Fan Movie poster  Image: X
LIFE

ഇഷ്ടതാരത്തോടുള്ള ആരാധന അതിരുവിടുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

എന്താണ് സെലിബ്രിറ്റി ഒബ്‌സെഷന്‍ ഡിസോര്‍ഡര്‍?

Author : ന്യൂസ് ഡെസ്ക്

എല്ലാവര്‍ക്കും ഏതെങ്കിലും നടനോടോ നടിയോടോ ഇഷ്ടക്കൂടുതലുണ്ടാകും. അവരുടെ സിനിമകള്‍ ആദ്യം കാണാനും വിശേഷങ്ങള്‍ അറിയാനുമൊക്കെ താത്പര്യമുണ്ടാകും. പക്ഷേ, ഈ ഇഷ്ടവും കടന്ന്, അതിരു കടന്ന ആരാധന തോന്നുന്നുണ്ടോ? എങ്കില്‍ ആ അവസ്ഥയാണ് 'സെലിബ്രിറ്റി ഒബ്‌സെഷന്‍ ഡിസോര്‍ഡര്‍'. അല്ലങ്കില്‍ സെലിബ്രിറ്റ് വര്‍ഷിപ്പ് സിന്‍ഡ്രോം എന്നൊക്കെ പറയും.

സെലിബ്രിറ്റികളുടെ വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളില്‍ അമിതമായി ശ്രദ്ധ കൊടുക്കുന്ന മാനസികാവസ്ഥയെയാണ് സെലിബ്രിറ്റ് ഒബ്‌സെഷന്‍ ഡിസോര്‍ഡര്‍ എന്ന് പറയുന്നത്. സെലിബ്രിറ്റി ഒബ്‌സെഷന്‍ ഡിസോര്‍ഡര്‍ ഒരു മാനസിക രോഗമായി കണക്കാക്കുന്നില്ലെങ്കിലും ഇതിനെ കുറിച്ച് കാര്യമായ പഠനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.

എന്താണ് സെലിബ്രിറ്റി ഒബ്‌സെഷന്‍ ഡിസോര്‍ഡര്‍?

ഇതിനെ മൂന്ന് അവസ്ഥകളായി തിരിക്കാം.

എന്റര്‍ടെയ്ന്‍മെന്റ്-സോഷ്യല്‍: ഒരു സെലിബ്രിറ്റിയെ സോഷ്യല്‍മീഡിയയില്‍ ഫോളോ ചെയ്യുന്നതും അവരെ കുറിച്ച് സുഹൃത്തുക്കളുമായി സംസാരിക്കുന്നതുമൊക്കെ- ഇതൊരു സാധാരണ അവസ്ഥയാണ്. അപകടകരമല്ല.

ഇന്റന്‍സ് പേഴ്‌സണല്‍: ആരാധന അല്‍പം കൂടി കടന്ന് തീവ്രവും വ്യക്തിപരമാകുന്ന അവസ്ഥയാണ് ഇത്. ഇഷ്ടതാരം നിങ്ങളുടെ ഏറ്റവും വേണ്ടപ്പെട്ട ആളാണെന്ന് വിശ്വസിക്കുക, നിരന്തരം അവരെ കുറിച്ച് ചിന്തിക്കുക. ഇതൊക്കയാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങള്‍.

ബോര്‍ഡര്‍ലൈന്‍-പാത്തോളജിക്കല്‍: ആരാധന ഏറ്റവും തീവ്രമായ അവസ്ഥയിലേക്ക് എത്തുന്നു. ഇഷ്ടതാരത്തിനു വേണ്ടി നിയമം കയ്യിലെടുക്കാന്‍ വരെ തയ്യാറാവുക, അവരെ പിന്തുടരുക, വീടുകളില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുക. തുടങ്ങിയ കുറ്റകരമായ അവസ്ഥയിലേക്ക് ആരാധന മാറുന്നു.

ലക്ഷണങ്ങള്‍:

  • ഒരു സെലിബ്രിറ്റിയെ കുറിച്ച് അമിതമായി ചിന്തിക്കുക.

  • സ്വന്തം കാര്യവും കൂടെയുള്ളവരേയും നോക്കാതെ സെലിബ്രിറ്റിയുടെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുക.

  • അവരെ പോലെയാകാന്‍ ജീവിതശൈലിയിലും രൂപത്തിലും മാറ്റങ്ങല്‍ വരുത്തുക, അതിനു വേണ്ടി പണം ചെലവഴിക്കുക

  • സെലിബ്രിറ്റിയുമായി പ്രത്യേക ആത്മബന്ധമുണ്ടെന്ന് വിശ്വസിക്കുക

  • അവരുടെ ശ്രദ്ധ കിട്ടാന്‍ അപകടകരമായ കാര്യങ്ങള്‍ ചെയ്യുക.

ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ കുറിച്ച് സ്വയം ബോധവാനാകാന്‍ ശ്രമിക്കുകയും ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുന്നതാകും നല്ലത്.

ആരാധന ആരോഗ്യകരമാകട്ടെ, നിങ്ങള്‍ക്കും നിങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്കും.

SCROLL FOR NEXT