Local Body Poll

തദ്ദേശപ്പോര്: വിജയപ്രതീക്ഷ മാത്രം, യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് സണ്ണി ജോസഫ്; പ്രതാപം വീണ്ടെടുക്കുമെന്ന് ചെന്നിത്തല

യുഡിഎഫ് പൂർണ വിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺ​ഗ്രസ്. 22 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. സ്ഥാനാർഥി നിർണയത്തിൽ 49 സീറ്റുകളിൽ ഘടകകക്ഷികളുമായി ചർച്ച പൂർത്തിയാക്കിയതായും രമേശ് ചെന്നിത്തല പറ‍ഞ്ഞു. 50 വർഷത്തെ അഴിമതി ഭരണത്തെ ഇല്ലാതാക്കാനും കോഴിക്കോടിൻ്റെ പ്രതാപം വീണ്ടെടുക്കാനും ജനങ്ങൾ തീരുമാനിക്കും. യുഡിഎഫ് തിരിച്ചു വരുമെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പാർട്ടിയും ഐക്യ ജനാധിപത്യമുന്നണിയും ഒരുങ്ങിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. മഹാഭൂരിപക്ഷം സീറ്റുകളിലും ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇതിനായി മിഷൻ 2025 എന്ന പ്രവർത്തന പരിപാടിക്ക് നേരത്തെ രൂപം നൽകിയിരുന്നു. അതിന്റെ ഭാഗമായി എല്ലാ കാര്യങ്ങളും കൃത്യമായി നടത്തി. ബൂത്ത് കമ്മിറ്റി രൂപീകരണങ്ങൾ ഉൾപ്പെടെ നടത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ചു ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എല്ലാ പഞ്ചായത്തുകൾക്കും അനുവദിക്കേണ്ട വികസന ഫണ്ട് അനുവദിച്ചില്ല. ഞങ്ങൾ ജനങ്ങളുടെ മുന്നിൽ വികസന രേഖകൾ വച്ചിട്ടുണ്ട്. വിജയപ്രതീക്ഷ മാത്രമാണുള്ളത്. കോൺഗ്രസ് സ്ഥാനാർഥികളെ ഉൾപ്പെടെ നേരത്തെ പ്രഖ്യാപിച്ചു. നല്ല സ്ഥാനാർഥികളെയാണ് കണ്ടെത്തിയത്. കോൺഗ്രസിന്റെ സ്ഥാനാർഥികളെ വാർഡ് കമ്മിറ്റികളാണ് കണ്ടെത്തിയത്. ഐക്യത്തോടെ കെട്ടുറപ്പോടെയും പ്രവർത്തിക്കും, സണ്ണി ജോസഫ്.

യുഡിഎഫ് പൂർണ വിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. തീരുമാനങ്ങൾ കാലേകൂട്ടി നിറവേറ്റാൻ സാധിച്ചു. ഇടതുപക്ഷത്തിന്റെ തെറ്റായ പ്രവർത്തനങ്ങൾ വിലയിരുത്തികൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വരും തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ ചിത്രം ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.

SCROLL FOR NEXT