പ്രതീകാത്മക ചിത്രം Source: Meta AI
LIFE

ചെറുനാരങ്ങയും, മാവും, ബ്ലീച്ചുമൊക്കെ വീട്ടിലുണ്ടോ? മതി, ഇനി ക്ലീനറുകൾ വാങ്ങി കാശ് കളയണമെന്നില്ല!

തറ വൃത്തിയാക്കാൻ, തുണി വൃത്തിയാക്കാൻ, പാത്രം കഴുകാൻ, കറ കളയാൻ, സുഗന്ധം പരക്കാൻ അങ്ങനെ പ്രത്യേകം ക്ലീനറുകൾ ഇന്ന് വിപണിയിലുണ്ട്. ഇതെല്ലാം വാങ്ങുമ്പോൾ തന്നെ കീശ കാലിയാകുന്ന അവസ്ഥയും.

Author : ന്യൂസ് ഡെസ്ക്

വീട് വൃത്തിയാക്കുക, തുണയലക്കുക, പാത്രം കഴുകുക എന്നൊക്കെ പറഞ്ഞാൽ ഒട്ടും എളുപ്പമുള്ള കാര്യമേയല്ല. ശരിയായി പരിപാലിക്കാത്ത വീടുകളാണെങ്കിൽ പറയുകയേ വേണ്ട ഇരട്ടിപ്പണിയാകും. ഇനി വൃത്തിയാക്കാൻ ക്ലീനറുകൾ വാങ്ങുന്ന കാര്യത്തിലും ആശങ്കയാണ്. തറ വൃത്തിയാക്കാൻ, തുണി വൃത്തിയാക്കാൻ, പാത്രം കഴുകാൻ, കറ കളയാൻ, സുഗന്ധം പരക്കാൻ അങ്ങനെ പ്രത്യേകം ക്ലീനറുകൾ ഇന്ന് വിപണിയിലുണ്ട്. ഇതെല്ലാം വാങ്ങുമ്പോൾ തന്നെ കീശ കാലിയാകുന്ന അവസ്ഥയും.

ആവശ്യമായ അളവിൽ കൂടുതൽ രാസവസ്തുക്കൾ ചേർന്ന ക്ലീനറുകൾ അത്ര ഗുണം ചെയ്തെന്ന് വരില്ല. പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾക്കുവരെ കാരണമായേക്കാം. എന്നുവച്ച് വെറുതെ വെള്ളം മാത്രം ഉപയോഗിച്ച് വൃത്തിയാക്കാനും പറ്റില്ലല്ലോ. ഇനി ക്ലീനറുകൾ വിപണിയിൽ നിന്ന് വാങ്ങാൻ താൽപര്യമില്ലാത്തവർക്കും, ക്ലിനറുകൾ തീർന്നുപോയതുകൊണ്ട് വൃത്തിയാക്കാൻ മടിച്ചിരിക്കുന്നവർക്കും ചില എളുപ്പവഴികൾ പരീക്ഷിക്കാം. ചെറുനാരങ്ങ, മാവുപൊടികൾ തുടങ്ങി അടുക്കളയിലെ അല്ലറചില്ലറ സാധനങ്ങൾ, ഇതൊക്കെ വീട്ടിലുണ്ടെങ്കിൽ പിന്നെ ക്ലീനറുകൾക്കായി ഓടി നടക്കണോ? എടുത്ത് ഉപയോഗിക്കണം.

വീട്ടിലുള്ള ചില്ല സാധനങ്ങൾ ഉപയോഗിച്ച് തന്നെ നല്ല രീതിയിൽ വൃത്തിയാക്കാം. വീടും , തുണികളും എല്ലാം. ക്ലീനർ ഇല്ലെങ്കിൽ വേണ്ട ചെറുനാരങ്ങ മതി വൃത്തിയാക്കാൻ. തറയും, തുണിയും പാത്രങ്ങളുമെല്ലാം ചെറുനാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാം. നാരങ്ങയുടെ അസിഡിറ്റി അണുക്കളേയും കറകളേയും അകറ്റാൻ സഹായിക്കുന്നു. പാത്രങ്ങൾ, തറയിൽ പറ്റിപ്പിടിച്ച കറ, തുണികളിലെ കറ തുടങ്ങിയവയെല്ലാം നാരങ്ങ ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാം. ദുർഗന്ധത്തെ അകറ്റാനും സാധിക്കും.

മറ്റൊന്ന് മാവ് പൊടികളാണ്. എണ്ണക്കറകളുണ്ടെങ്കിൽ അതിൽ മാവ് വിതറി അൽപ്പസമയം കഴിഞ്ഞ് തുടച്ചു കളയുക. ക്ലീനാകും. ചോക്കുപൊടി ഉപയോഗിച്ചും ഇത് പരീക്ഷിക്കാവുന്നതാണ്. ഫലം കിട്ടും. വസ്ത്രങ്ങളിൽ മാത്രമല്ല പാത്രങ്ങളിലും, തറയിലും എണ്ണക്കറകളുണ്ടെങ്കിൽ ഈ വഴി പ്രയോഗിക്കാം. ഇനി ബാത്ത് റൂം, വീടിന്റെ പുറം ഭാഗങ്ങൾ എന്നിവ വൃത്തിയാക്കാൻ അൽപ്പം ബ്ലീച്ച് മതിയാകും. ബ്ലീച്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ വഴുക്കലും പായലുമെല്ലാം പമ്പ കടക്കും.

നാരങ്ങ, ബേക്കിംഗ് സോഡ, വിനാഗിരി എന്നിവയെല്ലാം വസ്ത്രങ്ങളിലെ കറകളെ ഇല്ലാത്താക്കാൻ സഹായിക്കും. ഇനി പേപ്പർ ടൗവലുകൾ വാങ്ങി നിറയ്ക്കണമെന്നുമില്ല. ഫാബ്രിക് ടവലുകൾ ഉപയോഗിച്ചാൽ അവ വീണ്ടും കഴുകിയെടുത്ത് ഉപയോഗിക്കാം. ടവലുകൾക്ക് പകരം ജലാംശം വലിച്ചെടുക്കാൻ കഴിയുന്ന പഴയ വസ്ത്രങ്ങൾ ഉണ്ടെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇനി ക്ലീനറുകൾ ഇല്ലാതെ വിഷമിക്കേണ്ട. പരിഹാരം വീട്ടിൽ തന്നെ കണ്ടെത്താം.

SCROLL FOR NEXT