പ്രതീകാത്മക ചിത്രം Source; Meta AI
LIFE

ചെറിയ ഓർമപിശകിൽ തുടങ്ങും, പിന്നീട് ആകെ താളം തെറ്റും; ബ്രെയിൻ ഫോഗ് എന്ന വില്ലൻ

സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വരുന്ന അവസ്ഥ. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക തുടങ്ങി ദൈനംദിന പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്ന അവസ്ഥ.

Author : ന്യൂസ് ഡെസ്ക്

പ്രായമായവരിൽ ഓർമക്കുറവും, ശ്രദ്ധക്കുറവും, സംസാരത്തിലെ പിഴവുകളുമെല്ലാം സംഭവിച്ചേക്കാം. അതു പക്ഷെ യുവാക്കളിൽ ആയാലോ അത്ര നിസാരമായി കാണാൻ സാധിക്കില്ല അല്ലേ. വിശ്രമജീവിതം പോലെയല്ല പലപ്പോഴും ചെറുപ്രായത്തിൽ പോലും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവരുണ്ട്. കൊവിഡിനു ശേഷം പലർക്കും അനുഭവിക്കേണ്ടി വന്ന ശാരീരിക, മാനസിക അവശതകളുടെ കൂട്ടത്തിലാണ് ബ്രെയിൻ ഫോഗെന്ന വില്ലൻ ചർച്ചകളിലേക്ക് കടന്നുവരുന്നത്.

താക്കോലെടുക്കാൻ, സ്റ്റൗ ഓഫ് ചെയ്യാൻ, അങ്ങനെ നിത്യജീവിതത്തിൽ പലപ്പോഴും പലകാരണങ്ങൾകൊണ്ടും ചില മറവികൾ സംഭവിക്കാം. എന്നാൽ അത് ആവർത്തിക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. ചെറിയ മറവികളിൽ തുടങ്ങി പലപ്പോഴും കാര്യങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ട്. സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വരുന്ന അവസ്ഥ. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക തുടങ്ങി ദൈനംദിന പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്ന അവസ്ഥ. ബ്രെയിൻ ഫോഗിന്റെ പരിധിയിൽ വരുന്നകാര്യങ്ങൾ കൂടിയാണിത്.

ചെറിയ ഓർമപിശകായിരിക്കും ആദ്യം. പിന്നീട് കാര്യങ്ങൾ പറയുന്നതിനും ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമെല്ലാം വേഗത നഷ്ടപ്പെടാം. എന്നാൽ അത് മാനസികമായ തളർച്ചയിലേക്കും പിന്നീട് അമിതമായ ഉറക്കം, മന്ദത, ക്ഷീണം തുടങ്ങി ദൈനംദിന പ്രവർത്തികളെ തടസപ്പെടുത്തുന്ന തരത്തിൽ ബാധിക്കുകയും ചെയ്യുന്നു.

അനാരോഗ്യകരമായ ജീവിത ശൈലിതന്നെയാണ് ബ്രെയിൻ ഫോഗിന് പ്രധാന കാരണം. അതുകൊണ്ടു തന്നെ ആദ്യം പരിഗണിക്കേണ്ടത് ചിട്ടയായ ജീവിത ശൈലി കൊണ്ടുവരാനാണ്. സമീകൃതാഹാരം അടങ്ങിയ ഭക്ഷണക്രമം, വ്യായാമം, ആവശ്യത്തിന് വെള്ളം കുടിക്കുക, 7-8 മണിക്കൂറെങ്കിലും ദിവസവും ഉറങ്ങുക. എന്നിവയെല്ലാം നമ്മെ ഈ അവസ്ഥ മറികടക്കാൻ സഹായിക്കും.

ലഹരി ഉപയോഗം നിർത്തുകയാണ് ആരോഗ്യത്തിന് തന്നെ ഗുണകരം. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വൈറ്റമിൻ ഡി യുടെ അഭാവവും മേൽപറഞ്ഞ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് കാരണമാകും. സ്ട്രെസ് കുറച്ച് മനസിനെ സന്തോഷമാക്കി വയ്ക്കുകയും ചെയ്യേണ്ടതാണ്.

SCROLL FOR NEXT