LIFE

വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ലേലത്തിനെത്തുന്ന ആ കറുത്ത വസ്ത്രം, വില 2.8 കോടി വരെ; ഫാഷൻ ചരിത്രം മാറ്റിയ റിവെഞ്ച് ഡ്രസ്

പാപ്പരാസികൾ എത്രയൊക്കെ കരഞ്ഞാലും. ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള വേർപിരിയലോ, അല്ലെങ്കിൽ മറ്റ് സങ്കടങ്ങളോ വരുമ്പോൾ ചുവരുകൾക്കുള്ളിൽ ഒളിക്കാതെ കൂടുതല്‍ ആത്മവിശ്വാസത്തോടെ സമൂഹത്തെ അഭിമുഖീകരിക്കാനുള്ള പ്രചേോദനം നൽകുകയായിരുന്നു ഡയാന

Author : ന്യൂസ് ഡെസ്ക്

ഫാഷൻ ലോകത്തെ വസ്ത്രങ്ങളുടെ ചർച്ചകൾ ഒരിക്കലും അവസാനിക്കില്ല. പുതിയതും, പഴയതിനെ നവീകരിച്ചും നിരവധി വ്യത്യസ്തതകൾ പരീക്ഷിക്കപ്പെടുന്ന ഇടമാണ്. ഇതുപോലെ ഫാഷൻ ലോകത്ത് ചർച്ചയാകുന്ന പല വസ്ത്രങ്ങളും പുതുമായും വിലയും മാത്രമല്ല ചരിത്ര പ്രാധാന്യമുള്ളവയും ആകാം. അത്തരം ഒരു വസ്ത്രമാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ച.

അതെ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ലേലത്തിനെത്തുന്ന ഒരു കറുത്ത വസ്ത്രം. മരണശേഷവും ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രയങ്കരിയായിരിക്കുന്ന ഡയാന രാജകുമാരിയുടെ പ്രശസ്തമായ 'റിവഞ്ച് ഡ്രസ്'.' ഏകദേശം 2.8 കോടി രൂപയാണ് ഇന്ന് ഈ വസ്ത്രത്തിന് പ്രതീക്ഷിക്കുന്ന പരപമാവധി വില. 1.4 കോടി മുതല്‍ 2.8 കോടി രൂപ വരെ ലഭിച്ചേക്കുമെന്നാണ് നിരീക്ഷണം.

2026 ഡിസംബര്‍ 9ന് ന്യൂയോര്‍ക്കില്‍ സോത്ത്ബിയുടെ ഫാഷന്‍ ലേലത്തിലാണ് വസ്ത്രം വില്‍ക്കുന്നത്. ലേലത്തിന് മുൻപായി ലണ്ടന്‍, ഹോങ്കോങ്, ജനീവ എന്നിവിടങ്ങളിൽഈ വസ്ത്രം പ്രദർശിപ്പിക്കും. ഈ റിവെഞ്ച് ഡ്രെസിന് പിന്നിലെ ആ കഥയെന്തെന്ന് അറിയാത്തർ വിരളമായിരിക്കും. ഒരു കാലത്ത് പ്രമുഖ മാധ്യമങ്ങളിലടക്കം അത്രയും ചർച്ചയായ വസ്ത്രമായിരുന്നു ഇത്.

ഡയാനയുടെ ഭർത്താവ് അന്നത്തെ പ്രിന്‍സ് ചാള്‍സ്, താൻ വിവാഹേതര ബന്ധത്തിലായിരുന്നുവെന്ന് പരസ്യമായി സമ്മതിച്ച ദിവസം 1994 ജൂണ്‍ 29. ലണ്ടനിലെ സെര്‍പന്റൈന്‍ ഗാലറിയില്‍ വാനിറ്റി ഫെയര്‍ സംഘടിപ്പിച്ച പരിപാടിയിൽ ഡയാന പങ്കെടുത്തു. ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന, തോളുകള്‍ തുറന്നുകാണിക്കുന്ന മനോഹരമായ കറുത്ത സില്‍ക്ക് വസ്ത്രമാണ് അന്നവർ ധരിച്ചത്.

