രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകാൻ തയ്യാറാകുമ്പോൾ ശാരീരികമായി ഓക്കെ ആണെങ്കിലും മാനസികമായി ഓക്കെ അല്ലാത്ത ഒരു അവസ്ഥയിലൂടെ നാം കടന്നുപോകാറില്ലേ. ആകെ ഒരു മടുപ്പ് തോന്നുന്ന പ്രത്യേകതരം ഒരു അവസ്ഥ. ചിലപ്പോൾ അത് ഷിഫ്റ്റ് സൽക്കിങ്ങായിരിക്കും. സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ വാക്ക്.
ചെയ്യുന്ന ജോലിയോട് ആത്മാർഥത ഉണ്ടെങ്കിലും, അത് എത്രത്തോളം ഇഷ്ടത്തോടെ ചെയ്യുന്നവരാണ് നമ്മളെന്ന് ഒരു ആത്മപരിശോധന നടത്തി നോക്കിയാലോ. ജോലിസ്ഥലത്തെ മാനസിക സമ്മർദവും, ക്രമം തെറ്റിലുള്ള ഷിഫ്റ്റും, അമിത ജോലിഭാരവും, കാരണം ജോലി തുടങ്ങുന്നതിന് മുൻപ് തന്നെ മാനസികമായി തളർന്നുപോകുന്ന അവസ്ഥ. കൃത്യസമയത്ത് ജോലിക്കെത്തിയാലും യാന്ത്രികമായി ജോലി ചെയ്യാൻ പലരും നിർബന്ധിതരാകുന്നു.
കടന്നുപോകുന്നത് ഷിഫ്റ്റ് സൽക്കിംങ്ങിൻ്റെ പ്രശ്നം എന്തെന്ന് വച്ചാൽ ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നമ്മളുടെ സുഹൃത്തുക്കളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മെ ബാധിക്കാറില്ലേ. അതിനുസമാനമായ ഒരു സാഹചര്യത്തിലൂടെയാവും പിന്നെ നമ്മളുടെ സഞ്ചാരം. പോസ്റ്റീവ് വൈബ് ഉള്ളവരുടെ കൂടെ നിൽക്കുമ്പോൾ നമ്മളും ആ ഒരു വൈബിൽ വരാറില്ലേ. അത് പോലെ തന്നെയാണ് നെഗറ്റീവ് വൈബും.
ദിവസത്തിൽ നല്ലൊരു പങ്കും നമ്മളിൽ പലരും ചെലവഴിക്കുന്നത് ഓഫീസിലാണ്. അതുകൊണ്ട് തന്നെ ജോലി സ്ഥലത്തെ ആരോഗ്യകരമായ അന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. ജെൻ സി കാലത്താണ് ഇത് കൂടുതൽ ചർച്ച ആയതെങ്കിലും, പ്രായഭേദമന്യേ എല്ലാവരിലും നേരിടുന്ന ബുദ്ധിമുട്ടാണിത്.
ജോലി സ്ഥലത്തെ സമ്മർദങ്ങൾ തിരികെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് ഷിഫ്റ്റ് സൽക്കിങ്ങിലൂടെ കടന്നുപോകുന്നവർ ആദ്യം മനസിലാക്കണം. അമിത ജോലിഭാരമോ സമ്മർദമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് മേൽ ഉദ്യോഗസ്ഥനോട് പങ്കുവയ്ക്കാൻ കഴിഞ്ഞാൽ തന്നെ ഒരു പരിധി വരെ പരിഹാരം കാണാം. സഹപ്രവർത്തകരുമായി സൗഹൃദപരമായ അന്തരീക്ഷം നിലനിർത്തുന്നതിലൂടെ ഓഫീസ് അന്തരീക്ഷവും മികച്ചതാക്കാം. ഷിഫ്റ്റ് സൽക്കിംഗ് ഒരു രോഗമല്ല. തൊഴിലിടങ്ങളിലെ അസംതൃപ്തിയെ തുടർന്ന് ഉണ്ടാകുന്ന സൂചനകളാണ് എന്നും പ്രത്യേകം മനസിലാക്കുക.