LIFE

മത്തങ്ങ നിസാരക്കാരനല്ല; ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ഗുണങ്ങളേറെ!

വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍, ആന്‍റി ഓ​ക്‌​സി​ഡ​ന്റു​കള്‍ തുടങ്ങിയവയൊക്കെ മ​ത്ത​ങ്ങ​യില്‍ അടങ്ങിയിട്ടുണ്ട്. പതിവായി മത്തങ്ങ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്.

Author : ന്യൂസ് ഡെസ്ക്

മത്തങ്ങ എന്ന പറഞ്ഞാൽ ചിലപ്പോ അധികമാരും വലിയ താൽപര്യമൊന്നും കാണിക്കില്ല. ഹാലോവീൻ പോലുള്ള ആഘോഷങ്ങളുടെ പേരിൽ ഒരു കൗതുകവസ്തുവായി മത്തങ്ങയെ കണക്കാക്കുന്നവരും ഉണ്ട്. വിദേശ രാജ്യങ്ങളിൽ പലപ്പോഴും വ്യത്യസ്ത വിഭവങ്ങളായി മത്തങ്ങ അടുക്കളകളെ നിറയ്ക്കും. വിഭവങ്ങളേറെ ഉണ്ടെങ്കിലും തീവില കൊടുത്തു വാങ്ങുന്ന മറ്റ് പച്ചക്കറികളുടെ അതേ പ്രധാന്യം നമ്മൾ ബജറ്റിലൊതുങ്ങി കിട്ടുന്ന മത്തങ്ങയ്ക്ക് കൊടുക്കാറുണ്ടോ എന്ന് സംശയമാണ്.

ഒരു പച്ചക്കറി എന്ന തരത്തിൽ രുചികരമായ നിരവധി വിവങ്ങൾ മത്തങ്ങകൊണ്ട് തയ്യാറാക്കാം. അത് മത്തനില മുതൽ തുടങ്ങാം, മത്തൻ്റെ ഇല തോരൻ, ഒഴിച്ചുകറി, തുടങ്ങി മത്തൻ ഉപയോഗിച്ച് വിവിധ കറികൾ, സൂപ്പ്, പായസം , പുഡിംഗ് എന്നിങ്ങനെ നീളുന്നു മത്തൻ്റെ രുചിക്കൂട്ടുകൾ.

ഇനി രുചി മാത്രമല്ല കേട്ടോ, ആരോഗ്യ സംരക്ഷണത്തിലും ഏറെ ഗുണകരമാണ് മത്തങ്ങ. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് മത്തങ്ങ. വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍, ആന്‍റി ഓ​ക്‌​സി​ഡ​ന്റു​കള്‍ തുടങ്ങിയവയൊക്കെ മ​ത്ത​ങ്ങ​യില്‍ അടങ്ങിയിട്ടുണ്ട്. പതിവായി മത്തങ്ങ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്.

വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മത്തങ്ങ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

പൊട്ടാസ്യവും ഫൈബറും അടങ്ങിയ മത്തങ്ങ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ മത്തങ്ങ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.വിറ്റാമിനുകളായ എ, ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ മത്തങ്ങ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

അതുപോലെ തന്നെ മത്തങ്ങയില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഇന്ന് ഡയറ്റ് ഫുഡുകളിൽ പ്രധാന ചേരുവയാണ് മത്തങ്ങ വിത്തുകൾ.


SCROLL FOR NEXT