LIFE

ആനന പാറ്റയെ! ഇൻ്റർനെറ്റ് ലോകം തിരയുന്നു, വൈറൽ തായ് ഗാനത്തിൻ്റെ അർഥമെന്ത്?

തമിഴുമായുള്ള സാദൃശ്യം കൊണ്ടാണ് പാട്ട് ക്ലിക്കാവുന്നതെങ്കിലും, പിന്നെ ഇന്ത്യ മൊത്തം പാട്ടിന് വൈബ് ചെയ്യാൻ തുടങ്ങി.

Author : പ്രണീത എന്‍.ഇ

ചില പാട്ടുകൾ അങ്ങനെയാണ്. അർഥം മനസിലായില്ലെങ്കിലും നമുക്ക് വളരെയധികം ആസ്വദിക്കാൻ പറ്റും. അങ്ങനെയൊരു പാട്ടാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങാവുന്നത്. 0% അൺഡർസ്റ്റാൻ്റിങ്, 100% വൈബിങ്. ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായ ഈ പാട്ടിന് ഇതിൽ കൂടുതൽ ചേരുന്ന വിശേഷണം ഇല്ല. തമിഴുമായുള്ള സാദൃശ്യം കൊണ്ടാണ് പാട്ട് ക്ലിക്കാവുന്നതെങ്കിലും, പിന്നെ ഇന്ത്യ മൊത്തം പാട്ടിന് വൈബ് ചെയ്യാൻ തുടങ്ങി.

മലയാളികൾ വരികളിലെ പാറ്റയെ തപ്പി പോയപ്പോ, തമിഴ്‌നാട്ടുകാർ ഇതിന് തമിഴ് അല്ലല്ലോന്ന് ഒന്നൂടെ കേട്ട് ഉറപ്പാക്കി. ഇത് ഇംഗ്ലീഷ് വരികാളാണെന്നും പറഞ്ഞ് ട്രാൻസ്‌ലേഷനുമെത്തി. എന്നാൽ വരികളുടെ അർഥം ഗൂഗിളിന് പോലും അറിയില്ലാന്നാണ് ഇൻസ്റ്റഗ്രാം യൂസേഴ്സ് പറയുന്നത്. എന്നാൽ പാട്ടിന് പിന്നിൽ ഒരു കഥയുണ്ട്.


ഏകദേശം പത്ത് വ‍ർഷം മുൻപിറങ്ങിയ ഒരു തായ്‌ കോമഡി മ്യൂസിക് ആൽബത്തിലെ വരികളാണ് ഇത്. 'ടോങ് ബാവോ ക്രഹ്മോം' എന്നാണ് നോയ് ചെര്‍ണിം എന്ന തായ് പാട്ടുകാരൻ നിർമിച്ച ആൽബത്തിൻ്റെ പേര്. ആൽബത്തിൽ പ്രണയ സാഫല്യത്തിനായി ഒരു സന്യാസി യുവാവിന് ചൊല്ലികൊ‍ടുക്കുന്ന മന്ത്രമാണ് ഇത്. ആൽബത്തിലുടനീളം ഈ വരികൾ റിപ്പീറ്റ് ചെയ്യുന്നു. കോമഡിക്ക് വളരെയധികം പ്രാധാന്യം നൽകുന്ന തായ്‌ ആൽബങ്ങൾ, ഇത്തരം ഫ്രെയ്സുകൾ പലപ്പോഴായി ഉപയോ​ഗിക്കാറുണ്ട്.

അങ്ങനെ നോയ് ചെര്‍ണിമിന്റെ ആൽബം തായ്‌ലാൻഡിൽ സൂപ്പ‍ർ ഹിറ്റായി. ‌ഇതോടെ നോയ് ചെര്‍ണിം ഗസ്റ്റ് റോളിലെത്തിയ തായ് സിനിമയായ ' ദ ഹോളി മാൻ 3' യിലും ഈ വരികൾ ഉപയോഗിച്ചു. 2022ൽ വരികളുപയോഗിച്ച് വീണ്ടുമൊരു ആൽബം കൂടി നിർമിച്ച നോയ് ചെര്‍ണിം, ലുക്ക് തുആങ്ങ് കോമഡി എന്ന പേരിൽ സ്പോട്ടിഫൈ ആപ്പിൾ മ്യൂസിക് തുടങ്ങിയ ഓഡിയോ പ്ലാറ്റ്‌ഫോമുകളിൽ ആൽബം റിലീസും ചെയ്തു.



പാട്ടിനെ പിന്നിലെ ഒറിജിനൽ ആർട്ടിസ്റ്റും കഥയും ഇതാണെങ്കിലും ഇന്തോനേഷ്യൻ ഗായികയായ നികേന്‍ സാലിന്ദ്രിയുടെ പെ‍ർഫോർമെൻസാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ വൈറലാവുന്നത്. തായ്‌ലാൻഡിൽ വമ്പൻ ഹിറ്റായ വരികൾ ഇന്തോനേഷ്യയിലും പ്രചാരം നേടിയിരുന്നു. 2019 മുതൽ നികെൻ സാലിൻഡ്രി എല്ലാ വേദികളിലും ഈ വരികൾ ആലപിക്കാൻ തുടങ്ങി. ഇന്തോനേഷ്യയിലെ പരമ്പരാ​ഗത പെർഫോർമിങ്ങ് രീതിയായ സിൻഡെനിലൂടെയാണ് നികേൻ വരികൾ അവതരിപ്പിച്ചത്. സാധാരണയായി ഒരു ഒറിജിനൽ സോങ്ങിലെ വരികൾ പല വിധത്തിലായി ആലപിക്കുക എന്നതാണ് സിൻഡെനിൻ്റെ രീതി. അങ്ങനെ നോയ് ചെര്‍ണിമിൻ്റെ ആൽബത്തിലെ വരികൾ ചേർത്ത് നികേൻ സാലിന്ദ്രി പാടി.

2 മാസം മുൻപ് നികേൻ സാലിന്ദ്രി യൂട്യൂബിൽ പങ്കുവെച്ച ഗാനത്തിന് 10 മില്യൺ കാഴ്ചക്കാരുണ്ട്. ബ്രൂണോ മാർസും കെ പോപ്പ് താരം റോസെയും ചേർന്നൊരുക്കിയ എപിറ്റി എന്ന ഗാനവുമായി നോയ് ചെർണിമിൻ്റെ ആൽബത്തിന് ചെറിയൊരു സാമ്യമുണ്ട്. അതിനാൽ തായ്‌ലാൻഡ് എപിറ്റി എന്ന പേരിലാണ് നികേൻ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. പാട്ടിനടിയിൽ പകുതിയും ഇന്ത്യയിൽ നിന്നുള്ള കമൻ്റുകളാണ്. അല്ലേല്ലും ഒരു പാട്ട് ഹിറ്റാവുന്നേൽ ഇന്ത്യക്കാരുടെ പങ്ക് ചെറുതല്ലല്ലോ.

SCROLL FOR NEXT