വിദേശയാത്ര ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് സന്തോഷവാർത്ത. സങ്കീർണ്ണമായ വിസ നടപടിക്രമങ്ങളില്ലാതെ തന്നെ ഏഷ്യയിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്.
വിസ രഹിത പ്രവേശനം, സൗജന്യ ഇലക്ട്രോണിക്ക് അനുമതി, എറ്റവും കുറഞ്ഞ നിരക്കിൽ വിസ ഓൺ അറൈയ്വൽ എന്നിവ പ്രയോജനപ്പെടുത്തികൊണ്ട് ഇന്ത്യക്കാർക്ക് 2026 നവംബറിലെ പുതിയ നിയമങ്ങൾ പ്രകാരം സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരവും ചുവടെ നൽക്കുന്നു.
ശ്രദ്ധിക്കുക: യാത്രാ നിയമങ്ങളിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരാം എന്നതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അതത് രാജ്യങ്ങളുടെ എംബസികളുടെയോ ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിച്ച് നിയമങ്ങൾ ഉറപ്പുവരുത്തണം. കുറഞ്ഞത് ആറ് മാസത്തെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ ടിക്കറ്റ്, താമസസൗകര്യത്തിന്റെ രേഖകൾ, സൗജന്യ ഡിജിറ്റൽ അറൈവൽ കാർഡ് എന്നിവ യാത്രാവേളയിൽ കൈവശം കരുതേണ്ടതാണ്.
1. നേപ്പാൾ
ഇന്തോ നേപ്പാൾ ഉടമ്പടി പ്രകാരം ഇന്ത്യക്കാർക്ക് നേപ്പാളിൽ വിസ ആവശ്യമില്ല. സാധുവായ പാസ്പോർട്ടോ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകി വരുന്ന ഒറിജിനൽ വോട്ടർ ഐഡി കാർഡോ ഉപയോഗിച്ച് കരമാർഗ്ഗമോ വിമാനമാർഗ്ഗമോ യാത്ര ചെയ്യാം. താമസത്തിന് സമയപരിധിയില്ല.
പ്രധാന ആകർഷണങ്ങൾ: കാഠ്മണ്ഡു താഴ്വര (പശുപതിനാഥ് ക്ഷേത്രം, സ്വയംഭൂനാഥ്, ദർബാർ സ്ക്വയറുകൾ, മാർക്കറ്റുകൾ ), പൊഖാറ (ഫേവ തടാകം) സാഹസിത ഇഷ്ടപ്പെടുന്നവർക്കായി (എവറസ്റ്റ് - അന്നപൂർണ ട്രെക്കിംഗ്, ചിത്വാൻ നാഷണൽ പാർക്ക്).
2. ഭൂട്ടാൻ
പരമ്പരാഗത വിസ നിർബന്ധമല്ലെങ്കിലും അതിർത്തി ചെക്ക്പോസ്റ്റുകളിലോ പാരോ വിമാനത്താവളത്തിലോ നിന്ന് പ്രവേശന അനുമതി തീർച്ചയായും എടുത്തിരിക്കണം. മുതിർന്ന വ്യക്തികൾ പ്രതിദിനം 1,200 രൂപ സുസ്ഥിര വികസന ഫീസായി നൽകണം.
പ്രധാന ആകർഷണങ്ങൾ: പാരോ തക്ത്സാങ് (ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രി), തിംഫുവിലെ താഷിചോ സോങ്, പുനഖ താഴ്വര, ട്രെക്കിംഗ് തുടങ്ങിയവ.
3. തായ്ലന്റ്
വിനോദ സഞ്ചാരികൾക്ക് 30 ദിവസം വരെ വിസ ഫ്രീ പ്രവേശനം ലഭിക്കും. (2026 സെപ്റ്റംബർ 15 മുതൽ ഇത് 60 ദിവസത്തിൽ നിന്ന് 30 ദിവസമായി പുതുക്കിയിട്ടുണ്ട്). യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് സൗജന്യ തായ്ലൻഡ് ഡിജിറ്റൽ അറൈവൽ കാർഡ് ഓൺലൈനായി പൂരിപ്പിക്കണം. ഫീസ് നൽകി താമസം 30 ദിവസം കൂടി നീട്ടാവുന്നതാണ്.
