LIFE

റോഡിലൂടെ കാറോടിച്ച് മടുത്തോ? നിങ്ങൾക്കായെത്തുന്നൂ പറക്കും കാറുകൾ!

ചൈനീസ് കമ്പിനിയായ ഷിപ്പേങ് എയിറോ എച്ച് ടിയാണ് ആകാശത്തിലൂടെ യാത്ര ചെയ്യാൻ സാധിക്കുന്ന കാറുകൾ നിർമ്മിച്ചത്

Author : ന്യൂസ് ഡെസ്ക്

ട്രാഫിക്ക് ബ്ലോക്കിൽ പൊറുതിമുട്ടിയിരിക്കുമ്പോൾ പറക്കും കാറുകൾ വേണമെന്ന് തോന്നിയിട്ടുണ്ടോ? വിദൂരമെന്ന് തോന്നിയ ആ സ്വപ്നം യാഥാർത്ഥ്യമാവാൻ പോവുകയാണ്. ചൈനീസ് കമ്പനിയായ ഷിപ്പേങ് എയിറോ എച്ച് ടിയാണ് ആകാശത്തിലൂടെ യാത്ര ചെയ്യാൻ സാധിക്കുന്ന ഇലക്ട്രോണിക് കാർ ഡ്രോൺ പുറത്തിറക്കിയത്. വോയേജർ 2 എന്ന് പേരിട്ടിരിക്കുന്ന കാർ രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ഡ്രോൺ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. ഇന്നലെ നടന്ന യാത്രപരീക്ഷണത്തിൽ വോയേജർ 2 വിജയിച്ചത്തോടെ ഭാവിയിലേക്കുള്ള വാതിലുകൾ തുറക്കപ്പെടുകയാണ്. എന്നാൽ ഈ കാർ ഭാവിയിലേക്കുള്ളതാണെന്നും തൽക്കാലം ഇപ്പോൾ വില്പനയ്ക്കില്ലെന്നുമാണ് കമ്പനിയുടെ പക്ഷം. ചൈനയിലെ ഹെബി പ്രവിശ്യയിലായിരുന്നു ഇലക്ട്രോണിക് കാർ ഡ്രോണിന്റെ പരീക്ഷണയാത്ര നടത്തിയത്.

രണ്ടുപേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഈ കാർ ഡ്രോണിൽ, ഇരുപത്തിയഞ്ച് മിനിറ്റ് നേരമാണ് തുടർച്ചയായി യാത്ര ചെയ്യാൻ സാധിക്കുക. വാഹനത്തിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. ഏകദേശം 680 കിലോഗ്രാം ഭാരമുള്ള വോയേജർ 2വിന് 160 കിലോഗ്രാം ഭാരം വഹിക്കാനാകും. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിലെ നിർമ്മാണമെന്നാണ് കമ്പിനി പറയുന്നത്. പരീക്ഷണത്തിൽ കണ്ടെത്തിയ ചെറിയ പോരായ്മകൾ പരിഹരിച്ചതിനു ശേഷം വ്യാവസായിക അടിസ്ഥാനത്തിൽ കാറുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കും. വോയേജർ ഭാവിയിലേക്കുള്ള കാറുകളെന്നാണ് കമ്പനിയുടെ അവകാശവാദം.

ഷിപ്പേങ് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ഹെ ഷിപ്പേങ്ൻ്റെ നേതൃത്വത്തിലുള്ള എയിറോ എച്ച് ടി കഴിഞ്ഞ ഏപ്രിലിലാണ് തങ്ങളുടെ പറക്കും കാറിൻ്റെ ലോഞ്ചിനായി തയ്യാറെടുക്കുന്നതിനെ കുറിച്ചുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. കാറിൻ്റെ പ്രതീക്ഷിക്കുന്ന വിലയെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ വർഷം തന്നെ ഓർഡറുകൾ സ്വീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യയിലെ പുരോഗതിയും അനുകൂലമായ സർക്കാർ നയങ്ങളും കൂടിയാവുമ്പോൾ കാറുകൾ ഉടൻ വിപണിയിലെത്താൻ സാധ്യതയുണ്ട്.

2013ലാണ് കമ്പിനി പറക്കും കാറുകളുടെ നിർമാണം ആരംഭിച്ചത്. എന്നാൽ പറക്കും കാറുകൾക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. ചൈനയിലെ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ്റെ സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ വു സിമിംഗ്, അടിസ്ഥാന സൗകര്യങ്ങളിൽ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി.

SCROLL FOR NEXT