എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിൽ നിർണായക പങ്ക് വഹിക്കാൻ വിമതൻമാർ. കൊച്ചി കോർപ്പറേഷനിൽ മാത്രം 15 വിമതൻമാർ ആണ് മത്സരിക്കുന്നത്. യുഡിഎഫിനെതിരെ ഒൻപത് വിമതർ മത്സരരംഗത്തുണ്ട്. ഇടതുമുന്നണിക്കും എൻഡിഎയ്ക്കും എതിരെ മൂന്ന് വീതം വിമതരും കളത്തിൽ.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ലഭിച്ച നാമനിർദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. പരിശോധനയ്ക്ക് ശേഷം സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിങ് ഓഫീസർ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച വരെ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസരമുണ്ട്. ഇതിനുശേഷമായിരിക്കും അന്തിമ സ്ഥാനാർത്ഥിപട്ടിക പ്രസിദ്ധീകരിക്കുക.
ആകെ ഒരുലക്ഷത്തി അറുപത്തിനാലായിരത്തി നാനൂറ്റി ഇരുപത്തിയേഴ് പത്രികകളാണ് ലഭിച്ചത്. 1,08,580 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. അവസാന ദിനമായ ഇന്നലെ മാത്രം 59,667 പത്രിക ലഭിച്ചു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1,199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഡിസംബർ 9, 11 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13നാണ് വോട്ടെണ്ണൽ.