അതുവരെ ധരിച്ചിരുന്ന രാജകീയ വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ വസ്ത്രം. ഷോള്‍ഡര്‍ ഡിസൈന്‍, ഫിഗര്‍-ഹഗ്ഗിങ് ഫിറ്റ്, കറുത്ത നിറം . ഡിസൈനര്‍ ക്രിസ്റ്റീന സ്റ്റാംബോളിയന്‍ ഒരുക്കിയ ഈ വസ്ത്രം അന്ന് ഡയാന ധരിച്ചതോടെ അത് ഫാഷൻ ലോകത്തെ എന്നല്ല ലോകത്തെ തന്നെ ധീരമായ ഒരു ഫാഷൻ സ്റ്റേറ്റ്മെൻ്റായി മാറി.

തന്റെ ഭർത്താവ് വിവാഹേതര ബന്ധം പരസ്യപ്പെടുത്തിയ അന്ന തന്നെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഡയാന കാണിച്ച ധൈര്യം. അതുകൂടി ചേർത്താണ് മാധ്യമങ്ങൾ ആ വസ്ത്രത്തിന് റിവെഞ്ച് ഡ്രസ് എന്ന് പേരുനൽകിയത്. അത് കേവലം പ്രതികാരം മാത്രമായിരുന്നില്ല മറിച്ച് ഒരു സ്ത്രീയുടെ ആത്മവിശ്വാസത്തേയും വ്യക്തിത്വത്തേയും ഉയർത്തിപ്പിടിക്കുന്ന പ്രതീകം കൂടി ആയിരുന്നു.

ഈ കറുത്ത വസ്ത്രത്തിന്റെ മറ്റൊരു കൗതുകം കൂടി അന്ന് ചർച്ചയായിരുന്നു. ഡയാന ഈ വസ്ത്രം സ്വന്തമാക്കി ഏകദേശം മൂന്ന് വര്‍ഷത്തോളം കഴിഞ്ഞ ശേഷമാണ് അത് ധരിച്ചത് എന്നാണ്. രാജകുടുംബത്തിന്റെ പതിവ് രീതികളെ പൊളിക്കുന്ന മോഡൽ ആയതിനാലോ മറ്റോ ഉണ്ടായിരുന്ന ആശങ്കകളാകും അതുവരെ ഡയാനയെ അതിൽ നിന്ന് പിന്തിരിപ്പിച്ചത്. എന്നാൽ ചാൾസിന്റെ വെളിപ്പെടുത്തൽ വന്ന അതേ രാത്രി തന്നെ അവർ ആ വസ്ത്രം ധരിച്ച് പൊതുവേദിയെലെത്തിയത്.

ആ വസ്ത്രത്തിനൊപ്പം മുത്തുകളുള്ള ചോക്കറും വലിയ സഫയര്‍ കല്ലുള്ള നെക്ലേസും ചുവന്ന ലിപ്സ്റ്റിക്കും ഉപയോഗിച്ച് ഡയാന അന്ന് പതിവിലും അധികം ഒരുങ്ങി.പാപ്പരാസികൾ എത്രയൊക്കെ കരഞ്ഞാലും. ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള വേർപിരിയലോ, അല്ലെങ്കിൽ മറ്റ് സങ്കടങ്ങളോ വരുമ്പോൾ ചുവരുകൾക്കുള്ളിൽ ഒളിക്കാതെ കൂടുതല്‍ ആത്മവിശ്വാസത്തോടെ സമൂഹത്തെ അഭിമുഖീകരിക്കാനുള്ള പ്രചേോദനം നൽകുകയായിരുന്നു ഡയാനയെന്ന് ലോകം കണ്ടറിഞ്ഞു.

ഇതാദ്യമായല്ല റിവെഞ്ച് ഡ്രസ് പ്രദർശനത്തിനും ലേലത്തിനുമെല്ലാം എത്തുന്നത്. 1997ല്‍ ഡയാന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വച്ച തന്റെ വസ്ത്രങ്ങളിൽ ഈ റിവെഞ്ച് ഡ്രസും ഉൾപ്പെടുത്തിയിരുന്നു. അന്ന് ഒരു സ്‌കോട്ടിഷ് ദമ്പതികളാണ് വസ്ത്രം ലേലത്തിൽ നേടിയത്. അതുകൊണ്ടുതന്നെ റിവെഞ്ച് ഡ്രസ് വീണ്ടും ലോലത്തിനെത്തുമ്പോൾ ചർച്ചയാകുന്നത് ഒരു വസ്ത്ര മോഡൽ മാത്രമല്ല മറിച്ച് ശക്തമായ നിലപാടുകൂടിയാണ്.

SCROLL FOR NEXT