നിറം കൊണ്ടും രുചികൊണ്ടും ഏറെ ആകർഷകമാണ് ഐസ്ക്രീം. വിവിധ ഫ്ലേവറുകളിൽ ലഭ്യമാകുമെങ്കിലും ചോക്ലേറ്റ് ഐസ്ക്രീമുകളോടാണ് മിക്കവർക്കും പ്രിയം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും ഉപേക്ഷിക്കുന്നതും ഇതുതന്നെ. എങ്കിൽ ഇനി ഡയറ്റ് സമയത്തും പരീക്ഷിക്കാവുന്ന ഐസ്ക്രീം റെസിപ്പി തയ്യാറാക്കിയാലോ?
ഉയർന്ന ഫൈബറും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഡയറ്റ് ഐസ്ക്രീം പരിചയപ്പെടുത്തിയത് പോഷകാഹാര വിദഗ്ധയായ പൂജ മൽഹോത്രയാണ്. ഉയർന്ന പ്രോട്ടീൻ ഐസ്ക്രീം എന്നാണ് ഇതിൻ്റെ പേര്. പേരുപോലെ തന്നെ ഡയറ്റ് സമയത്ത് എല്ലാവർക്കും ഒരുപോലെ പരീക്ഷിക്കാവുന്നതാണെന്ന് പൂജ പറയുന്നു. ചോക്ലേറ്റ് ഐസ്ക്രീം പ്രേമികൾ തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണെന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഡയറ്റ് ഐസ്ക്രീമിന് വേണ്ട ചേരുവകൾ
ഡാർക്ക് ചോക്ലേറ്റ്- 1 കപ്പ്
കോട്ടേജ് ചീസ്- 1 കപ്പ്
കുതിർത്ത കശുവണ്ടി- അരക്കപ്പ്
കുതിർത്ത ഈത്തപ്പഴം- 10 എണ്ണം
മധുരമില്ലാത്ത കൊക്കോ പൗഡർ- 1/4 കപ്പ്
പാട മാറ്റിയ പാൽ- 1 കപ്പ്
തയാറാക്കുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഏഴോ എട്ടോ മണിക്കൂറുകൾ ഫിഡ്ജിൽ വച്ചതിനു ശേഷം പുറത്തെടുക്കാം.