പ്രധാന ആകർഷണങ്ങൾ: ബാങ്കോക്കിലെ ഗ്രാൻഡ് പാലസും ഫ്ലോട്ടിംഗ് മാർക്കറ്റുകളും, ഫുക്കറ്റ്, ക്രാബി, ഫി ഫി ദ്വീപുകൾ, ചിയാങ് മായിയിലെ സാംസ്കാരിക കേന്ദ്രങ്ങൾ, സ്ട്രീറ്റ് ഫുഡ്.
4. മലേഷ്യ
2026 ഡിസംബർ 31 വരെ 30 ദിവസം വിസ ഫ്രീ പ്രവേശനം അനുവദിച്ചിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് സൗജന്യ മലേഷ്യ ഡിജിറ്റൽ അറൈവൽ കാർഡ് ഓൺലൈനായി സമർപ്പിക്കണം. വർഷാവസാനത്തോടെ ഈ ഇളവ് നീട്ടുമോ എന്ന് പരിശോധിക്കുക.
പ്രധാന ആകർഷണങ്ങൾ: ക്വാലാലംപൂരിലെ പെട്രോണാസ് ട്വിൻ ടവേഴ്സ്, ബാറ്റു ഗുഹകൾ, പെനാങ് പൈതൃക നഗരം, ലങ്കാവി ബീച്ചുകൾ, കാമറൂൺ ഹൈലാൻഡ്സ്, ബോർണിയോ മഴക്കാടുകൾ.
5. മാലിദ്വീപ്
30 ദിവസത്തേക്ക് സൗജന്യ വിസ ഓൺ അറൈവൽ ലഭിക്കും. അംഗീകൃത റിസോർട്ട് അല്ലെങ്കിൽ ഹോട്ടൽ ബുക്കിംഗ് രേഖകളും യാത്രയ്ക്ക് 96 മണിക്കൂറിനുള്ളിൽ പൂരിപ്പിച്ച സൗജന്യ 'ഇമുഗ' ഓൺലൈൻ ഡിക്ലറേഷനും നിർബന്ധമാണ്.
പ്രധാന ആകർഷണങ്ങൾ: വാട്ടർ വില്ലകൾ, പവിഴപ്പുറ്റുകൾ ആസ്വദിച്ചുകൊണ്ടുള്ള സ്നോർക്കെലിംഗും ഡൈവിംഗും, കടലിനടിയിലെ റെസ്റ്റോറന്റുകൾ, സൺസെറ്റ് ക്രൂയിസുകൾ.
6. മൗറീഷ്യസ്
90 ദിവസം വരെ വിസയില്ലാതെ പ്രവേശനം ലഭിക്കും.
പ്രധാന ആകർഷണങ്ങൾ: നീല തടാകങ്ങൾ ബീച്ചുകൾ, ബ്ലാക്ക് റിവർ ഗോർജസ് നാഷണൽ പാർക്ക്, പോർട്ട് ലൂയിസ് വാട്ടർഫ്രണ്ട്, കറ്റമരൻ ക്രൂയിസുകൾ.
7. ശ്രീലങ്ക
2026 മെയ് 25 മുതൽ ഇന്ത്യക്കാർക്ക് 30 ദിവസത്തേക്ക് (ഡബിൾ എൻട്രി) സൗജന്യ ടൂറിസ്റ്റ് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ ലഭ്യമാണ്. യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക വെബ്സൈറ്റായ eta.gov.lk വഴി സൗജന്യമായി അപേക്ഷിക്കണം.
പ്രധാന ആകർഷണങ്ങൾ: സിഗിരിയ റോക്ക് ഫോർട്ട്സ്, ഗാല്ലെ ഫോർട്ട്, മിരിസ്സ ഉനവതുന ബീച്ചുകൾ, എല്ല, നുവാര ഏലിയ തേയിലത്തോട്ടങ്ങൾ, ട്രെയിൻ യാത്ര , യാല വന്യജീവി സങ്കേതം.
8. ഫിലിപ്പീൻസ്
വിനോദസഞ്ചാരത്തിനും ബിസിനസ്സ് ആവശ്യങ്ങൾക്കുമായി 14 ദിവസം വരെ വിസ രഹിത പ്രവേശനം ലഭിക്കും. കൂടുതൽ ദിവസത്തേക്ക് ഇ വിസ ആവശ്യമാണ്.
