Image: Miss World/Instagram 
LIFE

Miss World 2025 | 16ാം വയസിൽ സ്തനാര്‍ബുദ ശസ്ത്രക്രിയയ്ക്ക് വിധേയയായി; തന്റെ ശ്രമം അര്‍ബുദ ബോധവത്കരണം: ഓപല്‍ സുചത

ആദ്യമായാണ് ഒരു തായ് മത്സരാര്‍ഥി മിസ് വേള്‍ഡ് കിരീടം നേടുന്നത്

Author : ന്യൂസ് ഡെസ്ക്

72 ാമത് ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയാണ് മിസ് തായ്‌ലന്‍ഡ് ഓപല്‍ സുചത ചുങ്സ്രി ചരിത്രത്തില്‍ ഇടംനേടിയത്. ആദ്യമായാണ് ഒരു തായ് മത്സരാര്‍ഥി മിസ് വേള്‍ഡ് ആകുന്നത്. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന ഫിനാലെ ചടങ്ങില്‍ മത്സരത്തില്‍ മിസ് എത്യോപ്യ ഹസത് ദെറജ് ആദ്യ റണ്ണര്‍ അപ്പായി. മിസ് പോളണ്ട് മജ ക്ലദ്ജ മൂന്നാം സ്ഥാനത്തും മിസ് മാര്‍ട്ടിനിക് ഓര്‍ലി ജോചിം നാലാം സ്ഥാനത്തും എത്തി.

നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് സുചത ലോകസുന്ദരി കിരീടം നേടിയത്. മിസ് വേള്‍ഡ് ആകുന്ന ആദ്യ തായ് മത്സര്‍ഥിയായതില്‍ ഏറെ അഭിമാനമുണ്ടെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സുചത പറഞ്ഞു. ആരോഗ്യത്തിനുവേണ്ടി വാദിക്കുന്ന ഒപാല്‍, തന്റെ 'ബ്യൂട്ടി വിത്ത് എ പര്‍പ്പസ്' എന്ന ആശയം വ്യക്തിപരമായ അനുഭവത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും പങ്കുവെച്ചു.

16 ാം വയസ്സില്‍ സ്തനത്തില്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നയാളാണ് താന്‍. ഇന്ന് സ്തനാര്‍ബുദത്തെ കുറിച്ചുള്ള ബോധവത്കരണത്തില്‍ സജീവമായതിന്റെ പ്രചോദനം സ്വന്തം ജീവിതം തന്നെയാണെന്നും ഓപല്‍ പറയുന്നു. മൃഗസ്‌നേഹിയായ താന്‍ 16 പൂച്ചകളേയും 3 പട്ടികളേയും വളര്‍ത്തുന്നതായും പറഞ്ഞു. 2024ലെ മിസ് വേള്‍ഡ് ക്രിസ്റ്റീന ഫിസ്‌കോവയാണ് ഓപലിന് ലോകസുന്ദരി കിരീടം അണിയിച്ചത്.

മെയ് ഏഴിന് ആരംഭിച്ച മിസ് വേള്‍ഡ് മത്സരത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി 108 പേരാണ് മത്സരിച്ചത്. അവസാന 18 മത്സരാര്‍ഥികളില്‍ ഒരാളായ ഇന്ത്യയില്‍ നിന്നുള്ള നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടില്‍ ഇടംപിടിക്കാനായില്ല. മുന്‍ ലോകസുന്ദരി മാനുഷി ചില്ലര്‍, അഭിനേതാക്കളായ റാണ ദഗ്ഗുബതി, നമ്രത ശിരോദ്കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, നടന്‍ ചിരഞ്ജീവി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

SCROLL FOR NEXT