LIFE

പുകവലി നിര്‍ത്താന്‍ ഇനി സ്മാര്‍ട്ട് വാച്ചോ? നിക്കോട്ടീന്‍ അഡിക്ടായവരെ സഹായിക്കാന്‍ കിടിലന്‍ കണ്ടുപിടിത്തം

നിങ്ങൾ സിഗരറ്റ് ഉപയോഗിക്കുന്നത് സോഫ്റ്റ് വെയര്‍ തിരിച്ചറിയുമ്പോഴൊക്കെ നിങ്ങളുടെ വാച്ചിന്റെ സ്‌ക്രീനില്‍ ഒരു അലേര്‍ട്ട് ഫ്‌ളാഷ് വരികയും അത് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

Author : ന്യൂസ് ഡെസ്ക്


പുകവലി നിര്‍ത്തണമെന്ന് കുറേ കാലമായി ചിന്തിക്കുന്നു.... പക്ഷെ നിര്‍ത്താന്‍ പറ്റുന്നില്ലേ...അതിന് ഒരു സ്മാര്‍ട്ട് വാച്ച് നിങ്ങളെ സഹായിച്ചാലോ? ഓരോ തവണ പുകവലിക്കാനും കൈ ഉയര്‍ത്തുമ്പോള്‍ വാച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് തന്നാലോ?



തമാശയായി തോന്നുന്നുണ്ടോ? എന്നാല്‍ തമാശയല്ല, അത്തരത്തില്‍ ഒരു സ്മാര്‍ട്ട് വാച്ച് കണ്ടു പിടിച്ചിരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളിലെ ഗവേഷകര്‍. നിക്കോട്ടിന്‍ അഡിക്റ്റ് ആയ വ്യക്തിക്ക് അതില്‍ നിന്ന് പുറത്തു കടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പതുക്കെ അതിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുകയാണ് ഈ സ്മാർട്ട് വാച്ചിലൂടെ ഗവേഷകർ ലക്ഷ്യം വെക്കുന്നത്.

ഒരാള്‍ സിഗരറ്റ് കൈയ്യില്‍ പിടിക്കുമ്പോള്‍ മോഷന്‍ സെന്‍സര്‍ ഉപയോഗിച്ച് അത് തിരിച്ചറിയുന്ന തരത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. അതായത് പുകവലിക്കുമ്പോള്‍ കൈ ചലിക്കുന്ന രീതി മനസിലാക്കുന്ന അല്‍ഗോരിതം സെറ്റു ചെയ്തുകൊണ്ടാണ് വാച്ച് നിര്‍മിച്ചിരിക്കുന്നതെന്ന് അർഥം.

നിങ്ങൾ സിഗരറ്റ് ഉപയോഗിക്കുന്നത് സോഫ്റ്റ് വെയര്‍ തിരിച്ചറിയുമ്പോഴൊക്കെ നിങ്ങളുടെ വാച്ചിന്റെ സ്‌ക്രീനില്‍ ഒരു അലേര്‍ട്ട് ഫ്‌ളാഷ് വരികയും അത് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

ഓരോ തവണ സിഗരറ്റ് വലിക്കുന്നത് ഡിറ്റക്ട് ചെയ്യുമ്പോഴും പുകവലി നിര്‍ത്തുന്നതിനായി പിന്തുണ തരുന്നതിന് പുകവലിക്കുന്നവരും മുമ്പ് വലിച്ചിരുന്നവരും തയ്യാറാക്കിയ സന്ദേശങ്ങളാണ് അറിയിപ്പുകളായി ലഭിക്കുക.

'പുകവലി നിര്‍ത്തുന്നത് നിങ്ങളുടെ ശ്വസനം സുഗമമാക്കുന്നതിന് സഹായിക്കുന്നു.... നിര്‍ത്തുന്നത് നല്ലതാണ്,' തുടങ്ങിയ സന്ദേശങ്ങളായിരിക്കും ലഭിക്കുക. സിഗരറ്റ് വലിക്കുന്നത് നിര്‍ത്തുമ്പോള്‍ തുടക്കത്തില്‍ ഒരു ബുദ്ധിമുട്ട് ഉണ്ടായേക്കാം. പക്ഷെ അത് പതിയെ നല്ല മാറ്റത്തിലേക്ക് തന്നെ നയിക്കുമെന്നാണ് ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ ടൊബാക്കോ ആന്‍ഡ് ആല്‍ക്കഹോള്‍ റിസര്‍ച്ച് ഗ്രൂപ്പിലെ അംഗം ഗ്രിസ് സ്റ്റോണ്‍ പറയുന്നത്.

ആളുകള്‍ക്ക് സ്മാര്‍ട്ട് വാച്ചുകള്‍ ഇഷ്ടമാണ്. വലിക്കുന്ന സമയത്ത് ഇത്തരത്തില്‍ ഒരു സന്ദേശം വരുന്ന ആശയം അവര്‍ക്ക് ഇഷ്ടമാണ്. നിര്‍ത്തിയിട്ട് വീണ്ടും അതേ ശീലം തുടരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ തുടര്‍ച്ചയായി ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നത് അവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സഹായിക്കുമെന്നും സ്റ്റോണ്‍ പറയുന്നു. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍, എല്ലാ ദിവസവും പുകവലിക്കുന്നവര്‍, വലതു കൈ കൊണ്ട് വലിക്കുന്നവര്‍ തുടങ്ങി 18 പേരിലാണ് സംഘം പരീക്ഷണം നടത്തിയത്.

SCROLL FOR NEXT