Local Body Poll

കൊച്ചി കോർപ്പറേഷനിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്; ആദ്യഘട്ട പട്ടികിയിൽ ദീപ്തി മേരി വർഗീസ്, ഷൈനി മാത്യു എന്നിവരടക്കം 22 വനിതകൾ

കോർപ്പറേഷനിലെ 40 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കൊച്ചി കോർപ്പറേഷനിലേക്ക് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോർപ്പറേഷനിലെ 40 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ദീപ്തി മേരി വർഗീസ്, ഷൈനി മാത്യു എന്നിവർ അടക്കം മൂന്ന് സ്ത്രീകൾ ജനറൽ സീറ്റിൽ മത്സരിക്കും. ആന്റണി കൂരിത്തറ, എം.ജി. അരിസ്റ്റോട്ടിൽ, ഷൈനി മാത്യു തുടങ്ങിയ പ്രമുഖരും ആദ്യ പട്ടികയിൽ ഉണ്ട്. കോർപ്പറേഷനിൽ എൽഡിഎഫിൻ്റെ സ്ഥാനാർഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകും.

40 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ്‌ പ്രഖ്യാപിച്ചത്. ഇതിൽ 22 പേർ വനിതകൾ ആണ്. ദീപ്തി മേരി വർഗീസ്, ശൈല തദേവൂസ്, ഷീന ഗോകുലൻ എന്നിവർ ആണ് ജനറൽ സീറ്റിൽ മത്സരിക്കുന്ന വനിതകൾ. കോർപ്പറേഷനിലെ നിലവിലെ പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറ ഇത്തവണ ഫോർട്ട്‌ കൊച്ചിയിൽ നിന്ന് മാറി ഐലൻഡ് നോർത്ത് ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. വനിത സംവരണ ഡിവിഷൻ ആയ ഫോർട്ട് കൊച്ചിയിൽ ഷൈനി മാത്യുവും മത്സരിക്കും. സിപിഐഎം വിട്ടുവന്ന മുൻ ലോക്കൽ സെക്രട്ടറി ചന്ദ്രൻ വൈറ്റിലയിൽ സ്വതന്ത്രനായി മത്സരിക്കും. 76 ഡിവിഷനുള്ള കൊച്ചി കോർപ്പറേഷനിൽ 65 സീറ്റിലേക്കാണ് കോൺഗ്രസ്‌ മത്സരിക്കുന്നത്. അടുത്ത 25 സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും മേയറെ തെരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കൂ എന്നും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

100% വിജയ സാധ്യതയുള്ള സ്ഥാനാർഥികളെയാണ് കൊച്ചി കോർപ്പറേഷനിൽ പ്രഖ്യാപിച്ചത് എന്ന് എറണാകുളം എംഎൽഎയും മുൻ ഡെപ്യൂട്ടി മേയറും ആയ ടി.ജെ. വിനോദ് പറഞ്ഞു. ഇത്തവണ വിമതരുടെ ശല്യം ഉണ്ടാകാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മുൻമേയർ ടോണി ചമ്മിണിയും വ്യക്തമാക്കി. അതിനിടെ കൊച്ചി കോർപ്പറേഷനിൽ ഇടതുപക്ഷം വോട്ട് ചോരി നടത്തുകയാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു. വടുതല ഈസ്റ്റ് ഡിവിഷനിൽ വ്യാജ രേഖകൾ ഉപയോഗിച്ച് വോട്ട് ചേർത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി. അതിനിടെ ജില്ലയിലെ സിപിഐഎം പ്രവർത്തക ഷീബ സന്തോഷും കുടുംബവും സുഹൃത്തുക്കളും പാർട്ടിയിൽ നിന്നും രാജി വെച്ച് കോൺഗ്രസിൽ ചേർന്നു. നായരമ്പലം കുടുംബശ്രീ സിഡിഎസിൽ ഓഡിറ്റിൽ കണ്ടെത്തിയ 21 ലക്ഷം രൂപയുടെ കൊള്ളയിൽ പ്രതിഷേധിച്ചാണ് രാജി. ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയ സിപിഐഎം ഉടൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തും.

SCROLL FOR NEXT