കഴിഞ്ഞ ദിവസങ്ങളിലായി ജപ്പാനിലേക്കുള്ള ഫ്ലൈറ്റ് ബുക്കിങ്ങുകളിൽ 83 ശതമാനം ഇടിവുണ്ടായെന്നാണ് റിപ്പോർട്ട് Source: Amazone, Freepik
LIFE

"ജപ്പാനെ കടൽ വിഴുങ്ങും"; ന്യൂ ബാബ വാങ്കയുടെ പ്രവചനത്തിൽ വിറങ്ങലിച്ച് ലോകം; രാജ്യത്തേക്കുള്ള യാത്ര ഉപേക്ഷിച്ച് സഞ്ചാരികൾ

2025 ജൂലൈ 5ന് ജപ്പാനിൽ ഒരു വലിയ സുനാമി ഉണ്ടാകുമെന്നാണ് ന്യൂ ബാബാ വാങ്കയുടെ പ്രവചനം

Author : ന്യൂസ് ഡെസ്ക്

നിങ്ങൾ പ്രവചനങ്ങളിൽ വിശ്വസിക്കുന്നുണ്ടോ? പ്രവചനങ്ങൾ ഫലിക്കുന്നത് ചില സാധ്യതകൾ കൊണ്ട് മാത്രം സംഭവിക്കുന്ന ഒന്നായിരിക്കാം. എന്നാൽ ഒരു പ്രവചനത്തിൻ്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിലായി ജപ്പാനിലേക്കുള്ള ഫ്ലൈറ്റ് ബുക്കിങ്ങുകളിൽ 83 ശതമാനം ഇടിവുണ്ടായെന്നാണ് റിപ്പോർട്ട്.

ന്യൂ ബാബ വാങ്ക എന്ന പേരിൽ അറിയപ്പെടുന്ന ജാപ്പനീസ് മാംഗ ആർട്ടിസ്റ്റ് റിയോ തത്സുകിയുടെ പ്രവചനത്തെക്കുറിച്ചാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. 2025 ജൂലൈ 5ന് ജപ്പാനിൽ ഒരു വലിയ സുനാമി ഉണ്ടാകുമെന്നാണ് അവരുടെ പ്രവചനം. മാംഗ സീരിസായ 'ദി ഫ്യൂച്ചർ ഐ സോ'യിലാണ് റിയോ തത്സുകി ഇതിനെക്കുറിച്ച് പറയുന്നത്. പ്രവചനങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ലെങ്കിലും, 2011-ൽ ജപ്പാനിൽ ഉണ്ടായ തോഹോകു ഭൂകമ്പത്തെയും സുനാമിയെയും കുറിച്ചുള്ള തത്സുകിയുടെ കൃത്യമായ പ്രവചനമാണ് ലോകത്തെ ഭയപ്പെടുത്തുന്നത്. 18,000-ത്തിലധികം പേർ മരിച്ച ഫുകുഷിമ ഡൈച്ചി ആണവ ദുരന്തവും 'ദി ഫ്യൂച്ചർ ഐ സോ'യിൽ റിയോ തത്സുകി പ്രവചിച്ചിരുന്നു.

എന്താണ് റിയോ തത്സുകിയുടെ പ്രവചനം?

ജപ്പാൻ തീരത്ത് ശക്തമായ സുനാമിയുണ്ടാകുമെന്നും ഫിലിപ്പീന്‍സ്, തായ്‌വാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളെ അത് ബാധിച്ചേക്കുമെന്നുമാണ് റിയോ തത്സുകിയുടെ പ്രവചനം. ജപ്പാൻ തീരത്ത് സമുദ്രം തിളച്ചുമറിയുമെന്നും അവർ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. വെള്ളത്തിനടിയിലുള്ള അഗ്നിപര്‍വ്വത സ്ഫോടനത്തിൻ്റെ സൂചനയായാണ് ഇതെന്നാണ് ലോകം ഈ വരികൾക്ക് നൽകുന്ന വ്യാഖ്യാനം.

