പാലക്കാട്: കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചബിജെപി നേതാക്കൾക്കെതിരെ കേസ്. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് കേസെടുത്തത്. ബിജെപിയുടെ നിലവിലെ കൗൺസിലർ ജയലക്ഷ്മിയാണ് ഒന്നാം പ്രതി. ജയലക്ഷ്മിക്കൊപ്പം പരാതിക്കാരനായ രമേശിൻ്റെ വീട്ടിലെത്തിയ ഗണേഷാണ് കേസിലെ രണ്ടാം പ്രതി.
യുഡിഎഫ് സ്ഥാനാർഥി രമേശ് ആരോപണമുന്നയിച്ച 46-ാം വാർഡ് ബിജെപി സ്ഥാനാർഥി എം.സുനിലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തൽ, വീട്ടിൽ അതിക്രമിച്ചു കയറൽ നിയമപ്രകാരമാണ് കേസ്.
അൻപതാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി രമേശിനെ ബിജെപി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥാനാർഥിത്വം പിൻവലിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു എന്നും പരാതിയിൽ പറയുന്നു. രമേശിൻ്റെയും കുടുംബാംഗങ്ങളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തത്.