നമ്മുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂട്ടാനാകാത്ത ഒന്നാണ് പഞ്ചസാര. നമ്മൾ നിത്യേന കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളും പാലിലും എല്ലാം പഞ്ചസാരയുണ്ട്. എന്നാൽ, സോഡാ, കുക്കീസ്, ഐസ്ക്രീം തുടങ്ങിയവയിലെ കൃത്രിമ പഞ്ചസാര നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. ഇതിന്റെ അമിതമായ ഉപയോഗം പല രോഗങ്ങൾ വരാനും കാരണമാകും. ഇത്തരത്തിലുള്ള കൃത്രിമ പഞ്ചസാര ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ ഒരുപാട് ആരോഗ്യഗുണങ്ങൾ ലഭിക്കും.
ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്തുന്നത് ഒരു പരിധി വരെ മധുരം കഴിക്കാനുള്ള തോന്നല്‍ കുറയ്ക്കാൻ സഹായിക്കും. കൃത്രിമ പഞ്ചസാരയ്ക്ക് പകരം, ശർക്കര, തേൻ എന്നിവ ഉപയോഗിക്കുക.
സോഫ്റ്റ് ഡ്രിങ്കുകളിൽ നിറയെ കൃത്രിമ പഞ്ചസാരയുണ്ട്. ഇവ ആരോഗ്യത്തെ മോശമായി ബാധിക്കും. അതിനാൽ, ഇവയ്ക്കു പകരം കരിക്കിൻ വെള്ളമോ, ഫ്രഷ് ജ്യുസുകളോ ഉപയോഗിക്കുക.
കൃത്രിമമായ പഞ്ചസാര കഴിക്കുന്നത് കുടവയറ്, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ വരാൻ കാരണമാകും. ശരീര ഭാരം വർധിക്കുന്നത് മുതൽ പല ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനും കാരണമാകും.