LIFE

ഇനി വാട്‌സ്ആപ്പ് എഐയോടും സംസാരിക്കാം! വോയ്സ് മെസേജ് ഫീച്ചർ വരുന്നതായി റിപ്പോർട്ട്

എഐ അതിൻ്റെ സംഭാഷണ ശേഷി ഉപയോഗിച്ച് ഉപയോക്താക്കളുടെ ചോദ്യങ്ങൾ മനസിലാക്കി പ്രതികരിക്കുമെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

ഗൂഗിൾ അസിസ്റ്റൻ്റിനോട് സംസാരിക്കാം, ആപ്പിളിൽ സിറിയോടും സംസാരിക്കാം. എന്നാൽ വാട്‌സ്ആപ്പ് എഐയോട് സംസാരിക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പ്രശ്നം പരിഹരിക്കാനായി വാട്‌സ്ആപ്പ് മെറ്റാ എഐ ചാറ്റ്ബോട്ടിൽ വോയ്സ് ചാറ്റ് ഓപ്ഷൻ ഉടൻ ലഭ്യമാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. വാട്‌സ്ആപ്പ് ഫീച്ചർ ട്രാക്കറിൻ്റെ റിപ്പോർട്ടനുസരിച്ച് പുതിയ ഫീച്ചർ ലഭ്യമാകുന്നതോടെ ചാറ്റ്‌ബോട്ടുമായി വോയ്സ് മെസേജുകളയച്ച് ആശയവിനിമയം നടത്താൻ സാധിക്കും.

എഐ അതിൻ്റെ സംഭാഷണശേഷി ഉപയോഗിച്ച് ഉപയോക്താക്കളുടെ ചോദ്യങ്ങൾ മനസിലാക്കി പ്രതികരിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് ഈ ഫീച്ചർ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഇപ്പോൾ ഫീച്ചറിനായുള്ള ഇൻ്റർഫേസും ദൃശ്യമായിരിക്കുകയാണ്.

വാട്ട്‌സ്ആപ്പ് ഫീച്ചർ ട്രാക്കർ WABetaInfo യുടെ പോസ്റ്റ് അനുസരിച്ച്, ആൻഡ്രോയ്ഡ് ഫോണുകളിലാണ് മെറ്റാ എഐയുടെ വോയ്‌സ് മോഡ് ഫീച്ചർ നിലവിൽ ലഭ്യമാവുക. വാട്‌സ്ആപ്പ് ബീറ്റ ഫീച്ചറിൽ മാത്രം ലഭിക്കുന്ന ഫീച്ചർ എല്ലാവരിലേക്കുമെത്താൻ ഇനിയും സമയമെടുക്കും.

ALSO READ: യൂട്യൂബിൽ 55 മില്യണോളം ആരാധക പിന്തുണ; ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്ന വരുമാനമെത്രയാണ്?

ഇവർ പങ്കിട്ട ഒരു സ്‌ക്രീൻഷോട്ടിൽ, എഐ വോയ്‌സ് മോഡിൻ്റെ ഇൻ്റർഫേസ് ദൃശ്യമാണ്. സ്‌ക്രീൻഷോട്ട് അനുസരിച്ച് വോയ്‌സ് മോഡ് സജീവമാക്കുന്നതിനായി ചാറ്റ് ഐക്കണിന് മുകളിലെ മെറ്റാ എഐയുടെ നീല ബട്ടൺ ദീർഘനേരം അമർത്തണം. ഒപ്പം എഐ ചാറ്റിനുള്ളിലെ ടെക്‌സ്‌റ്റ് ഫീൽഡിന് അടുത്തുള്ള വോയ്സ് മെസേജ് ഐക്കണിൽ ടാപ്പ് ചെയ്‌ത് ഹാൻഡ്‌സ്-ഫ്രീ മോഡിലും ആശയവിനിമയം നടത്താൻ സാധിക്കും.

പത്ത് വ്യത്യസ്ത ശബ്‌ദങ്ങളോടെയാണ് ഫീച്ചർ ലഭ്യമാകുമെന്നതെന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നു. ശബ്ദങ്ങൾ തമ്മിലുള്ള വ്യത്യസമെന്താണെന്നതിൽ വ്യക്തതയില്ലെങ്കിലും, ആൺ പെൺ ശബ്ദങ്ങൾ, വ്യത്യസ്ത ഉച്ചാരണങ്ങൾ എന്നിവ ലഭിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം എഐ ഏതെല്ലാം ഭാഷകൾ സംസാരിക്കുമെന്നതിലും വ്യക്തതയില്ല.


OpenAI , Google എന്നീ എഐകൾ വോയ്‌സ് മോഡ് വഴി ടു-വേ കമ്യൂണിക്കേഷൻ ഫീച്ചർ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ ഫീച്ചറുകൾ പ്രീമിയം അംഗങ്ങൾക്ക് മാത്രമേ ലഭ്യമാകൂ. വാട്ട്‌സ്ആപ്പ് ഹാൻഡ്‌സ് ഫ്രീ ഫീച്ചർ അവതരിപ്പിക്കുകയാണെങ്കിൽ, ഈ ഫീച്ചർ സൗജന്യമായി നൽകുന്ന ആദ്യത്തെ കമ്പനിയായി വാട്ട്‌സ്ആപ്പ് മാറും.

SCROLL FOR NEXT