ഉറക്കത്തിൽ സ്വപ്നം കാണുന്നവരാണ് ഏറെക്കുറെ എല്ലാവരും തന്നെ. നല്ല മനോഹര സ്വപ്നങ്ങളും അതുപോലെ തന്നെ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും ഉണ്ട്. ഈ സ്വപ്നങ്ങൾക്കൊക്കെയും നമ്മുടെ ജീവിതത്തിലെ പല സംഭവങ്ങളായും ബന്ധമുണ്ടാകാം. ചിലപ്പോഴൊക്കെ നമ്മുടെ മാനസികാവസ്ഥയും നാം കാണുന്ന സ്വപ്നങ്ങൾക്ക് കാരണമാകാറുണ്ട്.
നിരവധിപ്പേർക്കുള്ള അനുഭവമാണ് വലിയ ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്ന സ്വപ്നം. പാറക്കെട്ടിന് മുകളില്‍നിന്ന് താഴേക്ക് വീഴുന്നതായോ, ആകാശത്തില്‍നിന്ന് വീഴുന്നതായോ, കുഴിയിലേക്ക് വീഴുന്നത് പോലെയൊ ഒക്കെ തോന്നും. ഇത് പകുതി ഉറക്കത്തിലാകും തോന്നുക. അതുകൊണ്ടു തന്നെ സാധാരണ കാണുന്ന സ്വപ്നങ്ങൾ പോലെ മറന്ന് പോകില്ല. കുറേയേറെ നേരം ആ അനുഭവം ഓർമയിൽ കാണും. ശരീരം വിറയ്ക്കുക, ഹൃദയമിടിപ്പ് വര്‍ധിക്കുക എന്നീ ലക്ഷണങ്ങളും അപ്പോൾ അനുഭവപ്പെട്ടേക്കാം.
ഇത് വെറുതെ തോന്നുന്നതല്ല എന്നാണ് സ്വപ്നവിശകലം നടത്തുന്ന വിദഗ്ധരും, മാനസികരോഗ വിദഗ്ധരുമെല്ലാം പറയുന്നത്. നിങ്ങളുടെ ജീവിത സാഹചര്യങ്ങൾക്കും പ്രതിസന്ധികൾക്കുമെല്ലാം അതുമായി ബന്ധമുണ്ട്. ജീവിതം നിങ്ങളുടെ നിയന്ത്രണത്തിലല്ല, അനിശ്ചിതത്വത്തിലാണ് എന്ന് തോന്നുമ്പോഴാണ് ഇത്തരത്തില്‍ തോന്നലുണ്ടാകുന്നത്. ജോലി, സൗഹൃദം, സാമ്പത്തികം,മറ്റ് വൈകാരിക വിഷയങ്ങൾ എന്നിവ പ്രശ്നത്തിലാകുമ്പോഴാണ് ഏറെപ്പേരിലും ഇത്തരം സ്വപ്നങ്ങൾ ഉണ്ടാകുന്നത്.
കൃത്യമായ തീരുമാനത്തിലെത്താൻ കഴിയാത്ത അവസ്ഥയെ തലച്ചോറ് പിടിവിട്ട് വീഴുന്നതായി കാണിക്കുന്നതാണ്. അതാണ് താഴേക്ക് വീഴുന്നു എന്ന തോന്നലിൽ നാം ഞെട്ടിഉണരുന്നത്. ഇത്തരം സ്വപ്നങ്ങൾ ആവർത്തിച്ചു കാണുകയാണെങ്കിൽ അൽപ്പം ഗൗരവമായെടുക്കണം. മനസിനെ അലട്ടുന്ന കാര്യങ്ങൾ കണ്ടെത്തി പരിഹരിക്കണം. ആവശ്യമെങ്കിൽ വിദഗ്ധ സഹായവും സ്വീകരിക്കാം.
കഫീന്റെ അധിക ഉപയോഗവും ഉറക്കക്കുറവും ഈ അവസ്ഥയ്ക്ക് കാരണമായേക്കാം. അതുകൊണ്ട് ഉറങ്ങുന്നതിന് മുൻപ് കഫീൻ കഴിക്കുന്നത് ഒഴിവാക്കുക. വീഴുന്ന സ്വപ്‌നങ്ങള്‍ കാണുന്ന സാഹചര്യങ്ങൾ കുറിച്ച് വച്ച് അതിനെ വിശകലനം ചെയ്യുക. അത്താഴത്തിനു ശേഷം, നടത്തം, ചെറു ചൂടുവെള്ളത്തിൽ കുളിക്കുക തുടങ്ങിയ കാര്യങ്ങൾ നിങ്ങളുടെ ഉറക്കത്തെ ശാന്തമാക്കും. അതിലൂടെ ഇത്തരം സ്വപ്നങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്താൻ സാധിക്കും.