2007 ജൂണ്‍ 29നാണ് അതുവരെയുണ്ടായിരുന്ന ഫോണ്‍ അനുഭവങ്ങളെല്ലാം മാറ്റി ഐ ഫോണ്‍ രംഗപ്രവേശം ചെയ്തത്. ഐ ഫോണ്‍ നമുക്ക് മുന്നിലേക്ക് എത്തിയിട്ട് ഇന്നേക്ക് 17 വര്‍ഷം പിന്നിടുന്നു. 2007 ജനുവരി 9നാണ് ട്രില്ല്യന്‍ കോടി ഡോളര്‍ കമ്പനിയായി ആപ്പിളിനെ വളര്‍ത്തിയ ഐ ഫോണിന്റെ പ്രഖ്യാപനം നടക്കുന്നത്. അതേവര്‍ഷം ജൂണ്‍ 29ന് മാക് കോണ്‍ഫറന്‍സില്‍ സ്റ്റീവ് ജോബ്‌സ് ഐഫോണ്‍ അവതരിപ്പിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഫോണ്‍ ചെയ്യാനും പാട്ടു കേള്‍ക്കാനും മൂന്ന് ഉപകരണങ്ങള്‍ വേണ്ടാ. ഇതൊന്നു മതിയെന്ന് പറഞ്ഞുകൊണ്ട് ഐ ഫോണിന്റെ വരവറിയിക്കുകയായിരുന്നു സ്റ്റീവ് ജോബ്‌സ്.
ഐ ഫോണ്‍ എന്ന പേര് സ്വന്തമാക്കാന്‍ 'ഐഫോണ്‍ ഡോട്ട് കോം' എന്ന ഡൊമൈന്‍ കൈവശം വെച്ചിരുന്ന മൈക്കിള്‍ കൊവാച്ച് എന്നയാള്‍ക്ക് കമ്പനി നല്‍കിയത് ഒരു ദശലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു. ബിബിസി ടെലിവിഷനിലാണ് അന്ന് ഐഫോണിന്റെ ആദ്യ പരസ്യം സംപ്രേഷണം ചെയ്തത്.
അമേരിക്ക അടക്കം പത്ത് രാജ്യങ്ങളിലാണ് ഐ ഫോണ്‍ ആദ്യം ലഭ്യമായത്. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഐ ഫോണില്‍ ലഭിക്കില്ലെങ്കിലും സഫാരി എഞ്ചിന്‍ വഴി ആക്‌സസ് ചെയ്യാം എന്ന് നേരത്തേ അറിയിച്ചിരുന്നു. വെബ്‌സൈറ്റുകള്‍ മൊബൈല്‍ ആപ്പുകളായെത്തിയ പുതിയകാലത്തിന്റെ തുടക്കവും അവിടെനിന്നാണ്. 2006ന്റെ അവസാന പാദംവരെ ലോകവ്യാപകമായി വിറ്റുപോയത് 22 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണുകളായിരുന്നു. 'നോക്കിയ'യായിരുന്നു വിപണിയിലെ ഒന്നാമന്‍. ബ്ലാക്ക്‌ബെറി, മോട്ടോറോള, പാം, സോണി എന്നിവ യഥാക്രമം പിന്നിലും. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ഈ അപ്രമാദിത്വം തകര്‍ക്കാന്‍ ആപ്പിളിന് കഴിയില്ലെന്ന് മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാല്‍മെര്‍ പരിഹസിച്ചിരുന്നു.
എന്നാല്‍ വിപണിയില്‍ പുതിയ സമവാക്യങ്ങള്‍ തീര്‍ക്കുന്നതായി 2007ലെ ഐ ഫോണ്‍ കാഴ്ച. ആദ്യത്തെ ഐഫോണിനെ ഐഫോണ്‍ 2ജി എന്നാണ് ടെക് ലോകം വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ആപ്പിള്‍ ഈ പേര് ഉപയോഗിക്കാറില്ല. അമേരിക്കയിലും ചില രാജ്യങ്ങളിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മാത്രമേ ഐഫോണ്‍ വാങ്ങുവാന്‍ ആദ്യകാലങ്ങളില്‍ സാധിച്ചിരുന്നുള്ളൂ. ഐഡന്റിറ്റി വെളിപ്പെടുത്താതെ ഐഫോണ്‍ വാങ്ങാനുള്ള ശ്രമം തടയുകയായിരുന്നു ലക്ഷ്യം.
2008 ജൂലൈ 11ന് ആപ്പിള്‍ ആദ്യ മോഡലിന്റെ വിതരണം നിര്‍ത്തി. തുടര്‍ന്നും 35 മാസക്കാലം ആപ്പിള്‍ ഇതിന് സാങ്കേതിക പിന്തുണ നല്‍കിയിരുന്നു. തുടര്‍വര്‍ഷങ്ങളില്‍ പുതിയ അപ്‌ഡേറ്റുകളും സുരക്ഷാ ഫീച്ചറുകളുമായാണ് ഐഫോണ്‍ ഉപയോക്താക്കളുടെ അരികിലെത്തിയത്. ടെക്ക് രംഗത്ത് സ്വന്തമായ ഇരിപ്പിടമുണ്ടാക്കി, ആരാധകവൃന്ദത്തെ സൃഷ്ടിച്ച് 15ആം സീരീസുമായി ജൈത്രയാത്ര തുടരുകയാണ് ഐഫോണ്‍.