LIFE

പ്രായമോ ലിംഗമോ പ്രശ്‌നമല്ല, ആര്‍ക്കും സൗജന്യ നീന്തല്‍ പരിശീലനം നല്‍കുന്ന സജി; മന്‍കീ ബാത്തില്‍ വീണ്ടും മലയാളിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

പരിശീലനം ആരംഭിച്ച 16 വര്‍ഷത്തിനിടയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സജിക്ക് സാധിച്ചു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍കീ ബാത്തില്‍ വീണ്ടുമൊരു മലയാളിയെ കൂടി പരാമര്‍ശിച്ചിരിക്കുകയാണ് നരേന്ദ്രമോദി. അനേകം പേര്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി ശ്രദ്ധനേടിയ ആലുവ സ്വദേശി സജി വളാശ്ശേരിയാണ് ആ മലയാളി. സൗജന്യ നീന്തല്‍ പരിശീലനം നല്‍കുന്ന സജിയുടെ വേറിട്ട സാമൂഹിക സേവനമാണ് പ്രധാനമന്ത്രിയുടെ പ്രശംസക്ക് ഇടയാക്കിയത്.

ഒഴുക്കിനെതിരെ നീന്തുക എന്നത് ഏറെ പ്രയാസകരമാണ്. അതും ശക്തമായ അടിയൊഴുക്കുള്ള നദികളില്‍. കേരളത്തിലുടനീളം നടന്ന ബോട്ടപകടങ്ങളും മുങ്ങി മരണങ്ങളിലും സജിയെന്ന ആലുവ സ്വദേശിയെ അസ്വസ്ഥനാക്കി. നീന്തല്‍ അറിയാത്തതിന്റെ പേരില്‍ ആരുടെയും ജീവന്‍ നഷ്ടപ്പെടരുത് എന്ന തോന്നലാണ് പെരിയാറില്‍ സൗജന്യമായി നീന്തല്‍ പഠിപ്പിക്കാന്‍ സജിയെ പ്രേരിപ്പിച്ചത്.

സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ആര്‍ക്കും വളാശ്ശേരി സ്വിമ്മിങ്ങ് ക്ലബ്ബില്‍ നീന്തല്‍ പഠിക്കാം. പ്രായവും തടസ്സമല്ല. 1800 ല്‍ അധികം ആളുകളാണ് സജിയുടെ ശിക്ഷണത്തില്‍ നീന്തല്‍ പ്രഗത്ഭരായത്. സാമൂഹിക സേവനത്തിന്റെ ഈ വേറിട്ട മുഖമാണ് പ്രധാനമന്ത്രിയെ പോലും അത്ഭുതപ്പെടുത്തിയത്.

പരിശീലനം ആരംഭിച്ച 16 വര്‍ഷത്തിനിടയില്‍ വലിയ നേട്ടങ്ങള്‍ കൈവരയ്ക്കാന്‍ സജിക്ക് സാധിച്ചു. ഒറ്റദിവസംകൊണ്ട് 912 ആളുകളാണ് ഇവിടെ നിന്ന് പരിശീലനം നേടിപ്പോകുന്നത്. മൂന്ന് വയസ്സുകാരന്‍ മുതല്‍ 80 വയസ്സുള്ളവര്‍ വരെ ഉണ്ട് ഇക്കൂട്ടത്തില്‍. 2026ല്‍ 180 പേര്‍ വേമ്പനാട് കായല്‍ നീന്തി കടന്നതും വലിയ നേട്ടമാണ്.

SCROLL FOR NEXT