Local Body Poll

കേഡർ സംവിധാനവും പ്രചരണവും ഏറ്റില്ല; എൽഡിഎഫിന് തിരിച്ചടിയായ 2010ലെ തെരഞ്ഞെടുപ്പ്

2010ൽ വി. എസ്. അച്യുതാനന്ദൻ സർക്കാരിന്‍റെ കാലത്തു നടന്ന തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് ഒട്ടുമിക്ക ജില്ലകളിലും ഏറെ പിന്നിൽപ്പോയത്.

Author : ന്യൂസ് ഡെസ്ക്

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ചരിത്രം പരിശോധിച്ചാൽ 2010ലാണ് എൽഡിഎഫ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. പൊതുവെ കണ്ടുവരാറുള്ള എൽഡിഎഫ് തരംഗം അന്നുണ്ടായില്ല. പല ജില്ലകളിലും സിപിഐയും സിപിഐഎമ്മും പല ജില്ലകളിലും വളരെ പിന്നിൽ പോയി.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൊതുവെ എൽഡിഎഫിന് മേൽക്കൈയാണ് പതിവുള്ളത്. കേഡർ പാർട്ടി എന്ന നിലയിലെ സിപിഐഎമ്മിന്‍റെയും സിപിഐയുടേയുമൊക്കെ സംഘടനാ ശേഷിയാണ് അതിനുള്ള കാരണമായി പറയാറ്. എന്നാൽ ഇത്രയേറെ സംവിധാനമുണ്ടായിട്ടും എൽഡിഎഫ് പിന്നിൽ പോയ ഒരു തെരഞ്ഞെടുപ്പുണ്ടായിരുന്നു. 2010ൽ വി. എസ്. അച്യുതാനന്ദൻ സർക്കാരിന്‍റെ കാലത്തു നടന്ന തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് ഒട്ടുമിക്ക ജില്ലകളിലും ഏറെ പിന്നിൽപ്പോയത്. മധ്യകേരളത്തിൽ നിന്ന് ഏറെക്കുറെ തൂത്തെറിയപ്പെടുക തന്നെയായിരുന്നു.

സിപിഐഎമ്മിന് വലിയ മേൽക്കൈ ഉള്ള തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫ് 14 സീറ്റിൽ ജയിച്ചു ഭരണം പിടിച്ചു. 31 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചു. എൽഡിഎഫിന് കിട്ടിയത് 28 സീറ്റുകളായിരുന്നു. പഞ്ചായത്തുകളിൽ 14 എണ്ണത്തിൽ വ്യക്തമായ ലീഡ് ആർക്കും ഉണ്ടായില്ല. കൊല്ലത്തും ആലപ്പുഴയിലും എൽഡിഎഫ് മുൻതൂക്കം തുടർന്നെങ്കിലും കയ്യിലിരുന്ന നിരവധി പഞ്ചായത്തുകൾ നഷ്ടമായി. കൊല്ലം ജില്ലയിൽ യുഡിഎഫ് ആദ്യമായി 24 പഞ്ചായത്തുകൾ പിടിച്ചു. എൽഡിഎഫിന് കിട്ടിയത് 37. ഒൻപതിടത്ത് തൂക്കുസമിതികളായിരുന്നു.

ആലപ്പുഴയിൽ എൽഡിഎഫിന് 37, യുഡിഎഫിന് 24 എന്നായിരുന്നു സീറ്റ് നില. പത്തെണ്ണം തൂക്കുസമിതികളായി വന്നു. പത്തനംതിട്ടയിൽ 29 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിന് കിട്ടിയത് 12 മാത്രം. 13 ഇടത്ത് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. കോട്ടയത്ത് യുഡിഎഫ് തേരോട്ടമായിരുന്നു. യുഡിഎഫ് 56 ഗ്രാമസഭകൾ പിടിച്ചപ്പോൾ എൽഡിഎഫിന് കിട്ടിയത് 9 മാത്രം. എട്ടെണ്ണത്തിൽ തൂക്കുസമിതികൾ. ഇടുക്കിയിൽ 40 എണ്ണം യുഡിഎഫിന്. എട്ടുമാത്രം എൽഡിഎഫിന്. എറാണാകുളത്ത് യുഡിഎഫ് 69 എൽഡിഎഫ് 6. തൃശൂരിൽ യുഡിഎഫ് 42 എൽഡിഎഫ് 28 തൂക്കുസമിതികൾ 17.

പാലക്കാട് എൽഡിഎഫ് ആധിപത്യം തുടർന്നു. എൽഡിഎഫ് 47, യുഡിഎഫ് 36. മലപ്പുറത്തെ യുഡിഎഫ് അങ്ങെടുത്തു. യുഡിഎഫ് 87, എൽഡിഎഫ് 8. കോഴിക്കോട്ട് യുഡിഎഫ് 37 എൽഡിഎഫ് 34 തൂക്കു സമിതികൾ 4. വയനാട്ടിൽ ഇരുപതും യുഡിഎഫ് പിടിച്ചു. കണ്ണൂരിൽ എൽഡിഎഫ് ആധിപത്യം തുടർന്നപ്പോഴും യുഡിഎഫ് 27 പഞ്ചായത്തുകളിൽ ഭരണം പിടിച്ചു. എൽഡിഎഫ് 53 പഞ്ചായത്തുകൾ ഭരിച്ചു. കാസർഗോഡ് എൽഡിഎഫും യുഡിഎഫും 13 ഗ്രാമപഞ്ചായത്തുകൾ വീതമാണ് പിടിച്ചത്. 2010 ആണ് ഇതുവരെയുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എൽഡിഎഫ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്.

SCROLL FOR NEXT