കൊല്ലം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശ്രദ്ധ നേടി 21 കാരികളായ രണ്ട് യുവ സ്ഥാനാർഥികൾ. കോൺഗ്രസ് സ്ഥാനാർഥികളായാണ് ഇരുവരും മത്സരിക്കുന്നത്. നിയമ വിദ്യാർഥികളായ ജയലക്ഷ്മിയും ആർച്ചയും കെഎസ്‌യുവിൻ്റെ സജീവ പ്രവർത്തകർ കൂടിയാണ്. 30 വർഷത്തെ ഇടത് ഭരണത്തെ താഴെയിറക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം.
പുതുമുഖങ്ങളെ അവതരിപ്പിക്കുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. വലിയൊരു ഉത്തരവാദിത്തമാണ് കോൺഗ്രസ് ഏൽപ്പിച്ചിരിക്കുന്നത്. കെഎസ്‍യുവിൽ പ്രവർത്തിച്ചിരുന്നെങ്കിൽ കൂടി, കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസിനായി മത്സരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ജയലക്ഷ്മി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ചെറിയ പേടിയുണ്ടെങ്കിലും, പാർട്ടിക്ക് വേണ്ടി വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നാണ് ജയലക്ഷ്മി പറയുന്നത്. യുവാക്കളാണ് മുന്നോട്ട് വരേണ്ടത്. നിയമവിദ്യാർഥിനി എന്ന നിലയ്ക്ക് ജനങ്ങളെ സഹായിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നെന്ന് ആർച്ചയും പറയുന്നു.