാറ്റഗറിയിലും ധാരാളം സബ് കാറ്റഗറികളുമുണ്ട്.