സ്കൂളിൽ പോകാൻ സ്വന്തമായി ഒരു വാഹനം നിർമിച്ച് കൊച്ചുമിടുക്കനാണ് കായംകുളം കൃഷ്ണപുരം ടെക്നിക്കൽ സ്കൂളിലെ 10-ാം ക്ലാസുകാരൻ നാദീം. പഴയ സൈക്കിളിൽ മോട്ടോർ ഘടിപ്പിച്ചാണ് മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വൈദ്യുത വാഹനം നാദീം നിർമിച്ചത്.
കായംകുളം എരുവയിൽ നിന്നും അഞ്ച് കിലോമീറ്റർ സ്കൂളിലേക്ക് സ്കൂട്ടറിൽ സുഖമായി പോയി വരാം. അതുകൊണ്ട് തന്നെ തിക്കും തിരക്കും കൂട്ടാനോ, മറ്റ് കുട്ടികളെ പോലെ ബസിൽ കയറാനോ ബുദ്ധിമുട്ടേണ്ട കാര്യവും നാദീമിനില്ല.
സ്കൂളിലേക്കുള്ള യാത്ര എങ്ങനെ സുഗമമാക്കം എന്ന നാദീമിൻ്റെ ചിന്തയാണ് ഇലക്ട്രിക് സ്കൂട്ടർ നിർമാണത്തിലേക്ക് എത്തിച്ചത്. ഇതിനായി ഓൺലൈനിൽ നിന്നും ബാറ്ററി ഓർഡർ ചെയ്തു.വെൽഡിംങ് മെഷീൻ വാടകയ്ക്ക് എടുത്ത് ബാക്കി സ്വന്തമായി പണികളും പൂർത്തിയാക്കി.
രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 25 കിലോമീറ്റർ വേഗതയിൽ 20 കിലോമീറ്റർ ദൂരം ഈ സൈക്കിളിൽ സഞ്ചരിക്കാനാകും. വേഗ പരിമിതി ഉള്ളത് കൊണ്ടുതന്നെ സ്കൂട്ടർ ഓടിക്കുന്നതിന് റോഡ് നിയമങ്ങളും തടസമാകുന്നില്ല. മുപ്പതിനായിരം രൂപയാണ് ആകെ നിർമാണ ചെലവ് വന്നത്. സ്കൂട്ടർ നിർമാണത്തോടെ നാട്ടിലെയും സ്കൂളിലെയും അൽപം വലിയ കുട്ടിത്താരമായി മാറിയിരിക്കുകയാണ് നാദീം.