എന്നാൽ താനൊരു മാനസികരോഗിയാണെന്ന് സ്വയം പ്രഖ്യാപിച്ച റിയോ തത്സുകിയുടെ വാക്കുകൾ അടിസ്ഥാനരഹിതമാണെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥർ പറയുന്നു. അധികാരികളുടെ ഉറപ്പുണ്ടായിരുന്നിട്ടും, തത്സുകിയുടെ പ്രവചനം ആളുകളിലുണ്ടാക്കിയ പരിഭ്രാന്തി ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.

ബ്ലൂംബെർഗ് ഇൻ്റലിജൻസ് റിപ്പോർട്ട് പ്രകാരം, ചൈനയിലെ ഹോങ്കോങ്ങിൽ നിന്നും ജപ്പാനിലേക്കുള്ള ശരാശരി ബുക്കിങ്ങുകൾ വർഷം തോറും 50% കുറഞ്ഞുവരികയാണ്. ജൂൺ അവസാനത്തിനും ജൂലൈ ആദ്യ വാരത്തിനും ഇടയിൽ ബുക്കിങ്ങുകളുടെ കണക്കെടുക്കുകയാണെങ്കിൽ 83% വരെ ഇടിവ് കാണാം. ഏപ്രിൽ-മെയ് മാസങ്ങളിലും ജപ്പാനിലേക്കുള്ള ബുക്കിങ്ങുകളിൽ 50% കുറവുണ്ടായതായി ഹോങ്കോങ്ങിലെ ഒരു ട്രാവൽ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

ബ്ലൂംബെർഗ് ഇൻ്റലിജൻസ് റിപ്പോർട്ട് പ്രകാരം, ചൈനയിൽ നിന്നും ജപ്പാനിലേക്കുള്ള ശരാശരി ബുക്കിങ്ങുകൾ വർഷം തോറും 50% കുറഞ്ഞുവരികയാണ്

ഇത്തരം അടിസ്ഥാനരഹിതമായ ഭയത്തിൻ്റെ പേരിൽ രാജ്യത്തെ ടൂറിസം ഇന്ന് ആശങ്കയിലാണ്. ഇത് ജപ്പാൻ്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തന്റെ പ്രവചനങ്ങളെ ഗൗരവമായി എടുക്കരുതെന്ന് തന്നെയാണ് റിയോ തത്സുകിയുടെയും പക്ഷം. വിദഗ്ധരുടെ അഭിപ്രായങ്ങൾ പരിഗണിക്കണമെന്നും അനാവശ്യമായി വാർത്തകളിൽ സ്വാധീനിക്കപ്പെടരുതെന്നും തത്സുകി പറയുന്നു.

എന്നാൽ തത്സുകിയുടെ പ്രവചനത്തിൽ നിന്ന് വ്യത്യസ്തമായി, ഭൂകമ്പ സാധ്യതകളെക്കുറിച്ച് ജാപ്പനീസ് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്. ഏപ്രിലിൽ ജപ്പാന്റെ പസഫിക് തീരത്ത് രണ്ട് ലക്ഷത്തോളം ആളുകൾ വരെ മരിക്കാൻ സാധ്യതയുള്ള ഒരു വലിയ ഭൂകമ്പം സംഭവിച്ചേക്കുമെന്ന് സർക്കാർ ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നൽകിയിരുന്നു.

റിയോ തത്സുകിയുടെ മുൻകാല പ്രവചനങ്ങൾ

  • 1995 കോബി ഭൂകമ്പം: റിയോ തത്സുകിയുടെ ആദ്യ പ്രവചനം.

  • 2011 ലെ തോഹോകു ഭൂകമ്പവും സുനാമിയും: 22,000-ത്തിലധികം പേരുടെ മരണത്തിന് കാരണമായ ഈ ദുരന്തത്തെക്കുറിച്ച് അവർ പ്രവചിച്ചിരുന്നു, ഇതോടെയാണ് തത്സുകി പ്രശസ്തയാവുന്നത്.

  • കോവിഡ്-19 വ്യാപനം: 2020-ൽ ഒരു വൈറസ് പൊട്ടിപ്പുറപ്പെടുമെന്ന് തത്സുകിയുടെ 'ദി ഫ്യൂച്ചർ ഐ സോ' എന്ന പുസ്തകത്തിൽ സൂചനയുണ്ട്.

  • ഫ്രെഡി മെർക്കുറിയുടെ മരണം

SCROLL FOR NEXT