കുഞ്ഞ് പ്രായത്തിൽ തന്നെ കഥയും കവിതകളും എഴുതുകയും പറയുകയും ചെയ്യുന്ന ഒട്ടേറെ കുട്ടികളെ നമുക്കറിയാം. തൃശൂരിൽ സ്വന്തം കഥ പാഠപുസ്തകത്തിൽ പഠിക്കാൻ അവസരം ലഭിച്ച ഒരാളുണ്ട്. കൊടകര ഗവൺമെൻ്റ് എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി മെയ് സിത്താരയാണ് ഈ അപൂർവ നേട്ടത്തിന് അർഹയായത്.
ഏഴു വയസ്സിനുള്ളിൽ ഒട്ടേറെ കഥകളാണ് ഈ കൊച്ചു മിടുക്കി എഴുതിയത്. ചെറുപ്രായത്തിൽ തന്നെ സ്വന്തം കഥകളുടെ ഒരു പുസ്തകം പുറത്തിറക്കി കഴിഞ്ഞു. ഒട്ടേറെ കഥകളും കവിതകളും എഴുതിക്കൊണ്ടേയിരിക്കുന്നു. എന്നാൽ സുട്ടു എന്ന് വിളിക്കുന്ന മെയ് സിത്താരയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം " പൂമ്പാറ്റുമ്മ " എന്ന സ്വന്തം കഥ ഇക്കൊല്ലം കൂട്ടുകാർക്കൊപ്പം പഠിക്കാൻ കഴിഞ്ഞതാണ് .
സൗണ്ട് ഡിസൈനിങ്ങിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ അജയൻ അടാട്ടിൻ്റെയും ഗവേഷകയായ പാർവതിയുടെയും മകളാണ് സുട്ടുവെന്ന് വിളിപ്പേരുള്ള മെയ് സിത്താര.
അവൾ വളർന്നതും സംസാരിക്കാൻ പഠിച്ചതുമെല്ലാം കോവിഡ് മൂലം ആളുകൾ വീട്ടകങ്ങളിലേക്ക് ചുരുങ്ങിയ സമയത്താണ്. അന്ന് സുട്ടു പറഞ്ഞ ഓരോ കഥകളും അമ്മ റെക്കോർഡ് ചെയ്തും എഴുതിയും സൂക്ഷിച്ചു. അതെല്ലാം ചേർത്താണ് തെരഞ്ഞെടുത്ത 25 കഥകൾ ഉൾപ്പെടുത്തി " സുട്ടു പറഞ്ഞ കഥകൾ " എന്ന പുസ്തകം പുറത്തിറക്കിയത്.
സുട്ടു പറഞ്ഞ കഥകളിലെ "പൂമ്പാറ്റൂമ്മ" എന്ന കഥ വളരെ അവിചാരിതമായാണ് കുറച്ചു വർഷങ്ങൾക്കു മുൻപ് മൂന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള കേരള പാഠാവലിയിൽ ഉൾപ്പെടുത്തുന്നത്. അന്നു മുതൽ സുട്ടു സ്കൂളിലെയും നാട്ടിലെയും താരമായി.
സാഹിത്യത്തിന് പുറമെ നൃത്തത്തിലും മെയ് സിത്താരക്ക് താല്പര്യമുണ്ട്. എന്നാൽ പരസ്യ നിർമാണമാണ് ജോലിയായി ചെയ്യാൻ ആഗ്രഹിക്കുന്നത്. ഇതിനെല്ലാം ആവശ്യമായ പിന്തുണയും പ്രോത്സാഹനവുമായി മാതാപിതാക്കളും കൊടകര ഗവൺമെൻ്റ് എൽ.പി സ്കൂളിലെ അധ്യാപകരും ഈ കൊച്ചു മിടുക്കിക്ക് ഒപ്പമുണ്ട് .