എല്ലാക്കാലത്തും നിലനിൽക്കുന്ന ഒരു പരാതിയാണ് മുടികൊഴിച്ചിൽ. മുൻകാലങ്ങളിലെ അപേക്ഷിച്ച് ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളാകാം ഇന്ന് മുടികൊഴിച്ചിൽ ചികിത്സ തേടത്തക്കവിധം ആളുകളെ ബാധിക്കുന്നതായി കാണാം. ഒരു പക്ഷെ ഭൂരിഭാഗം പേരിലും അവരുടെ ജീവിതശൈലിയിൽ ശ്രദ്ധിക്കാതെ പോകുന്ന നിസ്സാര കാരണങ്ങൾ കൊണ്ടാകാം മുടികൊഴിച്ചിൽ അധികമാകുന്നത്. ചെറിയ ചിലമാറ്റങ്ങൾ കൊണ്ട് ആ പ്രശ്നം ഒരു പരിധിവരെ മാറ്റിയെടുക്കാനുമാകും.
തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുവാൻ ജീവിത ശൈലിയിൽ വരുത്തേണ്ടമാറ്റങ്ങളും ഭക്ഷണക്രമീകരണങ്ങളും എങ്ങിനെയെന്ന് നമുക്ക് നോക്കാം.
1. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക
ഷാംപൂവിന്‍റെ അമിത ഉപയോഗം തലമുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം.വീര്യം കുറഞ്ഞ ഷാംപൂകൾ തലയോട്ടിയിൽ നിന്ന് പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യാതെ നോക്കും. തലമുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഷാംപൂ തെരഞ്ഞെടുക്കുകയും വേണം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ മറക്കാതെ തന്നെ കണ്ടീഷണർ ഉപയോഗിക്കേണ്ടതാണ്.
2. ഹെയർ ഡ്രയർ, സ്‌ട്രൈറ്റനറുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക
ഹെയർ ഡ്രയർ, സ്‌ട്രൈറ്റനറുകൾ, കേളിംഗ് അയൺ എന്നിവയുടെ ഉപയോഗം അമിതമായാൽ അത് തലമുടിക്ക് ദോഷം ചെയ്യും. അവ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമം.
3. സൂര്യപ്രകാശത്തിൽ നിന്ന് തലമുടിയെ സംരക്ഷിക്കുക
അൾട്രാവയലറ്റ് രശ്മികൾ തലമുടിക്കും തലയോട്ടിക്കും കേടുവരുത്താൻ കാരണമാകുന്നു. ഇത് തലമുടി വരൾച്ച, മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവയിലേക്ക് നയിക്കും. അതിനാല്‍ പുറത്ത് പോകുമ്പോൾ തൊപ്പിയോ സ്കാർഫോ ധരിക്കാൻ ശ്രദ്ധിക്കുക.
4. മുടിയിൽ ജലാംശം നിലനിർത്തുക
കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും ദിവസേന കുടിക്കാൻ ശ്രദ്ധിക്കുക. തലയോട്ടിയില്‍ ജലാംശം നിലനിര്‍ത്താനും മുടി കൊഴിച്ചിലിനെ തടയാനും ഇത് സഹായിക്കും. തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് തുടങ്ങിയ ജലാംശം നൽകുന്ന ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുവാൻ ശ്രദ്ധിക്കുക.
5. സമീകൃതാഹാരം
ആരോഗ്യകരമായ മുടി വളർച്ചയെ സഹായിക്കുന്നതിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി പഴങ്ങൾ, പച്ചക്കറികൾ എന്നിവയും പ്രോട്ടീനുകൾ, ബയോട്ടിൻ, വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
6. പ്രകൃതിദത്ത ഹെയർ മാസ്കുകൾ ഉപയോഗിക്കുക
പ്രകൃതിദത്ത ഹെയർ മാസ്കുകൾക്ക് തലയോട്ടിയെ പോഷിപ്പിക്കാനും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. കറ്റാർവാഴ, വെളിച്ചെണ്ണ, തൈര്, ഉലുവ തുടങ്ങിയ ചേരുവകൾ കലർത്തി തലയോട്ടിയിലും മുടിയിലും 30 മിനിറ്റ് നേരം പുരട്ടുന്നത് നല്ലതാണ്.
7. കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടുക
കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടാന്‍ പലരും മറക്കാറുണ്ട്.അല്ലെങ്കിൽ ബോധപൂർവം ചെയ്യാതിരിക്കാറുമുണ്ട്. പക്ഷെ തലമുടി വെട്ടുന്നത് അത്ര മോശം കാര്യമല്ല. കഴിവതും മൂന്ന് മാസം കൂടുമ്പോൾ തലമുടി വെട്ടുന്നത് ശീലമാക്കണം. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി തലമുടി വളരാനും സഹായകമാകും.
8. സ്ട്രെസ് കുറയ്ക്കുക
മാനസിക പിരമുറുക്കം പലപ്പോഴും കഠിനമായ മുടി കൊഴിച്ചിലിനു കാരണമാകാറുണ്ട്.സ്ട്രെസ് കുറയ്ക്കുന്നതും, സന്തോഷത്തോടെ ഇരിക്കുന്നതും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.