Aranmula Vallasadya 
LIFE

69 വിഭവങ്ങൾ! ആറന്മുള വള്ളസദ്യക്ക് തുടക്കം

ഏകദേശം, രണ്ടു ലക്ഷത്തോളം പേര്‍, ഓണക്കാലം ഉള്‍പ്പെടുന്ന കുറഞ്ഞ കാലയളവില്‍ ആറന്‍മുള ക്ഷേത്രത്തിലെത്തുന്നു എന്നാണ് കരുതുന്നത്

Author : ന്യൂസ് ഡെസ്ക്

രുചിയുടെ പെരുമ കൊണ്ടും വിഭവങ്ങളുടെ എണ്ണം കൊണ്ടും ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി. 10 പള്ളിയോടങ്ങളാണ് ഇത്തവണ ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തത്. ഇനി വരുന്ന 74 ദിവസവും ആറന്മുളയിൽ ഉത്സവമാണ്.

പള്ളിയോടങ്ങളിൽ എത്തുന്ന കരക്കാർക്കും വഴിപാടുകാരുടെ ക്ഷണിതാക്കൾക്കുമായി 69 വിഭവങ്ങൾ അടങ്ങുന്ന സദ്യയാണ് നൽകുന്നത്. തിരുവോണത്തോണിയ്ക്ക് അകമ്പടിയായെത്തുന്ന പള്ളിയോടക്കാര്‍ക്കായി വഴിപാടെന്ന രീതിയിലാണ് ഓരോ ദിവസവും വള്ളസദ്യ നടത്തുന്നത്. 52 പള്ളിയോട കരകൾക്കാണ് വള്ളസദ്യ വഴിപാടായി നൽകുന്നത്. ക്ഷേത്ര കടവിലേക്ക് എഴുന്നള്ളുന്ന പള്ളിയോടങ്ങളെ വഞ്ചിപ്പാട്ട് പാടി വഴിപാടുകാർ സ്വീകരിക്കും. മൂന്ന് തവണത്തെ ക്ഷേത്ര പ്രദക്ഷിണത്തിന് ശേഷമാണ് കരക്കാർ സദ്യ പന്തലിലേക്ക് കടക്കുന്നത്. 44 വിഭവങ്ങളും പാടി ചോദിക്കുന്ന 25 വിഭവങ്ങളും ചേർന്ന സമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്. ഏകദേശം, രണ്ടു ലക്ഷത്തോളം പേര്‍, ഓണക്കാലം ഉള്‍പ്പെടുന്ന കുറഞ്ഞ കാലയളവില്‍ ആറന്‍മുള ക്ഷേത്രത്തിലെത്തുന്നു എന്നാണ് കരുതുന്നത്.

ഇത്തവണ, 10 ഊട്ടുപുരകളിലായി 15 കോൺട്രാക്ടർമാരുടെ നേതൃത്വത്തിൽ 150 ഓളം പാചകത്തൊഴിലാളികളുണ്ടാകും. ഇതുവരെ 350 വള്ളസദ്യകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. അഷ്ടമി രോഹിണി വള്ളസദ്യയും ഉതൃട്ടാതി ജലമേളയുമൊക്കെയായി ഒക്ടോബർ രണ്ടിനാണ് ആറന്മുളയുടെ ആഘോഷവും ആവേശവും അവസാനിക്കുന്നത്.

SCROLL FOR NEXT