LIFE

രാത്രി മുഴുവന്‍ എസി ഓണ്‍ ചെയ്താണോ ഉറങ്ങുന്നത്? എങ്കില്‍ ശ്രദ്ധിക്കണം!

എയര്‍ കണ്ടീഷണര്‍ ഉപയോഗിച്ച് ഉറങ്ങിയാല്‍ ഒറ്റ രാത്രി കൊണ്ട് നമ്മുടെ ശരീരത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

നിങ്ങള്‍ രാത്രി മുഴുവനും എസി ഓണ്‍ ചെയ്താണോ കിടന്നുറങ്ങുന്നത്? എന്നാല്‍ അത് അത്ര നല്ല ശീലമല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുക. തുര്‍ക്കിയിലെ അന്റാലിയയില്‍ രാത്രി മുഴുവന്‍ എസിയിട്ട് ഉറങ്ങിയ 24കാരിയായ ലിയാന ഫോസ്റ്ററിന് അസുഖം ബാധിച്ചു. തൊണ്ടയിലെ ടോണ്‍സിലില്‍ വെളുത്ത പാടുകള്‍ ഉണ്ടായെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.

എയര്‍ കണ്ടീഷണര്‍ ഉപയോഗിച്ച് ഉറങ്ങിയാല്‍ ഒറ്റ രാത്രി കൊണ്ട് നമ്മുടെ ശരീരത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ശരീരത്തിലെ ഈര്‍പ്പം കുറയ്ക്കുന്നതിന് മൂലം വരണ്ട കണ്ണുകള്‍ക്കും ഡിഹൈഡ്രേഷനും കാരണമാകുന്നു. എസിയില്‍ നിന്ന് ഉണ്ടാകുന്ന തണുത്ത വായു ചര്‍മത്തിലെ ഈര്‍പ്പം ഇല്ലാതാക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു.

അതോടൊപ്പം എയര്‍ കണ്ടീഷണറുകള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യും. എസിയില്‍ നിന്നും ഉണ്ടാകുന്ന ഹൈഡ്രോഫ്‌ലൂറോകാര്‍ബണുകള്‍ ഓസോണിനെ നശിപ്പിക്കുന്നതരത്തിലുള്ള ആഗോളതാപനം ഉണ്ടാക്കും.

ആസ്തമ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി), ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും എസി കാരണമാകുന്നു. കൂടാതെ ആര്‍ത്രൈറ്റിസ് ഉള്ള രോഗികള്‍ക്ക് എസിയുടെ അമിതമായ ഉപയോഗം സന്ധി വേദനയ്ക്ക് കാരണമാകുന്നു.

എസി യൂണിറ്റുകള്‍ പതിവായി വൃത്തിയാക്കിയില്ലെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിന് ഉദാഹരണമാണ് പൊടി, പൂപ്പല്‍ എന്നിവ മൂലം സെന്‍സിറ്റീവായ വ്യക്തികളില്‍ എസി അലര്‍ജിയുണ്ടാക്കുന്നത്. അണുബാധ, അലര്‍ജി എന്നിവ ഉണ്ടാകുന്നത് മൂലം എസി ഉപയോഗിച്ച് ഉറങ്ങി ഉണരുമ്പോള്‍ തലവേദന, ക്ഷീണം എന്നിവ അനുഭപ്പെടാം. എസിയുമായി ദീര്‍ഘനേരം ബന്ധപ്പെട്ടിരുന്നാല്‍ വരുന്ന സാധാരണ പ്രശ്‌നങ്ങളാണിവ.

അതിനാല്‍ എസിയുള്ള മുറികളില്‍ സമയം ചിലവഴിക്കുന്നത് പരിമിതപ്പെടുത്തുക. അതോടൊപ്പം പരിസ്ഥിതിക്ക് വരുന്ന പ്രശ്‌നങ്ങളും നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. കാരണം എസിയുടെ വര്‍ദ്ധിച്ച ഉപയോഗം കൂടുതല്‍ വൈദ്യുതി ഉപയോഗത്തിലേക്ക് നയിക്കുന്നു. ഇത് ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറത്തുവിടുകയും അതിലൂടെ അന്തരീക്ഷത്തില്‍ ചൂട് വര്‍ദ്ധിക്കുകയും കാലാവസ്ഥ വ്യതിയാനം ഉണ്ടാകുകയും ചെയ്യുന്നു.

ഇതെല്ലാം കുറയ്ക്കുന്നതിന് എസിയുടെ ഉപയോഗം 2-3 മണിക്കൂറുകളിലേക്ക് കുറയ്ക്കുക. രാത്രിയില്‍ 2-3 മണിക്കൂര്‍ കഴിഞ്ഞാല്‍ എസി താനെ ഓഫ് ആക്കുന്ന തരത്തില്‍ സെറ്റ് ചെയ്യുക. 22 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില നിലനിര്‍ത്തുന്നതും 40 മുതല്‍ 60 ശതമാനം വരെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായകമാകുന്നു. അതോടൊപ്പം എസിയില്‍ എച്ച്ഇപിഎ ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നത് പൊടിയും അലര്‍ജിയും കുറയ്ക്കാന്‍ സഹായിക്കും.


SCROLL FOR NEXT