ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെങ്കിലും അല്ലെങ്കിലും ജീവിതത്തിൽ വിശ്രമം എന്നതിന് പ്രധാന്യം നൽകേണ്ടതാണ്. അതിൽ തന്നെ സുഖമായ, ശാന്തമായ ഉറക്കം, ചിട്ടയായ ഭക്ഷണം , വ്യായാമം എന്നിവയെല്ലാം ഉൾപ്പെടുത്തുകയും വേണം. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ സമ്മര്‍ദ്ദംകാരണം ശരിയായി ഉറങ്ങാൻ കഴിയാത്ത നിരവധിപ്പേരുണ്ട്. അവർ ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഉറക്കക്കുറവിനെ നേരിടാൻ മരുന്നുകളെവരെ ആശ്രയിക്കുന്നവരുണ്ട്.
ശരിയായ ഉറക്കം ലഭിക്കാത്ത സാഹചര്യം മനുഷ്യരെ ഗുരുതരമായ മാനസിക- ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ടു തന്നെ ഉറക്കം വളരെ പ്രധാനമാണ്. ജീവിത ശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾകൊണ്ട് തന്നെ ഉറക്കക്കുറവിനെ വലിയൊരു പരിധിവരെ പരിഹരിക്കാനാകും. സാധാരണ ഗതിയിൽ ജീവിതശൈലിയിലെ ക്രമം തെറ്റുന്നത് കൊണ്ട് ഉണ്ടാവുന്ന ഉറക്കക്കുറവിന് ഭക്ഷണവും ഒരു മരുന്നാണ്. അത്തരത്തില്‍ ഉറക്കത്തിന് പറ്റിയ അഞ്ച് ഭക്ഷണങ്ങളേതൊക്കെയെന്ന് നോക്കാം.
തൈര്
പ്രോബയോട്ടിക്കുകള്‍ കൊണ്ട് സമ്പന്നമാണ് തൈര്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.അതിലൂടെ സെറടോണിൻ ഉത്പാദനം മെച്ചപ്പെടുത്തുന്നു. സമ്മർദ്ദവും, ഉത്കണ്ഠയും കുറയ്ക്കുന്നു. അതു വഴി ശരിയായ ഉറക്കവും ലഭിക്കും.
ഡാർക് ചോക്ലേറ്റ്
മികച്ച ഗുണനിലവാരമുള്ള ഡാർക് ചോക്ലേറ്റുകൾ കഴിക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള കൊക്കോ ആണ് ആരോഗ്യകരം. തലച്ചോറിലെ സെറോടോണിന്‍, എന്‍ഡോര്‍ഫിനുകള്‍ എന്നിവയുടെ ഉത്പാദനം വർധിക്കാൻ ഇവ സഹാിക്കും. ഇതിലെ ആന്റിഓക്സിഡന്റുകള്‍ സ്‌ട്രെസ് ഹോര്‍മോണുകളെ കുറച്ച് സന്തോഷം നൽകും.വിശ്രമത്തിനും ഗുണകരമാണ്.
ബദാം
പൊതുവെ നട്ട്സുകൾ ആരോഗ്യകരമായ ഭക്ഷണമാണ്. അതിൽ തന്നെ ബദാമിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതില്‍ വിദഗ്ധനാണ് മഗ്നീഷ്യം. ദിവസവും ഒരു പിടി കുതിര്‍ത്ത ബദാം ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. അത് സമ്മര്‍ദ്ദം കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ സ്ഥിരപ്പെടുത്താനും സഹായിക്കും.
മഞ്ഞള്‍ പാല്‍
ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് ചെറു ചൂടുള്ള പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഴമക്കാരുടെ പറച്ചലുണ്ട്. അതിൽ അൽപം കാര്യമില്ലാതില്ല. പാലിൽ ഒരു നുള്ള് മഞ്ഞൾ കൂടി ചേർക്കാവുന്നതാണ്. മഞ്ഞളിലെ കുര്‍ക്കുമിന്‍ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഡോപാമൈന്‍, സെറോടോണിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചൂടുള്ള പാലുമായി ചേര്‍ക്കുമ്പോള്‍ ഇത് ഉത്കണ്ഠ കുറയ്ക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വാഴപ്പഴം
രാത്രി ഭക്ഷണത്തിന് ശേഷം ഒരു വാഴപ്പഴം കഴിക്കുന്ന ശീലം നിരവധിപ്പേർക്കുണ്ട്. ആ ശീലത്തെയും ആരോഗ്യ വിദഗ്ധർ നല്ലതായാണ് കാണുന്നത്. സെറോടോണിന്‍ ഉല്‍പാദനത്തിന് അത്യാവശ്യമായ വിറ്റാമിന്‍ ബി6, ട്രിപ്‌റ്റോഫാന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വാഴപ്പഴം. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.