കോഴിക്കോട്: കോർപ്പറേഷൻ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഇടഞ്ഞ് കോൺഗ്രസ് പ്രാദേശിക നേതൃത്വം. ഇഷ്ടക്കാരെ തിരുകികയറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് പന്നിയങ്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ ഭാരവാഹി ആരോപിച്ചു. കോർപ്പറേഷന്റെ ചുമതല ഉണ്ടായിരുന്ന രമേശ് ചെന്നിത്തലയെ പോലും ഇരുട്ടിൽ നിർത്തിയ സ്ഥാനാർഥി നിർണയമാണ് നടന്നത്. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് പോരാടുമെന്നും പ്രതിഷേധം അറിയിക്കുമെന്നും സക്കറിയ പള്ളിക്കണ്ടി പറഞ്ഞു.
മീഞ്ചന്ത വാർഡിൽ മത്സരിക്കാൻ സക്കറിയ താല്പര്യം അറിയിച്ചിരുന്നു. എന്നാൽ നേതൃത്വം അവസരം നൽകിയില്ല. മുൻ കൗൺസിലർ അബൂബക്കർ ആണ് മീഞ്ചന്തയിൽ മത്സരിക്കുന്നത്. സീറ്റ് നിഷേധിക്കുന്നത് സാധാരണ പ്രവർത്തകരോട് കാണിക്കുന്ന അനീതിയാണെന്നും സക്കറിയ പള്ളിക്കണ്ടി പറഞ്ഞു. സീറ്റ് നിഷേധത്തിന്റെ പേരിൽ പാർട്ടി വിടില്ലെന്നും പാർട്ടിക്കുള്ളിൽ നിന്ന് പോരാടുമെന്നുമാണ് സക്കറിയ പറയുന്നത്.