LIFE

സർവലോക മുട്ട പ്രേമികളേ ഇതിലേ ഇതിലേ... ഇന്ന് ലോക മുട്ട ദിനം

മുട്ടകൾ കൊണ്ട് ഒരുമിച്ചവർ (United By Eggs) എന്നാണ് 2024 മുട്ടദിനത്തിൻ്റെ തീം

Author : ന്യൂസ് ഡെസ്ക്



ഇന്ന് എത്ര പേർ ഓംലെറ്റ് കഴിച്ചിട്ടുണ്ടാവും? ചൂടുചായക്കൊപ്പം ബുൾസൈ കഴിച്ചവരോ? എല്ലാം പോട്ടെ ഇന്നലെ ഒരു മുട്ടപപ്സെങ്കിലും കഴിക്കാത്ത മലയാളികൾ വിരളമായിരിക്കും. മലയാളികളുടെ അടുക്കളയിൽ മാത്രമല്ല, ലോകത്തെമ്പാടുമുള്ള അടുക്കളകൾ ഭരിക്കുന്ന വീരനാണ് ഈ മുട്ട. അതിനാൽ തന്നെ സർവലോക മുട്ട പ്രേമികളും മുട്ട ദിനവും ആചരിക്കുന്നു. ഇന്നാണ് ലോക മുട്ടദിനം.

മുട്ടകൾ കൊണ്ട് ഒരുമിച്ചവർ (United By Eggs) എന്നാണ് 2024 മുട്ട ദിനത്തിൻ്റെ തീം. ലോക സംസ്‌കാരങ്ങളിലും രാജ്യങ്ങളിലുമുടനീളമുള്ള പാചകരീതികളിൽ മുട്ട കാണാമെന്നതിനാൽ തന്നെയാണ് ആ തീം തിരഞ്ഞെടുത്തത്.

“പരിസ്ഥിതി സൗഹൃദമായ മൃഗ പ്രോട്ടീൻ്റെ ഉറവിടവും അവയുടെ പോഷക ഗുണങ്ങളുടെ സമൃദ്ധിയും പോലെ തന്നെ, മുട്ടകൾക്ക് ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ശക്തിയുമുണ്ട്. ക്രോസ്-കൾച്ചർ ധാരണ വളർത്തുന്നതിലും ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികൾക്കുള്ളിൽ ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുന്നതിലും മുട്ടകൾ നിർണായക പങ്ക് വഹിക്കുന്നു, ”വേൾഡ് എഗ് ഡേ സംഘാടകർ പുറത്തിറത്തിയ പത്രകുറിപ്പിൽ പറയുന്നു.

ALSO READ: രണ്ട് മാസം ഭൂമിയെ ചുറ്റുന്ന സഞ്ചാരി; വീണ്ടും കാണണമെങ്കില്‍ ഇനിയുമൊരു 31 കൊല്ലം കാത്തിരിക്കണം

അതിലോലമായ ഫ്രഞ്ച് ക്യുസീൻ മുതൽ എരിവും പുളിയും ഏറുന്ന ഇന്ത്യൻ അടുക്കളകളിൽ വരെ മുട്ടക്ക് ആധിപത്യമുണ്ടെന്നത് മാത്രമല്ല, മനുഷ്യശരീരത്തിന് ആവശ്യമായ ന്യൂട്രിയൻ്റ്സിൻ്റെ കലവറ കൂടിയാണ് മുട്ട. വളരുന്ന കുട്ടിയോ കായിക താരമോ പ്രായമായ വ്യക്തിയോ ആകട്ടെ ദിവസം ഒരു മുട്ടയെങ്കിലും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഒരു സമ്പൂർണ്ണ പോഷക പാക്കേജ് ഉറപ്പാക്കുമെന്ന് തീർച്ച.

1996-ൽ ഓസ്ട്രിയയിലെ വിയന്നയിലാണ് ലോക മുട്ട ദിനം ആരംഭിച്ചത്. അന്ന് മുട്ടപ്രേമികളൊന്നടങ്കം ഒക്ടോബറിലെ രണ്ടാം വെള്ളിയാഴ്ച ലോക മുട്ട ദിനമായി ആചരിക്കാൻ തീരുമാനിച്ചു. അന്നുമുതൽ, മുട്ടദിനത്തിൽ ലോകമെമ്പാടുമുള്ള മുട്ട പ്രേമികൾ, മുട്ടയെയും അതിൻ്റെ എല്ലാ ഗുണങ്ങളെയും പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ആരംഭിച്ചു.

സോഷ്യൽ മീഡിയയിലും മുട്ടദിനം ട്രെൻഡിങ്ങാണ്. നിരവധി ആളുകളാണ് തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മുട്ട വിഭവം world egg day എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

കാര്യം താറാമുട്ടയും കാടമുട്ടയുമെല്ലാം കേരളത്തിൽ സുലഭമാണെങ്കിലും, കോഴിമുട്ട തന്നെയാണ് ലോകത്തെ മുഴുവൻ ഒരുമിപ്പിച്ചതെന്ന കാര്യത്തിൽ സംശയമില്ല. ഇനി മുട്ടകളെ കുറിച്ചുള്ള ചില കൗതുക വിവരങ്ങൾ പരിശോധിക്കാം

30 മിനിറ്റിനുള്ളിൽ 427 ഓംലെറ്റുകൾ ഉണ്ടാക്കിയ ഹോവാർഡ് ഹെൽമർ എന്ന വ്യക്തി ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിട്ടുണ്ട്.

ഒരു ശരാശരി കോഴി പ്രതിവർഷം 300 മുതൽ 325 വരെ മുട്ടകൾ ഇടുന്നു

• ഒരു കോഴി അതിന്‍റെ മുട്ട ഉൽപ്പാദിപ്പിക്കാൻ 24 മുതൽ 26 മണിക്കൂർ വരെ എടുക്കും

ഒരു മുട്ടയിൽ ശരാശരി 6 ഗ്രാം പ്രോട്ടീൻ ഉണ്ട്

മുട്ടകളിലെ പോഷകസാന്നിധ്യം തലച്ചോറിൻ്റെയും ആരോഗ്യത്തിനും വികാസത്തിനും പ്രവർത്തനത്തിനും സഹായിക്കുന്നു

SCROLL FOR NEXT