മുംബൈ: കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിൽ നടത്തിയ ആദ്യത്തെ ഗോട്ട് ടൂറിന് ശേഷം അർജൻ്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി നാട്ടിലേക്ക് മടങ്ങിയിരുന്നു. റിലയൻസ് കുടുംബാംഗമായ ആനന്ദ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ കേന്ദ്രമായ വൻതാരയിലും മെസ്സി സന്ദർശനം നടത്തിയിരുന്നു.
ഈ സമയത്ത് ആനന്ദ് അംബാനി ലയണൽ മെസ്സിക്ക് സമ്മാനിച്ച സമ്മാനമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. അൾട്രാ റെയർ ലക്ഷ്വറി വാച്ചായ 'റിച്ചാർഡ് മില്ലെ ആർഎം 003-വി2 ജിഎംടി ടോർബില്ലൺ' എഷ്യ എഡിഷൻ വാച്ചാണ് ആനന്ദ് മെസ്സിക്ക് സമ്മാനമായി നൽകിയത്.
റിച്ചാർഡ് മില്ലെ ബ്രാൻഡിൻ്റെ ശ്രേണിയിലുള്ള ഏറ്റവും എക്സ്ക്ലൂസീവായ ലിമിറ്റഡ് എഡിഷൻ വാച്ചുകളിൽ ഒന്നാണിത്. ലോകത്ത് 12 എണ്ണം മാത്രമാണ് ഈ വാച്ചുകൾ നിർമിച്ചിട്ടുള്ളത്. അതിൻ്റെ വില കേട്ടാൽ ആരും ഞെട്ടും, 10.9 കോടി രൂപ! വൻതാരയിലേക്ക് വരുമ്പോൾ മെസ്സി ഈ വാച്ച് ധരിച്ചിരുന്നില്ലെന്നും, പിന്നീട് മടങ്ങുമ്പോൾ കയ്യിൽ ഈ വാച്ച് കാണാനായെന്നും പാപ്പരാസി മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു.
ബ്രൂണെയിലെ സുൽത്താൻ ഹസ്സനാൽ ബോൾക്കിയ, ഫോർമുല വൺ ഡ്രൈവർ മൈക്ക് ഷൂമാക്കർ, മുൻ എഫ്‌ഐഎ പ്രസിഡൻ്റും ഫെരാരി ടീം പ്രിൻസിപ്പലുമായ ജീൻ ടോഡ്, ജോഹോർ കിരീടാവകാശി തുങ്കു ഇസ്മായിൽ ഇബ്‌നി സുൽത്താൻ ഇബ്രാഹിം, വാച്ച് നിർമാതാവ് കരി വൗട്ടിലൈനൻ എന്നിവരാണ് ഈ എക്സ്ക്ലൂസീവ് റിച്ചാർഡ് മില്ലെ വാച്ച് വാങ്ങി ധരിച്ചിട്ടുള്ള വിശിഷ്ട വ്യക്തികൾ.
എയറോസ്പേസ്, ഫോർമുല വൺ റേസിങ് എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത കാർബൺ ടിപിടി കൊണ്ട് നിർമിച്ച കേസാണ് വാച്ചിൻ്റെ പ്രധാന ആകർഷണം. ഗുരുത്വാകർഷണം ചലനത്തെ ബാധിക്കാതിരിക്കാനായി വികസിപ്പിച്ച ടോർബില്ലോൺ ചലനമാണ് മറ്റൊരു സവിശേഷത.
ബ്ലാക്ക് കാർബൺ കേസ്, ടൈറ്റാനിയം ബേസ് പ്ലേറ്റ്, സഫയർ ഡിസ്ക് എന്നിവയെല്ലാമുള്ള വാച്ചിൽ, ഓരോ സമയമനുസരിച്ചും ഡയലിൻ്റെ നിറത്തിൽ മാറ്റങ്ങൾ പ്രത്യക്ഷപ്പെടുമെന്നും വിദഗ്ധർ റിപ്പോർട്ട് ചെയ്യുന്നു.