ശരീരത്തിലെ ഇൻസുലിൻ്റെ അളവ് വർധിപ്പിക്കാത്ത തരത്തിലുള്ള പ്രകൃതിദത്ത പഞ്ചസാര വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. കുറഞ്ഞ കലോറി മാത്രം അടങ്ങിയിട്ടുള്ള, രുചിയിൽ ഏറെക്കുറെ സാധാരണ പഞ്ചസാരയാണെന്ന് തന്നെ തോന്നുന്ന കൃത്രിമ മധുരത്തിന് ഒരു പ്രതിവിധി എന്ന രീതിയിലാണ് പുതിയ പഞ്ചസാര കണ്ടെത്തിയിട്ടുള്ളത്.
സുക്രിയസിൻ്റെ 92 ശതമാനത്തോളം തന്നെ മധുരമടങ്ങിയതും എന്നാൽ അതിൻ്റെ മൂന്നിലൊന്ന് മാത്രം കലോറി ഉള്ളതുമാണ് പുതുതായി വികസിപ്പിച്ചെടുത്ത ടാഗറ്റോസ്. സാധാരണ പഞ്ചസാരയേയും പഞ്ചസാരയുടെ പകരക്കാരായ കൃത്രിമ മധുര പദാർഥങ്ങളേയും അപേക്ഷിച്ച് ബ്ലഡിലെ ഗ്ലൂക്കോസ് ലെവൽ അധികം ഉയരാതെ സൂക്ഷിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. പ്രമേഹ രോഗികൾക്കും ഇത് ഫലപ്രദമാകുമെന്നാണ് സൂചന.
പഴങ്ങളിലൂടെയും ക്ഷീരോൽപന്നങ്ങളിലുമാണ് ടാഗറ്റോസ് പ്രധാനമായും കണ്ടു വരുന്നത് എന്നതിനാൽ തന്നെ പരിമിതമായ ലഭ്യത മൂലം ഇതിൻ്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് പരിമിതികളുണ്ട്. നിലവിലുള്ള രീതികളാവട്ടെ ചെലവേറിയതും കാര്യക്ഷമമല്ലാത്തതുമാണ്. ഇതിനെ മറികടക്കാനായാണ് ശാസ്ത്രജ്ഞർ എഷെറിച്ചിയ കോളി ബാക്ടീരിയയെ മിനിയേച്ചർ പ്രാഡക്ഷൻ യൂണിറ്റുകളായ് പ്രവർത്തിപ്പിക്കാൻ രൂപകൽപന ചെയ്തത്.സ്ലിം മോൾഡിൽ നിന്ന് പുതുതായി കണ്ടെത്തിയ ഒരു എൻസൈമായ ഗാലക്ടോസ്-1-ഫോസ്ഫേറ്റ് ഉപയോഗിച്ച് ഗ്ലൂക്കോസിനെ ടാഗറ്റോസാക്കി മാറ്റുന്നതോടെ ഉത്പാദനം 95 ശതമാനത്തോളം വർധിക്കുകയും ചെയ്യും.
ടാഗറ്റോസ് പല്ലുകൾക്ക് ദോഷകരമല്ലെന്നും വായിലെ ദോഷകരമായ ബാക്ടീരിയയെ അകറ്റാൻ സഹായിക്കുമെന്നും ശാസ്‌ത്രലോകം കണ്ടെത്തിയിട്ടുണ്ട്. 2032 ആകുമ്പോഴേക്കും ആഗോള ടാഗറ്റോസ് വിൽപന $250 മില്യൻ ആകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കു കൂട്ടൽ.