കൊതുകുകടി കൊള്ളുന്നത് ഒട്ടും സുഖകരമായ കാര്യമല്ല. അതുപോലെ തന്നെ രോഗങ്ങൾ വരാനും സാധ്യതയുണ്ട്. മനുഷ്യ ജീവന് ഭീഷണിയാകുന്ന പല പകർച്ചവ്യാധികളും പകരുന്നത് കൊതുകുകളിലൂടെയാണ്. എന്നാൽ എന്തുകൊണ്ടാണ് കൊതുകുകൾ മനുഷ്യരെ മാത്രം നിരന്തരം കടിക്കുന്നത് എന്നാലോചിച്ച് നോക്കിയിട്ടുണ്ടോ? ഗവേഷകരുടെ അഭിപ്രായത്തിൽ. കൊതുകുകൾ മനുഷ്യരിലാണ് കൂടുതൽ ആകൃഷ്ടരായിരിക്കുന്നത്.ഈയിടെയായി ആ താൽപ്പര്യം വർധിച്ചുവരുന്നതായും കാണുന്നു. കാരണം മനുഷ്യരുടെ കയ്യിലിരിപ്പാണെന്നാണ് പഠനം പറയുന്നത്.
ചിരിക്കാൻ വരട്ടെ, സംഗതി ഗൗരവമുള്ളതാണ്.ഫ്രോണ്ടിയേഴ്‌സ് ഇൻ എക്കോളജി ആൻഡ് എവല്യൂഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. മനുഷ്യർ ചെയ്യുന്ന ചില കാര്യങ്ങളാണ് കൊതുകുകളെ മനുഷ്യരക്തത്തിലേക്ക് കൂടുതലായി ആകർഷിക്കുന്നത്. വനനശീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് ഇതിൽ പ്രധാനം. കാടുകൾ ഇല്ലാതാകുന്നതോടെ വന്യജീവികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വരുന്നു. ഇതോടെ രക്തംകുടിക്കുന്ന വിഭാഗത്തിൽപ്പെട്ട ജീവികളായ കൊതുകുകൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന ഇരകൾ മനുഷ്യരാണ് എന്ന സ്ഥിതിയായി. ഇതോടെ മനുഷ്യരിലേക്ക് കൊതുകുകൾ കൂടുതലായി തിരിഞ്ഞുവെന്ന് ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.
ബ്രസീലിലെ അലാന്റിക്ക് ഫോറസ്റ്റിലെ രണ്ട് വന്യജീവി സങ്കേതങ്ങളിലാണ് റിയോ ഡി ജനീറോയിലവെ ഫെഡറൽ യൂണിവേഴ്‌സിറ്റി, ഓസ്‌വാൾഡോ ക്രസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകർ പഠനം നടത്തിയത്. നിരീക്ഷണത്തിനായി അമ്പത്തിരണ്ട് സ്പീഷ്യസ് കൊതുകുകളെ ഉപയോഗിച്ചു. കെണികളൊരുക്കിയാണ് ഗവേഷണത്തിനായി കൊതുകുകളെ പിടികൂടിയത്. ആൺ-പെൺ, വ്യത്യസ്ഥ വന മേഖലകൾ എന്നിങ്ങനെ കൊതുകുകളെ വേർതിരിച്ചു. അതിൽ തിരിച്ചറിഞ്ഞ ഡിഎൻഎകളിൽ മനുഷ്യരുടെ ചില അടയാളങ്ങൾ ഉണ്ടായിരുന്നു എന്നതാണ ഗവേഷകരെ ഞെട്ടിച്ച കാര്യം. അറ്റ്‌ലാന്റിക്ക് വനങ്ങളിൽ നിന്നും ലഭിച്ച കൊതുകൾ മനുഷ്യ രക്തം കുടിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ കണ്ടെത്തൽ. അന്തരീക്ഷത്തിലെ താപനിലയിലെ മാറ്റങ്ങൾ മുതൽ കാടേറിയുള്ള മനുഷ്യരുടെ കയ്യേറ്റങ്ങൾവരെ കൊതുകുകളെ മനുഷ്യരക്തത്തിനോട് കൂടുതൽ അടുപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഫെഡറൽ യൂണിവേഴ്‌സിറ്റി ഗവേഷകനായ സെർജിയേ മച്ചാഡോ പറയുന്നത് ഇങ്ങനെയാണ്."അന്തരീക്ഷ താപനില ഉയരുന്നത് കൊതുക്കിന്റെ കാലചക്രത്തെ സ്വാധീനിക്കുന്നുണ്ട്. ഇവയുടെ പ്രചനന കാലത്തെ ഇവ നീട്ടാൻ ഇടയാക്കി. അതോടെ മനുഷ്യരക്തത്തിനായുള്ള വിഷപ്പും ഇവയ്ക്ക് കൂടി. മനുഷ്യന്റെ കയ്യേറ്റങ്ങൾ ഇവയുടെ ആവാസവ്യവസ്ഥയിലേക്കായപ്പോൾ സമ്പർക്കം കൂടുതൽ എളുപ്പമാവുന്ന നിലയിലായി. പ്രകൃതിദത്തമായി ഇവയ്ക്ക് ലഭിച്ചിരുന്ന ഉറവിടങ്ങൾ ലഭ്യമല്ലാതെ വന്നതോടെ കൊതുകുകൾ പുത്തൻ രക്ത ഉറവിടങ്ങൾ തേടിപ്പോയി. ഒടുവിൽ അവർ കണ്ടെത്തിയത് മനുഷ്യരെ തന്നെയാണ്"
ഗവേഷണത്തിലെ കൗതുകവും റിപ്പോർട്ടിലെ കണ്ടെത്തലുകളുമെല്ലാം വെറുടെ ചർച്ച ചെയ്തുവിടുമ്പോഴും കൊതുകുകടി കൊള്ളുന്നതിലെ അപകടാവസ്ഥ നാം തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് ഡെങ്കി, സിക്ക, മലേറിയ അടക്കമുള്ള രോഗങ്ങൾ പരത്തുന്നത് കൊതുകുകളാണ്. കൊതുകുജന്യ രോഗങ്ങൾ മൂലം ലോകത്ത് വർഷാവർഷം ഒരു മില്യനോളം ആളുകളാണ് മരിക്കുന്നത്.അതുകൊണ്ടു തന്നെ കൊതുകുകടിയേൽക്കാതെ സ്വയം സംരക്ഷിക്കാനും, പകർച്ച വ്യാധികൾ വരാതെ മുൻകരുതൽ സ്വീകരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.