ആരോഗ്യ സംരക്ഷണത്തിനും ഫിറ്റ്നസിനും ആളുകൾ ഏറെ പ്രാധാന്യം നൽകുന്ന കാലമാണിത്. വ്യായാമം കുറഞ്ഞാൽ അത് ഡയറ്റിൽ ശരിയാക്കാൻ ശ്രമിക്കുന്നവരും ഏറെയുണ്ട്. ഡയറ്റെന്നു പറയുമ്പോൾ ലോകാർബ് പ്രോട്ടീൻ റിച്ച് ഡയറ്റുകൾക്കാണ് ഇന്ന് ഏറെ പ്രിയം. മിക്കവാറും ഭക്ഷണക്രമത്തിലൂടെ ശരീരം പരിപാലിക്കുന്നവരുടെ പ്രധാന ഭക്ഷണം പ്രൊട്ടീൻ ആയിരിക്കും.
മാസം, മുട്ട, പ്രൊട്ടീൻ പൗഡറുകൾ എന്നിങ്ങനെ പ്രകൃതി ദത്തവും, മനുഷ്യ നിർമിതവുമായ ഏറെ പ്രൊട്ടീൻ വിഭവങ്ങൾ ലഭ്യമാണ്. രുചികരമായ റെസീപികളും ഉണ്ട്. അതുകൊണ്ട് പ്രൊട്ടീൻ റിച്ച് ഭക്ഷണം നിരവധിപ്പേരുടെ ഇഷ്ട ഡയറ്റുമാണ്. എന്നാൽ ഗുണം മാത്രമല്ല അമിതമായ അളവിൽ പ്രൊട്ടീൻ ശരീരത്തിലെത്തിയാൽ പണിയും കിട്ടും.
അമിതമായ പ്രൊട്ടീൻ കൂടുതൽ കാത്സ്യം പുറന്തള്ളാൻ കാരണമാകും. ഇത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പല്ലുകൾ പൊട്ടിപ്പോകുന്നതുൾപ്പെയുള്ള പല അസുഖങ്ങൾക്കും കാരണം ശരീരത്തിൽ നിന്നും കൂടുതൽ കാത്സ്യം നഷ്ടപ്പെടുന്നതാണ്. അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനാണ് പ്രൊട്ടീൻ കഴിക്കുന്നതെങ്കിലും അധികം അളവിൽ പ്രൊട്ടീൻ അകത്ത് ചെന്നാൽ അത് ശരീര ഭാരം കൂടുന്നതിന് കാരണമായേക്കും.
പ്രൊട്ടീൻ നല്ലതെങ്കിലും അത് മാത്രം പോര ശരീരത്തിന്. മറ്റ് പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഭക്ഷണത്തിൽ പ്രൊട്ടീനിന് മാത്രം പ്രാധാന്യം കൊടുക്കുമ്പോൾ അത് ചിലപ്പോൾ മറ്റ് പോഷകങ്ങളുടെ അളവിൽ കുറവു വരുത്തിയേക്കാം. അതുകൊണ്ടു തന്നെ ശരീരത്തിനാവശ്യമായ വൈറ്റമിൻസും മറ്റും ലഭിക്കുന്ന തരത്തിൽ സമീകൃതാഹാരം ശീലമാക്കുക.
മറ്റൊരു പ്രശ്നം നിർജലീകരണത്തിനുള്ള സാധ്യതയാണ്. പ്രൊട്ടീൻ ഉപയോഗം അമിതമായാൽ ശരീരത്തിൽ ജലാംശം അധികമായി നിലനിർത്തേണ്ട ആവശ്യകത വരും. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിക്കുക. ചിലപ്പൊഴൊക്കെ ഉയർന്ന അളവിലുള്ള പ്രൊട്ടീൻ ഉപയോഗം അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇതു തിരിച്ചറിഞ്ഞ് വേണം ഭക്ഷണം ക്രമീകരിക്കാൻ.
മറ്റൊരു വില്ലൻ റെഡ് മീറ്റുകളാണ്. റെഡ് മീറ്റുകളിലെ അമിത പ്രൊട്ടീൻ ഹൃദയാരോഗ്യത്തെയാണ് ബാധിക്കുക. ബീഫ് പോലുള്ള റെഡ് മീറ്റുകൾ മിതമായ അളവിൽ കഴിക്കുക. അതു പോലെ തന്നെ പ്രൊട്ടീൻ അധികമായാൽ കരൾ രോഗ സാധ്യതയും വർധിക്കും. ശരീരത്തിന് ആവശ്യമായ എല്ലാം പോഷകങ്ങളും ഉറപ്പുവരുത്തുകയാണ് വേണ്ടത്. ആരോഗ്യവിദഗ്‌ധൻ്റെ നിർദേശപ്രകാരം ഭക്ഷണവും ജീവിത ശൈലിയും ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.