മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പൊന്മുണ്ടം പഞ്ചായത്തിൽ യുഡിഎഫിന് തിരിച്ചടിയായി കോൺഗ്രസ്-മുസ്ലീം ലീഗ് തർക്കം. ലീഗ് ഭരിക്കുന്ന ഭരണസമിതിക്കെതിരെ പദയാത്ര നടത്തിയാണ് കോൺഗ്രസ് പ്രചാരണം തുടങ്ങിയത്. സിപിഐഎമ്മുമായി ചേർന്ന് ജനകീയ മുന്നണി രൂപീകരിച്ച് മത്സരിക്കാൻ ആണ് നീക്കം.
വർഷങ്ങൾക്ക് മുൻപേ കോൺഗ്രസ് -ലീഗ് സഖ്യം തകർന്ന പൊന്മുണ്ടം പഞ്ചായത്തിൽ കോൺഗ്രസ് ജാഥ നടത്തുന്നത് ലീഗിന്റെ പഞ്ചായത്ത് ഭരണത്തിനെതിരെയാണ്.
യുഡിഎഫിന് പുറത്തുള്ള ഒരു പാർട്ടിയുമായും കൂട്ടുകൂടില്ലെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടെങ്കിലും പൊൻമുണ്ടയിൽ അങ്ങനെ അല്ല. ജനകീയ ബദലിന് ആവശ്യമായത് ചെയ്യുന്നുണ്ടെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.
മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ലീഗ്. എല്ലാ വാർഡിലേക്കും ജനകീയ മുന്നണി സ്ഥാനാർഥികളെ കണ്ടെത്തി ലീഗിനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ് .