ആരോഗ്യകരമായ ഭക്ഷണശീലത്തിൽ ഒഴിച്ചു കൂടാൻ കഴിയാത്തവയാണ് പച്ചക്കറികൾ. ഓരോ പച്ചക്കറിയ്ക്കും പല പല ഗുണങ്ങളാണ്. അതുകൊണ്ടുതന്നെ ദൈനംദിന ഭക്ഷണക്രമത്തിൽ നല്ലൊരു ഭാഗം പച്ചക്കറികൾ ഉൾപ്പെടുത്തണം എന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. പച്ചക്കറികൾ എപ്പോഴും പാകം ചെയ്ത് കഴിക്കണം എന്നും ഇല്ല. പലതും ആവിയിൽ പുഴുങ്ങിയോ, അല്ലെങ്കിൽ പച്ചയ്ക്കോ കഴിക്കാൻ സാധിക്കും.
പച്ചക്കറികളല്ലേ ചുമ്മാ കഴിച്ചാലും ഒന്നും സംഭവിക്കില്ല എന്ന് പറയാറുണ്ട്. എങ്കിലും അങ്ങനെ എല്ലാ പച്ചക്കറികളും പച്ചയ്ക്ക് കഴിക്കാൻ സാധിക്കില്ല. പോഷകങ്ങള് ലഭിക്കാനായി പച്ചക്കറികള് പച്ചയ്ക്ക് കഴിക്കുന്നത് ശീലമാക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ചില പച്ചക്കറികള് പച്ചയ്ക്ക് കഴിക്കുന്നത് ഗുണകരമല്ല. അവ ഏതൊക്കെയാണെന്ന് നോക്കാം.
ചീര
ഇരുമ്പ് ഉൾപ്പെടെ ഏറെ പോഷകങ്ങൾ അടങ്ങിയ ചീര ഹെൽത്തി ഡയറ്റിലെ സ്ഥിരം വിഭവമാണ്. എന്നാൽ ചീരയിലെ ഓക്സലേറ്റുകള് അൽപ്പം ശ്രദ്ധിക്കേണ്ടതാണ്. വൃക്കയില് കല്ലുണ്ടാകാനുള്ള സാധ്യതയുള്ളവര്ക്ക് ഓക്സലേറ്റിന്റെ അളവ് അധികമാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ചീര നന്നായി പാകം ചെയ്യുന്നത് വഴി ഇതിന് പരിഹാരം കാണാം. ഇലക്കറി ആയതിനാൽ പച്ച ചീരയില് രോഗാണുക്കള് എത്താനുള്ള സാധ്യത ഏറെയാണ്. അതിനാൽ ചീര കഴിക്കുന്നവർ അവ നന്നായി കഴുകി വൃത്തിയാക്കി പാകം ചെയ്ത് കഴിക്കുന്നതാകും ഗുണകരം.
കാബേജ്
കാബേജ് തോരൻ പോലെ പല വിഭവങ്ങളായി തീൻ മേശയിലെത്തുന്ന ഒന്നാണ്. എന്നാൽ സാലഡുകളിലും മറ്റ് സൈഡ് ഡിഷുകളിലും ഡെക്കറേഷനുകളിലുമെല്ലാം കാബേജ് പാകം ചെയ്യാതെയാണ് ഉപയോഗിക്കുക. നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഇത് ഭക്ഷണത്തില് ഉള്പ്പെടുത്തുന്നത് നല്ലതാണ്. എന്നാല് വൃത്തിയാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വീഴ്ചയുണ്ടായാല് രോഗാണുക്കള് ഭക്ഷണത്തിലൂടെ ശരീരത്തിലെത്താന് സാധ്യതയുണ്ട്. കാബേജ് പച്ചയ്ക്ക് കഴിക്കുമ്പോള് പുറംഭാഗത്തെ ഇലകള് നീക്കി നന്നായി കഴുകണം. സംശയാസ്പദമായതോ കേടായതോ ആയ ഭാഗങ്ങള് ഒഴിവാക്കുകയും വേണം. കൂടുതല് സുരക്ഷിതത്വം ഉറപ്പാക്കാന് കാബേജ് നന്നായി പാകം ചെയ്ത് കഴിക്കാവുന്നതാണ്.
വഴുതനങ്ങ
സാധാരണയായി കൂടുതലും വേവിച്ച് ഉപയോഗിക്കുന്ന പച്ചക്കറിയാണ് വഴുതനങ്ങ. എന്നാൽ ചില സ്പെഷ്യൽ ഡിഷുകളിലും , സാലഡുകളിലും മറ്റും പാകം ചെയ്യാതെ ഉപയോഗിക്കാറുണ്ട്. വഴുതനങ്ങ ഉള്പ്പെടുന്ന നൈറ്റ്ഷെയ്ഡ് വിഭാഗത്തിലെ സസ്യങ്ങളില് സോളനൈന് പോലുള്ള ഗ്ലൈക്കോ ആല്ക്കലോയിഡുകളെക്കുറിച്ച് ആശങ്കകള് ഉയരാറുണ്ട്. എന്നാല് വഴുതനങ്ങയില് അപകടകരമായ അളവില് സോളനൈന് അടങ്ങിയിട്ടില്ല എങ്കിലും ഏപ്പോഴും പാകം ചെയ്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗൂണകരം.