Local Body Poll

ആനയെയും കടുവയെയും പേടിക്കണം... വിവരശേഖരണം ടോർച്ച് വെളിച്ചത്തിലും; എന്നാലും ശശിമലയിലെ ബിഎൽഒ അനുഷയ്ക്ക് കാര്യങ്ങൾ എളുപ്പമാണ്

നേരം പുലരുമ്പോഴും രാത്രിയിലുമാണ് വയനാട് പുൽപള്ളിയിലെ ബിഎൽഒ വോട്ടർമാരെ തേടി എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

വയനാട്: വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന് വോട്ടറെത്തേടി വീടുകളിലെത്തുന്ന ബിഎൽഒമാർ നിരവധി പ്രതിസന്ധികളാണ് നേരിടുന്നത്. എന്നാൽ പുൽപ്പള്ളി ശശിമലയിലെ ബിഎൽഒ അനുഷയ്ക്ക് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാണ്. നേരം പുലരുമ്പോഴും രാത്രിയിലുമാണ് വയനാട് പുൽപള്ളിയിലെ ബിഎൽഒ വോട്ടർമാരെ തേടി എത്തുന്നത്. ഗോത്ര വോട്ടർമാരെ കണ്ടെത്തി വിവര ശേഖരണം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ബിഎൽഒ അനുഷ.

ബുദ്ധിമുട്ടുകൾ പലതുണ്ടെങ്കിലും ആരെയും വിട്ടുപോകാതെ രാത്രിയും ഉന്നതികൾ സന്ദർശിച്ച് ജോലി പൂർത്തിയാക്കുന്ന തിരക്കിലാണ് ബിഎൽഒമാർ. പുൽപള്ളി പഞ്ചായത്തിലെ ചില വാർഡുകളിൽ പകുതിയിലധികം വോട്ടർമാരും വിവിധ ഉന്നതികളിലാണ്. ഇവരുടെ വിവരങ്ങൾ ലഭ്യമാകാൻ രാത്രിവരെ കാത്തിരിക്കണം. വനത്തിനുള്ളിലും വനാതിർത്തികളിലുമായുള്ള ഉന്നതികളിലെത്താൻ ആനയെയും കടുവയെയും പേടിക്കണം.

വനത്തിനു പുറത്തുള്ള ജനറൽ വീടുകളിൽ പകൽ പോയശേഷം രാത്രിയാണ് ബിഎൽഒമാർ ഉന്നതികളിലെത്തുന്നത്. വന്യമൃഗ ശല്യമുള്ള ഗോത്രമേഖലയിൽ രാത്രിയെത്തിയാൽ മാത്രമേ ആളുകളെ കാണാനും അപേക്ഷകൾ പൂരിപ്പിക്കാനും ചെയ്യാനും സാധിക്കുകയുള്ളൂ. ടോർച്ച് വെളിച്ചത്തിലാണ് വിവരശേഖരണവും ഫോറം പൂരിപ്പിക്കലും ഒക്കെ ചെയ്യുന്നത്.

എന്നാൽ വീട്ടിമൂല കൈരളി ലൈബ്രറിയും ഉദ്യോഗസ്ഥ കൂട്ടായ്മയും ചേർന്ന് പുൽപ്പള്ളിയിൽ എസ്ഐആർ ഹെൽപ് ഡെസ്ക്ക് ആരംഭിച്ചതോടെ ബിഎൽഒയുടെ പണി എളുപ്പമായി. വീടുകളിൽ പോയി ഫോം കൊടുക്കാനും പൂരിപ്പിക്കലും ഉൾപ്പെടെയുള്ള ജോലികൾ ചെയ്തു‌ കൊടുക്കും. വന്യമൃഗ ശല്യമുള്ള ഉന്നതികളിൽ ബിഎൽഒയ്ക്ക് തുണയായി ഇവരും ഇപ്പോൾ ഒപ്പമുണ്ട്.

SCROLL FOR NEXT