കോഴിക്കോട്: കോർപ്പറേഷനിലെ സ്ഥാനാർഥി നിർണയത്തിലും കോൺഗ്രസിൽ അതൃപ്തി. ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ചാലപ്പുറം മണ്ഡലം പ്രസിഡന്റ് പി. അയൂബ് ഉൾപ്പെടെ 16 പ്രാദേശിക നേതാക്കൾ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവച്ചു. ചാലപ്പുറം ഡിവിഷൻ സിഎംപിക്ക് നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി. ഇതിനിടെ സിഎംപി സ്ഥാനാർഥി വി. സജീവ് വാർഡിൽ പ്രചരണം ആരംഭിച്ചു.
ചാലപ്പുറം ഡിവിഷൻ സിഎംപിക്ക് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ച ഘട്ടത്തിൽ തന്നെ പ്രാദേശിക കോൺഗ്രസ് നേതൃത്വം എതിർപ്പ് അറിയിച്ചിരുന്നു. കാലങ്ങളായി കോൺഗ്രസ് മത്സരിച്ച് വന്നിരുന്ന സീറ്റ് കോൺഗ്രസിന് തന്നെ നൽകണം എന്നതാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇന്നലെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നതിനിടെ കോഴിക്കോട് ഡിസിസി ഓഫീസിൽ എത്തി ചാലപ്പുറം മണ്ഡലം പ്രസിഡന്റ് പി. അയൂബ് ഉൾപ്പെടെയുള്ളവർ പ്രതിഷേധം അറിയിച്ചു. രാജി ഭീഷണി മുഴക്കിയായിരുന്നു പ്രതിഷേധം.
നേതൃത്വം ഇടപെട്ട് പ്രശ്നപരിഹാരം കാണുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല. ജില്ലാ നേതൃത്വം ധിക്കാരപരമായാണ് പെരുമാറിയത്. നേതൃത്വത്തിന്റെ തീരുമാനങ്ങളെ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നും അയൂബ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇതിനിടെ ചാലപ്പുറത്തെ സിഎംപി സ്ഥാനാർഥി വി. സജീവ് പ്രചരണം ആരംഭിച്ചു. പ്രധാനപ്പെട്ട ആളുകളെ വീടുകളിൽ എത്തി നേരിൽ കണ്ട് വോട്ട് ഉറപ്പിച്ചാണ് ആദ്യ ഘട്ട പ്രചരണം. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് യുഡിഎഫ് നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നാണ് പ്രതീക്ഷ എന്ന് സിഎംപി സ്ഥാനാർഥി വി. സജീവ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
മണ്ഡലം പ്രസിഡന്റ് അയൂബ് ഉൾപ്പെടെ 16 പേരാണ് കോൺഗ്രസ് പാർട്ടിയിലെ ഔദ്യോഗിക ഭാരവാഹിത്വങ്ങൾ രാജിവച്ചത്. വിമത സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിനെപ്പറ്റി ചർച്ച തുടരുകയാണ്. യുഡിഎഫ് സ്ഥാനാർഥിക്കായി പ്രചരണത്തിന് ഇറങ്ങേണ്ടതില്ല എന്നാണ് അയൂബ് വിഭാഗത്തിന്റെ തീരുമാനം.