LIFE

ഇൻസ്റ്റഗ്രാമിന് അപരൻ? 'വീ' ആപ്പ് ലോഞ്ച് ചെയ്ത് ടിക്ടോക്ക്

ഇൻസ്റ്റഗ്രാമിന് സമാനമായി ഫോട്ടോ ഷെയറിങ്ങ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ടിക്ടോക്കിൻ്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസ്

Author : ന്യൂസ് ഡെസ്ക്

ഉപഭോക്താക്കൾ കണ്ടൻ്റുകൾ കോപ്പിയടിക്കുന്നതും സമൂഹമാധ്യമങ്ങൾ ഫീച്ചറുകൾ കോപ്പിയടിക്കുന്നതും ഇന്ന് ഒരു പുതിയ കാര്യമല്ല. ഇൻസ്റ്റഗ്രാം ടിക്ടോക്കിൽ നിന്നും റീൽസ് ഫീച്ചർ കടമെടുത്തതും അത് വമ്പൻ ഹിറ്റായതും നമ്മൾ കണ്ടതാണ്. ഇൻസ്റ്റഗ്രാം ത്രെഡ്‌സിനും എക്‌സിനും സമാനമായി ടിക്ടോക്ക് അടുത്തിടെ നോട്ട്സ്ആപ്പും ഇറക്കിയിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിന് സമാനമായി ഒരു ഫോട്ടോ ഷെയറിങ്ങ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ടിക്ടോക്കിൻ്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസ്. വീ(whee) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പിന് നിർമ്മാതാക്കൾ ഇതുവരെ വലിയ പ്രചാരം നൽകിയിട്ടില്ല. ഒറ്റ നോട്ടത്തിൽ ഇൻസ്റ്റഗ്രാം തന്നെയാണോ എന്ന് സംശയം തോന്നുന്ന വീ ആപ്പ് യുഎസ് ഒഴികെയുള്ള 12ലധികം രാജ്യങ്ങളിൽ ലഭ്യമാണെന്നാണ് റിപ്പോർട്ട്.

യൂസേഴ്സ് പങ്കുവെക്കുന്ന ചിത്രങ്ങൾ സുഹൃത്തുകൾക്ക് മാത്രമേ കാണാൻ കഴിയുള്ളൂ എന്നതാണ് വീ ആപ്പിനെ ഇൻസ്റ്റഗ്രാമിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇൻസ്റ്റഗ്രാമിലെ പബ്ലിക്ക് അക്കൗണ്ട് ഫീച്ചർ ആപ്പിലില്ലെന്നാണ് ആദ്യ നോട്ടത്തിൽ ലഭിക്കുന്ന വിവരം. സുഹൃത്തുക്കളോടൊപ്പം മാത്രം പങ്കിടാനായി, സുഹൃത്തുകൾക്കായി മാത്രം നിർമ്മിച്ചത് എന്നാണ് ആപ്പ് സ്റ്റോറിൽ ഷെയർ ചെയ്തിരിക്കുന്ന സ്ക്രീൻ ഷോട്ടുകളിൽ നിന്നും വ്യക്തമാവുന്നത്. ക്യാമറ ടാബ്, ഫീഡ്, മെസ്സേജസ് എന്നീ ടാബുകൾ മാത്രമുൾപ്പെടുന്ന വളരെ ലളിതമായ യൂസർ ഇൻ്റർഫേസാണ് ആപ്പിനുള്ളത്. ഇൻസ്റ്റഗ്രാമിലേതുപോലുള്ള നോട്ടിഫിക്കേഷൻ ബട്ടനും ആപ്പിലുണ്ട്.

ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യയിൽ വീ ആപ്പ് എത്തുമോ എന്നത് സംശയമാണ്. ലോകമെമ്പാടും വീ ആപ്പ് എപ്പോൾ ലഭ്യമാവുമെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ടിക്ടോക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആഘോഷങ്ങളില്ലാതെ നിശബ്ദമായി ലോഞ്ച് ചെയ്ത ഈ ആപ്പ് പിൻവലിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എന്തായാലും ടിക്ടോക്കിൻ്റെ പുതിയ ആപ്പ് ലോകമെമ്പാടും ചർച്ചയായി കഴിഞ്ഞു.

SCROLL FOR NEXT