LIFE

ഇന്ന് അന്താരാഷ്ട്ര യുവജന ദിനം; അറിയാം തീം, ചരിത്രം പ്രാധാന്യം

'ക്ലിക്കുകളിൽ നിന്ന് പുരോഗതിയിലേക്ക്: സുസ്ഥിര വികസനത്തിനായുള്ള യുവജന ഡിജിറ്റൽ പാതകൾ' എന്നതാണ് 2024 ലെ അന്താരാഷ്ട്ര യുവജന ദിനത്തിൻ്റെ പ്രമേയം

Author : ന്യൂസ് ഡെസ്ക്

ലോകമെമ്പാടുമുള്ള യുവാക്കളുടെ കഴിവുകൾ, നേട്ടങ്ങൾ, സംഭാവനകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി തെരെഞ്ഞെടുത്തിരിക്കുന്ന ദിവസമാണ് ഓഗസ്റ്റ് 12. എല്ലാ വർഷവും ഓഗസ്റ്റ് 12 ന് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കുന്നു. യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടുക  എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ ദിവസം ആചരിക്കുന്നത്. ഡിജിറ്റലൈസേഷൻ മുതൽ സാമൂഹിക കാര്യങ്ങളിലുള്ള ഇടപെടലുകളിൽ വരെ, യുവാക്കൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവണതയെ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നതും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.

ലോക ജനസംഖ്യയുടെ പകുതിയും 30 വയസ്സിന് താഴെയുള്ളവരാണ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഇവരുടെ ഇടപെടലും വളരെ അത്യാവശ്യമാണ്. അത്കൊണ്ട് തന്നെ യുവാക്കളെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.

'ക്ലിക്കുകളിൽ നിന്ന് പുരോഗതിയിലേക്ക്: സുസ്ഥിര വികസനത്തിനായുള്ള യുവജന ഡിജിറ്റൽ പാതകൾ' എന്നതാണ് 2024 ലെ അന്താരാഷ്ട്ര യുവജന ദിനത്തിൻ്റെ പ്രമേയം. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് (എസ്‌ഡിജി ) പുരോഗതി വർധിപ്പിക്കുന്നതിൽ ഡിജിറ്റലൈസേഷൻ്റെ പങ്ക് വളരെ പ്രധാനപെട്ടതാണ്. ഡിജിറ്റൽ ടൂളുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് സമൂഹത്തിൽ ഗുണകരമായ മാറ്റം വരുത്തുന്ന യുവാക്കളുടെ അധ്വാനത്തെയും ഈ തീമിലൂടെ എടുത്ത് കാട്ടുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം, സാമ്പത്തികവും, സാമൂഹികവും, പാരിസ്ഥികവുമായ കാര്യങ്ങളിൽ ഡിജിറ്റലൈസേഷൻ വലിയ പങ്ക് വഹിക്കുന്നുണ്ട്.

1991-ൽ ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന യുണൈറ്റഡ് നേഷൻസ് സിസ്റ്റത്തിൻ്റെ വേൾഡ് യൂത്ത് ഫോറത്തിൻ്റെ ഉദ്ഘാടന സെഷനിൽ പങ്കെടുത്ത യുവാക്കളാണ് അന്താരാഷ്ട്ര യുവജനദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 1999 ൽ ഐക്യരാഷ്ട്രസഭ, ആഗസ്റ്റ് 12-ന് അന്താരാഷ്ട്ര യുവജന ദിനമായി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2000 ഓഗസ്റ്റ് 12 നാണ് ആദ്യമായി യുവജന ദിനം ആചരിച്ചത്. 

SCROLL FOR NEXT