ജീവിത പ്രാരാബ്ധങ്ങളിൽ കുടുംബത്തിനൊരു കൈത്താങ്ങായി പൊതിച്ചോറ് വിൽപ്പനക്കിറങ്ങിയ രണ്ടു സഹോദരങ്ങളുണ്ട്. പാലാരിവട്ടം പാലത്തിനടിയിൽ വിശന്നെത്തുന്നവരെ തേടി പൊതിച്ചോറുമായി കാത്തിരിക്കുകയാണ് എഡിസനും ചേട്ടൻ അബിനും. അവധിക്കാലത്ത് ഒരു വരുമാനത്തിനായി തുടങ്ങിയ സംരംഭമാണെങ്കിലും ഇന്ന് കുടുംബത്തിൻ്റെ വരുമാനമാർഗം പൊതിച്ചോറ് വിറ്റു കിട്ടുന്ന തുകയാണ്.
ആഗ്രഹത്തിൻ്റെ പുറത്താണ് സംരംഭം തുടങ്ങിയതെന്ന് പറയുമ്പോഴും ള്ളിൻ്റെയുള്ളിൽ അത് മരപ്പണിക്കാരനായ അച്ഛനെയും, അമ്മയെയും സഹായിക്കാൻ വേണ്ടിയാണെന്ന് വ്യക്തം. ആദ്യമുണ്ടായിരുന്ന ജ്യൂസ് കട മാറ്റി, മഴക്കാലമായപ്പോൾ ഉച്ചയൂണ് വില്പനയാക്കി. വീട്ടിൽ തന്നെയാണ് ഭക്ഷണമുണ്ടാക്കുന്നത്. എട്ടിലും പ്ലസ്ടുവിലും പഠിക്കുന്ന ഇവർ പഠനത്തിനിടയിലാണ് അച്ഛനെയും അമ്മയെയും സഹായിക്കാൻ സമയം കണ്ടെത്തുന്നത്. ഈ സംരംഭം പൊലിപ്പിച്ച് ബിസിനസാക്കി മാറ്റണമെന്നാണ് ഇരുവരുടെയും ആഗ്രഹം.