പ്രധാന ആകർഷണങ്ങൾ: ബൊറാകെ ബീച്ചുകൾ, പലവാൻ ദ്വീപുകൾ (എൽ നിഡോ, കൊറോൺ), സെബു, ബോഹോൾ, മനില.
കുറഞ്ഞ ചെലവിലും എളുപ്പത്തിലും വിസ ഓൺ അറൈവൽ ലഭിക്കുന്ന രാജ്യങ്ങൾ.
9. ഇന്തോനേഷ്യ (ബാലി)
30 ദിവസത്തേക്ക് ഏകദേശം 500,000 ഇന്തോനേഷ്യൻ റുപ്പിയ (ഏകദേശം 2,700 രൂപ) നിരക്കിൽ വിസ ഓൺ അറൈവൽ അല്ലെങ്കിൽ ഇ-വിസ ഓൺ അറൈവൽ ലഭിക്കും. ഇത് ഒരു തവണ കൂടി നീട്ടാം. കൂടാതെ ബാലി ടൂറിസം ലെവിയായി ഏകദേശം 800 രൂപ നൽകണം.
പ്രധാന ആകർഷണങ്ങൾ: ബാലി ക്ഷേത്രങ്ങൾ ( ഉലുവാത്തു, തനാ ലോട്ട്, ബെസാക്കി), ഉബുദ് നെൽവയലുകൾ, ബീച്ചുകൾ (സെമിന്യാക്, കാൻഗു, നുസാ ദുവാ) മൗണ്ട് ബത്തുർ, അഗ്നിപർവതം, നുസ പെനിദ ദ്വീപ് തുടങ്ങിയവ.
10. കംബോഡിയ
30 ദിവസത്തേക്ക് ഏകദേശം 30 യുഎസ് ഡോളർ (ഏകദേശം 2,600 രൂപ) നിരക്കിൽ വിസ ഓൺ അറൈവൽ ലഭ്യമാണ്. ക്യൂ ഒഴിവാക്കാൻ ഇ വിസ എടുക്കുന്നതാണ് ഉചിതം. സൗജന്യ ഇ-അറൈവൽ ഫോം പൂരിപ്പിക്കണം.
പ്രധാന ആകർഷണങ്ങൾ: സീം റീപ്പിലെ അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയം, നോം പെൻ റോയൽ പാലസ്, ടോൺലെ സാപ് ഫ്ലോട്ടിംഗ് വില്ലേജുകൾ.
11. ലാവോസ്
പ്രധാന വിമാനത്താവളങ്ങളിലും അതിർത്തികളിലും 30 ദിവസത്തേക്ക് 40/50 യുഎസ് ഡോളർ നിരക്കിൽ വിസ ഓൺ അറൈവൽ ലഭിക്കും (യുഎസ് ഡോളർ നോട്ടുകൾ കയ്യിൽ കരുതുക). ഇ വിസ സൗകര്യവുമുണ്ട്.
പ്രധാന ആകർഷണങ്ങൾ: ലുവാങ് പ്രബാങ് ക്ഷേത്രങ്ങൾ, കുവാങ് സി വെള്ളച്ചാട്ടം, വാങ് വിയംഗ്, മെകോങ് നദി.
കസാക്കിസ്ഥാൻ (14 ദിവസം), മക്കാവു (30 ദിവസം), ഫിജി, ബാർബഡോസ്, റുവാണ്ട എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശിക്കാം. വാലിഡിറ്റിയുള്ള യുഎസ്, യുകെ അല്ലെങ്കിൽ ഷെങ്കൻ വിസ ഉള്ളവർക്ക് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉപാധികളോടെ വിസ ഓൺ അറൈവൽ ലഭിക്കും.
വ്യാജ വെബ്സൈറ്റുകളെ സൂക്ഷിക്കുക: തായ്ലൻഡിന്റെ TDAC, മലേഷ്യയുടെ MDAC, മാലിദ്വീപിന്റെ IMUGA, ശ്രീലങ്കയുടെ ETA എന്നിവ തികച്ചും സൗജന്യമാണ്. പണം ഈടാക്കുന്ന വ്യാജ ഏജൻസി സൈറ്റുകൾ ഒഴിവാക്കി ഔദ്യോഗിക സർക്കാർ പോർട്ടലുകൾ മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.